

വിഷൻ 2030ന്റെ ഭാഗമായുള്ള ചില പ്രൊജക്റ്റുകൾ റദ്ദാക്കാൻ സൗദി അറേബ്യ. നിർമാണ പ്രവർത്തനങ്ങളുടെ വലിയ ചിലവാണ് പദ്ധതി റദ്ദാക്കാനുള്ള തീരുമാനത്തിന് പിന്നിലെന്ന് മുഹമ്മദ് അൽ-ജദാൻ പറഞ്ഞു. ആത്മാഭിമാനത്തിന്റെ പേരിൽ ചിലവേറിയ പദ്ധതികളുമായി മുന്നോട്ടുപോകാൻ കഴിയില്ലെന്നാണ് അൽ-ജദാന്റെ വാക്കുകൾ. ക്രൂഡ് ഓയിൽ വിലയിലെ ഇടിവാണ് പദ്ധതികളിൽ നിന്ന് പിന്മാറുന്നതിന് കാരണമായതെന്നാണ് സൂചന.
'ഞങ്ങൾക്ക് ഈഗോയില്ല, ഒട്ടും ഈഗോയില്ല. ഒരു പദ്ധതി പ്രഖ്യാപിക്കുകയും അതിൽ മാറ്റങ്ങൾ വരുത്തുകയോ, അതിനേക്കാൾ മറ്റ് പദ്ധതികൾ വേഗത്തിലേക്കേണ്ടി വരികയോ, അല്ലെങ്കിൽ പദ്ധതി മാറ്റിവെയ്ക്കേണ്ടി വരികയോ, റദ്ദാക്കേണ്ടി വരികയോ ചെയ്താൽ, ഒട്ടും മടിക്കാതെ തന്നെ ഞങ്ങൾ അത് ചെയ്യും.' റിയാദിൽ നടന്ന വാർത്താസമ്മേളനത്തിൽ മുഹമ്മദ് അൽ-ജദാൻ പറഞ്ഞു. പ്രൊജക്റ്റുകൾ റദ്ദാക്കുമ്പോൾ മറ്റ് പദ്ധതികൾക്ക് കൂടുതൽ ബജറ്റ് നൽകാനാണ് ഉദ്ദേശിക്കുന്നതെന്ന് അൽ-ജദാൻ കൂട്ടിച്ചേർത്തു.
സൗദി അറേബ്യ അടുത്തിടെ പുറത്തിറക്കിയ 2026-ലെ ബജറ്റ് പ്രസ്താവനയുമായി യോജിച്ച് പോകുകയാണ് പദ്ധതികൾ റദ്ദാക്കുന്നതിലൂടെ ധനകാര്യ മന്ത്രാലയം ലക്ഷ്യമിടുന്നത്. ക്രൂഡ് ഓയിൽ വില കുറയുന്നതും എല്ലാ പദ്ധതികൾക്കായും ധനസഹായം നൽകുക ബുദ്ധിമുട്ടായതും പദ്ധതിയിൽ നിന്ന് പിന്മാറുന്നതിനുള്ള കാരണമാണ്. ചില പദ്ധതികളിൽ നിന്ന് പിന്മാറുമ്പോൾ മറ്റ് പ്രോജക്റ്റുകൾക്കായി ആ തുക ചിലവഴിക്കാനും സൗദി ലക്ഷ്യമിടുന്നുണ്ട്.
സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ച പദ്ധതിയിൽ മരുഭൂമിയിലെ സ്കീ സ്ലോപ്പുകൾ മുതൽ ഗെയിമിംഗ് സിറ്റികൾ വരെയുള്ള ഡസൻ കണക്കിന് പ്രോജക്റ്റുകൾ ഉൾപ്പെടുന്നു. ഈ പദ്ധതികളുടെ നിർമാണവുമായി ബന്ധപ്പെട്ട് നിരവധി അവലോകനം നടന്നിരുന്നെങ്കിലും പദ്ധതി ഏതെങ്കിലും റദ്ദാക്കുന്നതിനെക്കുറിച്ച് ഇതുവരെ തീരുമാനമായിരുന്നില്ല. പദ്ധതികൾക്ക് കാലതാമസം വരുത്തുകയോ നിർമാണത്തിന്റെ വലിപ്പം കുറയ്ക്കുകയോ ആണ് ഇതുവരെ ആലോചനയിലുണ്ടായിരുന്നത്.
Content Highlights: Is Saudi Arabia backing away from major projects? The setback came from the drop in crude oil prices