സൗദിക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണം; വിവിധ രാഷ്ട്രങ്ങൾ ശക്തമായി അപലപിച്ചു

ഇറാക്കില്‍ നിന്നും എത്തിയ മൂന്ന് ഡ്രോണുകളാണ് ഞായറാഴ്ച രാവിലെ സൗദി വ്യോമ പാതയില്‍ കടന്നു കയറി ആക്രമണത്തിന് ശ്രമിച്ചത്

സൗദിക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണം; വിവിധ രാഷ്ട്രങ്ങൾ ശക്തമായി അപലപിച്ചു
dot image

സൗദിക്ക് നേരെ കഴിഞ്ഞ ദിവസം നടന്ന ഡ്രോണ്‍ ആക്രമണ ശ്രമത്തെ വിവിധ രാഷ്ട്രങ്ങള്‍ ശക്തമായി അപലപിച്ചു. സൗദിയുടെ പരമാധികാരത്തിന് നേരെയുള്ള കടന്നു കയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനവുമാണ് ഇതെന്ന് വിവിധ രാജ്യങ്ങള്‍ അഭിപ്രായപ്പെട്ടു. അതേസമയം ആക്രമണവുമായി ബന്ധപ്പെട്ട് പക്കലുള്ള തെളിവുകളും വിവരങ്ങളും കൈമാറാന്‍ ഇറാഖ് സൗദിയോട് അഭ്യര്‍ത്ഥിച്ചു. ഇറാന്റെ പിന്തുണയോടെ ഇറാഖില്‍ പ്രവര്‍ത്തിക്കുന്ന സായുധ സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം.

ഇറാക്കില്‍ നിന്നും എത്തിയ മൂന്ന് ഡ്രോണുകളാണ് ഞായറാഴ്ച രാവിലെ സൗദി വ്യോമ പാതയില്‍ കടന്നു കയറി ആക്രമണത്തിന് ശ്രമിച്ചത്. എന്നാല്‍ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇതിനെ ശക്തമായി പ്രതിരോധിക്കാന്‍ സൗദി അറേബ്യക്ക് കഴിഞ്ഞു. ഇതിന് പിന്നാലെ ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചിരിക്കുകയാണ് വിവിധ രാജ്യങ്ങള്‍. യുഎഇ, ഖത്തര്‍, ബഹ്‌റൈന്‍, കുവൈറ്റ്, ഒമാന്‍ ഉള്‍പ്പെടെയുള്ള ജിസിസി രാഷ്ട്രങ്ങള്‍ക്ക് പുറമെ വിവിധ അറബ് രാജ്യങ്ങളും അറബ് ലീഗ് ഉള്‍പ്പെടെയുള്ള ആഗോള സംഘടനകളും ആക്രമണത്തിനെതിരെ രംഗത്ത് എത്തി.

സൗദിയുടെ പരമാധികാരത്തിന് നേരെയുള്ള കടന്നു കയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനവുമാണ് ആക്രമണമെന്ന് നേതാക്കള്‍ അഭിപ്രായപ്പെടുകയും സൗദിക്ക് പൂര്‍ണ്ണ ഐക്യ ദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്തു. അതേസമയം ഇറാഖ് വിദേശ കാര്യ മന്ത്രാലയവും സംഭവത്തെ അപലപിച്ച് പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്. സഹോദര രാഷ്ട്രങ്ങള്‍ക്കെതിരായി നടക്കുന്ന ഏതൊരു ആക്രമണത്തിനും എതിരായുള്ള ഇറാഖിന്റെ ഉറച്ച നിലപാടും മന്ത്രാലയം ആവര്‍ത്തിച്ചു.

ഡ്രോണ്‍ ആക്രമണങ്ങളെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങള്‍ ലഭിച്ചതായും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഇറാഖ് വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി. സംഭവത്തെ കുറിച്ചുള്ള സാഹചര്യങ്ങള്‍ നിര്‍ണയിക്കാന്‍ ആവശ്യമായ പരിശോധനകളും അന്വേഷണ നടപടിക്രമങ്ങളും ബന്ധപ്പെട്ട അധികാരികള്‍ ആരംഭിച്ചു. ഇരുരാഷ്ട്രങ്ങളുടെയും സുരക്ഷയും സ്ഥിരതയും മുന്‍ നിര്‍ത്തി പ്രസക്തമായ വിവരങ്ങള്‍ കൈമാറാനും അന്വേഷണത്തോട് സഹകരിക്കുവാനും ഇറാഖ് വിദേശകാര്യ മന്ത്രാലയം സൗദി ഭരണകൂടത്തോട് അഭ്യര്‍ത്ഥിച്ചു.

Content Highlights: The recent drone attack targeting Saudi Arabia has drawn widespread international condemnation. Several countries expressed support for Saudi Arabia and stressed the importance of maintaining peace and security in the region.

dot image
To advertise here,contact us
dot image