

ഖത്തറിൽ ജീവനക്കാരുടെ പാസ്പോർട്ട് തിരികെ നൽകാത്ത തൊഴിലുടമകൾക്ക് കനത്ത പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. റെസിഡൻഷ്യൽ പെർമിറ്റ് നടപടികൾ പൂർത്തിയായിട്ടും പാസ്പോർട്ട് കൈവശം വെക്കുന്നത് നിയമലംഘനമാണ്. ജീവനക്കാരുടെ രേഖാമൂലമുള്ള സമ്മതമില്ലാതെ പാസ്പോർട്ട് പിടിച്ച് വെച്ചാൽ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.
റെസിഡൻഷ്യൽ പെർമിറ്റ് അനുവദിക്കുന്നതിനോ പുതുക്കുന്നതിനോ ഉള്ള നടപടികൾ പൂർത്തിയായിട്ടും ജീവനക്കാരുടെ പാസ്പോർട്ട് തിരികെ നൽകാത്ത തൊഴിലുടമകൾക്കാണ് ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഇത്തരക്കാർക്ക് 25,000 റിയാൽ വരെ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. മന്ത്രാലയം സംഘടിപ്പിച്ച വെബിനാറിൽ സെർച്ച് ആൻഡ് ഫോളോ-അപ്പ് വിഭാഗം ഡിറ്റൻഷൻ സെക്ഷൻ മേധാവി മേജർ സൗദ് ഹമദ് അൽ ബുറൈദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇരുകക്ഷികളും ഒപ്പിട്ട നിയമപരമായ രേഖയുടെ അടിസ്ഥാനത്തിലോ, ജീവനക്കാരന്റെ രേഖാമൂലമുള്ള സമ്മതത്തോടെയോ അല്ലാതെ പാസ്പോർട്ട് കൈവശം വെക്കാൻ തൊഴിലുടമയ്ക്ക് അവകാശമില്ല. വിസ നടപടികൾ പൂർത്തിയായാൽ പാസ്പോർട്ട് ഉടൻ തിരികെ നൽകണം. പാസ്പോർട്ട് തിരികെ ലഭിക്കാത്ത ജീവനക്കാർക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ നേരിട്ടോ പരാതി സമർപ്പിക്കാം.
തൊഴിൽ കരാറുകൾ കൃത്യമായി രേഖപ്പെടുത്തുക, സമയബന്ധിതമായി താമസാനുമതി നടപടികൾ പൂർത്തിയാക്കുക, ജീവനക്കാർക്ക് തൃപ്തികരമായ താമസസൗകര്യം ഉറപ്പാക്കുക എന്നിവയും തൊഴിലുടമകളുടെ ഉത്തരവാദിത്വമാണെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു. തൊഴിലാളി അവകാശങ്ങൾ സംരക്ഷിക്കാനും തൊഴിൽ ബന്ധങ്ങളിൽ സുതാര്യത ഉറപ്പാക്കാനുമാണ് ഈ നിയമങ്ങൾ കടുപ്പിക്കുന്നത്.
Content Highlights: Qatar’s Ministry of Interior has warned employers that withholding employees’ passports after residence permit procedures may result in fines of up to QR25,000.