പ്രാദേശിക ഉൽപ്പനങ്ങളുടെ സംരക്ഷണം ലക്ഷ്യം; പുതിയ നിയമം നടപ്പാക്കാൻ സൗദി അറേബ്യ

നിയമം ലംഘിക്കുന്നവര്‍ക്ക് ഒരു മാസം മുതല്‍ മൂന്ന് വര്‍ഷം വരെ തടവും 10 ലക്ഷം റിയാല്‍ വരെ പിഴയുമാണ് ശിക്ഷ

പ്രാദേശിക ഉൽപ്പനങ്ങളുടെ സംരക്ഷണം ലക്ഷ്യം; പുതിയ നിയമം നടപ്പാക്കാൻ സൗദി അറേബ്യ
dot image

സൗദി അറേബ്യയില്‍ തനത് പ്രാദേശിക ഉല്‍പ്പന്നങ്ങളുടെ സംരക്ഷണത്തിനായി പുതിയ നിയമം നടപ്പിലാക്കുന്നു. ഡ്രൈ ഫ്രൂട്‌സ് ഉള്‍പ്പെടെയുള്ള പ്രദേശിക ഉള്‍പ്പന്നങ്ങള്‍ വ്യാജമായി നിര്‍മിച്ച് ജനങ്ങളെ കബളിപ്പിക്കുന്നത് തടയുകയാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. നിയമ ലംഘകര്‍ക്ക് തടവ് ശിക്ഷയും പത്ത് ലക്ഷം റിയാല്‍ വരെ പിഴയുമാണ് ശിക്ഷ.

സൗദി അറേബ്യയുടെ തനത് പ്രാദേശിക ഉള്‍പ്പന്നങ്ങള്‍ എന്ന പേരില്‍ വ്യാജ ലേബലുകള്‍ ഉള്‍പ്പെടെ പതിപ്പിച്ച് വില്‍പ്പന നടത്തുന്ന പ്രവണത വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങള്‍ ഉത്പ്പാദിപ്പിക്കുന്ന വസ്തുക്കളുടെ ആധികാരികത, വിപണി മൂല്യം എന്നിവ സംരക്ഷിക്കുന്നതിനൊപ്പം ഉപഭോക്താക്കളെ കബളിപ്പിക്കുന്നത് തടയുക എന്നതുകൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സൗദി ഈത്തപ്പഴം, നജ്റാന്‍ തേന്‍,തായിഫ് റോസാപ്പൂക്കള്‍, തുടങ്ങിയ പ്രത്യേക ഐഡന്റിറ്റിയുള്ള പ്രദേശിക ഉള്‍പ്പന്നങ്ങള്‍ അനധികൃതമായ ഉപയോഗത്തില്‍ നിന്നും വ്യാജനിര്‍മാണത്തില്‍ നിന്നും സംരക്ഷിക്കുന്നതിനുളള വ്യവസ്ഥകളും പുതിയ നിയമത്തിലുണ്ട്.

ഉല്‍പ്പന്നങ്ങളില്‍ ഭൂമിശാസ്ത്രപരമായ സൂചനകള്‍ തെറ്റായി ഉപയോഗിക്കുക, വ്യാജമായി നിര്‍മിക്കുക, ആവശ്യമായ നിലവാരം പാലിക്കാത്ത വസ്തുക്കളെ പ്രാദേശിക ഉല്‍പ്പന്നം എന്ന പേരില്‍ അവതരിപ്പിക്കുക, തെറ്റിദ്ധരിപ്പിക്കുന്ന പാക്കേജിംഗ്, ലേബലിംഗ്, പരസ്യം എന്നിവയെല്ലാം ഗുരുതരമായ കുറ്റമാണെന്ന് നിയമം വ്യക്തമാക്കുന്നു. നിയമം ലംഘിക്കുന്നവര്‍ക്ക് ഒരു മാസം മുതല്‍ മൂന്ന് വര്‍ഷം വരെ തടവും 10 ലക്ഷം റിയാല്‍ വരെ പിഴയുമാണ് ശിക്ഷ. കുറ്റകൃത്യം ആവര്‍ത്തിച്ചാല്‍ ഇരട്ടിപ്പിഴ ഈടാക്കും. ഇതിന് പുറമെ സ്ഥാപനം അടച്ചുപൂട്ടുന്നത് അടക്കമുളള നടപടികളും സ്വീകരിക്കും. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച് 180 ദിവസത്തിനുള്ളില്‍ നിയമം പ്രാബല്യത്തില്‍ വരും.

പുതിയ നിയമം നിലവില്‍ വന്നുകഴിഞ്ഞാല്‍ കുറ്റക്കാര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നിയമ ലംഘകര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ കോടതികള്‍ക്കും പുതിയ നിയമം അധികാരം നല്‍കുന്നുണ്ട്. കുറ്റവാളിയുടെ ചെലവില്‍ വ്യാജ ഉല്‍പ്പന്നങ്ങളും അവ നിര്‍മിക്കാനുപയോഗിക്കുന്ന ഉപകരണങ്ങളും കണ്ടുകെട്ടി നശിപ്പിക്കുന്നതിന് കോടതിക്ക് ഉത്തരവിടാമെന്നും നിയമത്തില്‍ വ്യക്തമാക്കുന്നു.

Content Highlights: Saudi Arabia introduces strict new law to protect local products

dot image
To advertise here,contact us
dot image