പ്രവാസി ഇൻഷുറൻസ് പ്രീമിയം വർദ്ധനവ്; തീരുമാനം പുനഃപരിശോധിക്കണമെന്ന് സർക്കാരിനോട് ഖത്തർ ഐഎംസിസി

നിത്യജീവിത ചെലവുകൾ പോലും താങ്ങാനാവാതെ ബുദ്ധിമുട്ടുന്ന പ്രവാസികൾക്ക് മേൽ അധിക സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി

പ്രവാസി ഇൻഷുറൻസ് പ്രീമിയം വർദ്ധനവ്; തീരുമാനം പുനഃപരിശോധിക്കണമെന്ന് സർക്കാരിനോട് ഖത്തർ ഐഎംസിസി
dot image

കേരള സർക്കാർ പ്രവാസി ക്ഷേമനിധി ബോർഡ് വഴി നടപ്പാക്കുന്ന ഇൻഷുറൻസ് പദ്ധതികളുടെ പ്രീമിയം തുക വർദ്ധിപ്പിച്ച നടപടി അടിയന്തരമായി പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി ഖത്തർ ഐഎംസിസി. പ്രീമിയം വർദ്ധനവ് പിൻവലിക്കണമെന്ന് ചൂണ്ടിക്കാട്ടി സംഘടന മുഖ്യമന്ത്രി വിഡി സതീശന് ഇ-മെയിൽ വഴി നിവേദനം അയച്ചു.

ഗൾഫ് രാജ്യങ്ങളിൽ നിലനിൽക്കുന്ന സാമ്പത്തിക മാന്ദ്യവും തൊഴിൽ മേഖലയിലെ പ്രതിസന്ധികളും കാരണം പ്രവാസികൾ കടുത്ത ബുദ്ധിമുട്ടിലൂടെയാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തിൽ പ്രീമിയം തുക കൂട്ടിയത് സാധാരണക്കാരായ തൊഴിലാളികൾക്ക് വലിയ തിരിച്ചടിയാണെന്ന് ഐഎംസിസി വ്യക്തമാക്കി. കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്ന വലിയൊരു വിഭാഗം ആളുകളെയാണ് ഈ തീരുമാനം ഏറ്റവും കൂടുതൽ ബാധിക്കുന്നത്.

നിത്യജീവിത ചെലവുകൾ പോലും താങ്ങാനാവാതെ ബുദ്ധിമുട്ടുന്ന പ്രവാസികൾക്ക് മേൽ അധിക സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. അതിനാൽ പ്രവാസികളുടെ പ്രയാസങ്ങൾ കണക്കിലെടുത്ത് തീരുമാനത്തിൽ നിന്ന് സർക്കാർ എത്രയും വേഗം പിന്തിരിയണമെന്ന് സംഘടന ആവശ്യപ്പെട്ടു.

Also Read:

നേരത്തെ ബഹ്റൈൻ പ്രതിഭയും നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയത്തിലെ അന്യായമായ വർധന പിൻവലിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പ്രവാസികളുടെയും കുടുംബങ്ങളുടെയും ചികിത്സാസുരക്ഷ ലക്ഷ്യമിട്ട് മുൻ ഇടതുപക്ഷ സർക്കാർ കൊണ്ടുവന്ന ക്ഷേമപദ്ധതിയെ സ്വകാര്യ ഇൻഷുറൻസ് കമ്പനികളെ സഹായിക്കാനായി നിലവിലെ യുഡിഎഫ് സർക്കാർ അട്ടിമറിക്കുകയാണെന്ന് പ്രസ്താവനയിൽ പ്രതിഭ ആരോപിച്ചു.

സാധാരണക്കാരായ പ്രവാസികൾക്ക് താങ്ങാനാവുന്ന പ്രീമിയത്തിൽ ചികിത്സാസൗകര്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് നോർക്ക കെയർ ആരംഭിച്ചത്. സർക്കാരിന്റെ ഈ ക്ഷേമപദ്ധതിയിൽ വിശ്വസിച്ച് നിരവധി പ്രവാസികളാണ് തങ്ങളുടെ പഴയ സ്വകാര്യ ഇൻഷുറൻസ് പോളിസികൾ ഉപേക്ഷിച്ച് ഇതിൽ അംഗങ്ങളായത്. എന്നാൽ പുതിയ നിരക്ക് വർധനവോടെ പഴയ പോളിസിയിലേക്ക് തിരികെ പോകാൻ സാധിക്കാതെയും നോർക്കയുടെ ഉയർന്ന തുക അടയ്ക്കാനാകാതെയും ഇവർ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്.

പുറത്തുവന്ന നിരക്കുകൾ പ്രകാരം അഞ്ചുലക്ഷം രൂപയുടെ വ്യക്തിഗത ഇൻഷുറൻസിന് പ്രായപരിധി അനുസരിച്ച് നിരക്ക് കുത്തനെ കൂട്ടിയിട്ടുണ്ട്. 51 മുതൽ 60 വരെയുള്ള പ്രായക്കാർക്ക് 21,722 രൂപയും 61-70 പ്രായക്കാർക്ക് 28,326 രൂപയും 71-80 പ്രായക്കാർക്ക് 48,279 രൂപയുമാണ് പുതിയ നിരക്ക്. കുടുംബ ഇൻഷുറൻസ് പദ്ധതിയിൽ ഇതേ പ്രായവിഭാഗത്തിലുള്ളവർക്ക് യഥാക്രമം 35,664 രൂപ, 44,718 രൂപ, 77,773 രൂപ എന്നിങ്ങനെയാണ് തുക നൽകേണ്ടി വരുന്നത്. കുറഞ്ഞ വരുമാനക്കാർക്കും വിരമിച്ച പ്രവാസികൾക്കും ഇത് താങ്ങാനാവാത്ത ബാധ്യതയാണെന്ന് പ്രതിഭ ചൂണ്ടിക്കാട്ടി.

ചികിത്സ ഏറ്റവും ആവശ്യമായ പ്രായത്തിൽ പ്രീമിയം കുത്തനെ ഉയർത്തുന്നത് മുതിർന്ന പ്രവാസികളെ പദ്ധതിയിൽ നിന്ന് പുറത്താക്കുന്നതിന് തുല്യമാണ്. ആയുസ്സിന്റെ നല്ലൊരു പങ്കും നാടിന്റെ പുരോഗതിക്കായി വിദേശത്ത് അധ്വാനിച്ച പ്രവാസികളുടെ ആരോഗ്യസുരക്ഷ ലാഭക്കണ്ണോടെ കാണരുതെന്നും ക്ഷേമപദ്ധതികളുടെ ലക്ഷ്യം വിപണി താൽപ്പര്യങ്ങളല്ലെന്നും ബഹ്‌റൈൻ പ്രതിഭ ഓർമ്മിപ്പിച്ചു.

അന്യായമായ പ്രീമിയം വർധന ഉടൻ പിൻവലിക്കുക, മുതിർന്നവർക്കും കുറഞ്ഞ വരുമാനക്കാർക്കും സർക്കാർ സബ്‌സിഡിയോടെ താങ്ങാവുന്ന നിരക്കുകൾ ഉറപ്പാക്കുക, പ്രവാസി സംഘടനകളുമായി ചർച്ച നടത്തുക തുടങ്ങിയ ആവശ്യങ്ങളും ബഹ്‌റൈൻ പ്രതിഭ പ്രസ്താവനയിലൂടെ ഉന്നയിച്ചു.

Content Highlights: Qatar IMCC has urged the Kerala government to reconsider the increased NORKA Care insurance premiums, citing the financial burden on expatriates and their families.

dot image
To advertise here,contact us
dot image