

സൗദി അറേബ്യയിൽ ഒക്ടോബർ മാസത്തെ വാർഷിക പണപ്പെരുപ്പ നിരക്ക് (ഉപഭോക്തൃ വില സൂചിക - CPI) 1.7 ശതമാനമായി രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഒക്ടോബറിനെ അപേക്ഷിച്ചുള്ള കണക്കാണിത്. സൗദി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് (GASTAT) പുറത്തുവിട്ട പുതിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. വീട്ടുവാടക, വൈദ്യുതി, വെള്ളം, ഗ്യാസ്, ഇന്ധനം എന്നിവയുടെ നിരക്കിലുണ്ടായ 3.5 ശതമാനം വർദ്ധനവാണ് പണപ്പെരുപ്പം ഉയരാൻ പ്രധാന കാരണമായത്. ഇതിനുപുറമെ ഭക്ഷ്യ-പാനീയ മേഖലയിൽ 1.1 ശതമാനവും ഗതാഗത മേഖലയിൽ 2.3 ശതമാനവും വില വർദ്ധിച്ചു.
ഉപഭോക്തൃ ചെലവുകൾ പരിശോധിക്കുമ്പോൾ, വീട്ടുവാടകയിൽ മാത്രം 3.5 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇൻഷുറൻസ് സേവന നിരക്കുകൾ 6.5 ശതമാനം ഉയർന്നതോടെ ഇൻഷുറൻസ്, സാമ്പത്തിക സേവന മേഖലയിലും 3.5 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ഹോളിഡേ പാക്കേജുകളുടെ നിരക്ക് 4.6 ശതമാനം കൂടിയതിനാൽ വിനോദം, കായികം, സാംസ്കാരിക മേഖലകളിൽ 2.7 ശതമാനം വില വർദ്ധിച്ചു. യാത്രാ ഗതാഗത സേവന നിരക്കുകളിൽ 9.5 ശതമാനത്തിന്റെ വലിയ വർദ്ധനവാണ് ഉണ്ടായത്. അതേസമയം, ഫർണിച്ചറുകളും ഗൃഹോപകരണങ്ങളും അടങ്ങുന്ന വിഭാഗത്തിൽ 0.5 ശതമാനവും വസ്ത്രങ്ങൾ, പാദരക്ഷകൾ എന്നിവയിൽ 0.2 ശതമാനവും വില കുറഞ്ഞത് സാധാരണക്കാർക്ക് ആശ്വാസമായി.
വാർഷിക പണപ്പെരുപ്പ നിരക്കിലേക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകിയത് പാർപ്പിടം, വെള്ളം, വൈദ്യുതി, ഇന്ധനം എന്നീ വിഭാഗങ്ങളാണ് (0.7 ശതമാനം പോയിന്റ്). ഗതാഗത മേഖല 0.3 ശതമാനവും ഭക്ഷ്യ-പാനീയ മേഖല 0.2 ശതമാനവും ഇതിൽ പങ്കുവഹിച്ചു. സെപ്റ്റംബർ മാസവുമായി താരതമ്യം ചെയ്യുമ്പോൾ ഒക്ടോബറിലെ പ്രതിമാസ ഉപഭോക്തൃ വില സൂചികയിൽ 0.1 ശതമാനത്തിന്റെ നേരിയ വർദ്ധനവ് മാത്രമാണ് ഉണ്ടായത്. ഇൻഷുറൻസ്-സാമ്പത്തിക സേവനങ്ങൾ (1.5 ശതമാനം), വീട്ടുവാടക (0.4 ശതമാനം), വസ്ത്രങ്ങൾ-പാദരക്ഷകൾ (0.4 ശതമാനം), ഭക്ഷ്യ-പാനീയങ്ങൾ (0.2 ശതമാനം), ആരോഗ്യം (0.2 ശതമാനം) എന്നിവയിലുണ്ടായ നേരിയ വർദ്ധനവാണ് ഇതിന് കാരണം. എന്നാൽ വ്യക്തിഗത പരിചരണ ഉത്പ്പന്നങ്ങളുടെ വിലയിൽ പ്രതിമാസ അടിസ്ഥാനത്തിൽ 0.6 ശതമാനം കുറവുണ്ടായി. ഗതാഗതം, ഹോട്ടൽ-താമസ സൗകര്യങ്ങൾ, വിദ്യാഭ്യാസം എന്നീ മേഖലകളിൽ നിരക്കുകൾ മാറ്റമില്ലാതെ തുടർന്നു.
അതേസമയം, സൗദിയിലെ മൊത്തവില സൂചിക ഒക്ടോബറിൽ വാർഷികാടിസ്ഥാനത്തിൽ 4.5 ശതമാനം വർദ്ധിച്ചു. അടിസ്ഥാന രാസവസ്തുക്കളുടെ വിലയിലുണ്ടായ 24.2 ശതമാനം വർദ്ധനവും ശുദ്ധീകരിച്ച പെട്രോളിയം ഉത്പ്പന്നങ്ങളുടെ വിലയിലുണ്ടായ 5.5 ശതമാനം വർദ്ധനവുമാണ് മൊത്തവില സൂചിക ഉയർത്തിയത്. കാർഷിക-മത്സ്യബന്ധന ഉത്പ്പന്നങ്ങളുടെ വില 4.1 ശതമാനവും ഭക്ഷ്യ-പാനീയ, പുകയില, തുണിത്തരങ്ങളുടെ വില 1.6 ശതമാനവും വർദ്ധിച്ചു. എന്നാൽ ലോഹ ഉത്പ്പന്നങ്ങൾ, യന്ത്രസാമഗ്രികൾ എന്നിവയുടെ വിലയിൽ 0.3 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. സെപ്റ്റംബറിനെ അപേക്ഷിച്ച് ഒക്ടോബറിൽ മൊത്തവില സൂചികയിൽ 1.1 ശതമാനത്തിന്റെ പ്രതിമാസ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
Content Highlights: