ചിത്രകലയില്‍ അഞ്ച് ലോക റെക്കോര്‍ഡുകള്‍ നേടി പ്രവാസി മലയാളിയായ ആറ് വയസുകാരന്‍

ഖത്തര്‍ എയര്‍വേഴ്‌സ് ഉദ്യോഗസ്ഥനും കോഴിക്കോട് പേരാമ്പ്ര കൈതക്കല്‍ സ്വദേശിയുമായ അഹമ്മദ് ഡാനഷിന്റേയും ദോഹയിലെ മിലിട്ടറി മെഡിക്കല്‍ സിറ്റി ആശുപത്രി ജീവനക്കാരിയായ റാനിയ അബ്ദുസ്സമദിന്റേയും മകനാണ്

ചിത്രകലയില്‍ അഞ്ച് ലോക റെക്കോര്‍ഡുകള്‍ നേടി പ്രവാസി മലയാളിയായ ആറ് വയസുകാരന്‍
dot image

ചിത്രകലയില്‍ ആഗോളതലത്തില്‍ അഞ്ച് പ്രമുഖ ലോക റെക്കോര്‍ഡുകള്‍ നേടി പ്രവാസി മലയാളിയായ ആറ് വയസുകാരന്‍. ഇന്ത്യന്‍ പ്രവാസി ലോകത്തിനും കേരളത്തിനും ഒരേപോലെ അഭിമാനിക്കാന്‍ കഴിയുന്ന ഈ അപൂര്‍വ്വ നേട്ടം സമ്മാനിച്ചത് അമീന്‍ ബിന്‍ അഹമ്മദ് ഡാനിഷ് എന്ന ആറ് വയസുകാരനാണ്. ഖത്തര്‍ സ്‌കോളാര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ അല്‍ അമീന്‍ ബിന്‍ അഹമ്മദ് ഡാനിഷ് ഖത്തര്‍ എയര്‍വേഴ്‌സ് ഉദ്യോഗസ്ഥനും കോഴിക്കോട് പേരാമ്പ്ര കൈതക്കല്‍ സ്വദേശിയുമായ അഹമ്മദ് ഡാനഷിന്റേയും ദോഹയിലെ മിലിട്ടറി മെഡിക്കല്‍ സിറ്റി ആശുപത്രി ജീവനക്കാരിയായ റാനിയ അബ്ദുസ്സമദിന്റേയും മകനാണ്. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് , ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സ്, കലാംസ് വേള്‍ഡ് റെക്കോര്‍ഡ്സ്, വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്സ്, നോബിള്‍ വേള്‍ഡ് റെക്കോര്‍ഡ്സ് എന്നിങ്ങനെയുള്ള പ്രമുഖ റെക്കോര്‍ഡുകളാണ് അല്‍ അമീന്‍ ഒരേ സമയം സ്വന്തമാക്കിയത്.

പ്രായത്തെ വെല്ലുന്ന സര്‍ഗവൈഭവത്തോടെ ക്യാന്‍വാസില്‍ ചായക്കൂട്ടിന്റെ വിസമയം തീര്‍ത്തതിലൂടെ ഫാസ്റ്റസ്റ്റ് ക്യാന്‍വാസ് പെയിന്റിങ്ങില്‍ 20x20 സെന്റീമീറ്ററിലാണ് അല്‍ അമീന്‍ ലോക റെക്കോര്‍ഡ് സ്വന്തമാക്കിയത്. ആക്രിലിക് നിറങ്ങള്‍ ഉപയോഗിച്ച് 35 മനോഹരമായ പെയിന്റിങ്ങുകളാണ് ഇതില്‍ വരച്ചുതീര്‍ത്തത്. ചിത്രരചനയിലുള്ള മകന്റെ കഴിവ് ആദ്യം തിരിച്ചറിഞ്ഞത് അമ്മ റാനിയയാണ്. നാലാം വയസ്സുമുതല്‍ ചിത്രരചനയില്‍ താല്‍പര്യമുണ്ടായിരുന്ന മകന്‍ ആദ്യം സ്‌കെച്ച് പെന്‍ ഉപയോഗിച്ചായിരുന്നു വരച്ചു തുടങ്ങിയത്. ആറാം വയസ്സിലെത്തിയപ്പോഴെക്കും ക്യാന്‍വാസ് പെയിന്റിങ്ങില്‍ താല്‍പര്യം വളരുകയായിരുന്നു എന്നും പിതാവ് പറയുന്നു. എന്തുകൊണ്ട് ചിത്രരചനയിലുള്ള മകന്റെ കഴിവ് ലോകത്തിന് മുന്നില്‍ എത്തിച്ചുകൂടാ എന്ന ചിന്തയില്‍ നിന്നുമാണ് ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് അധികൃതര്‍ക്ക് ഇമെയില്‍ അയക്കുന്നത്. മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ അനുകൂലമായ മറുപടി ലഭിക്കുകയും ചെയ്തു എന്നും പിന്നീട് ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലേക്ക് മെയില്‍ അയക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഏകദേശം ഒരു മാസത്തിനുള്ളില്‍ അഞ്ച് പ്രമുഖ റെക്കോര്‍ഡുകളാണ് അല്‍ അമീന് ലഭിച്ചിരിക്കുന്നത്.

ഈ നേട്ടത്തിനു പിന്നാലെ പ്രമുഖരായ ആളുകളാണ് അഭിനന്ദനഭങ്ങള്‍ അറിയിച്ചത് എന്ന് പിതാവ് പറഞ്ഞു. മകന്റെ നേട്ടത്തിന്റെ വിവരം പ്രിയങ്കാ ഗാന്ധിയെ അറിയിച്ചപ്പോള്‍ ഏറെ സന്തോഷത്തോടെ അനുമോദനങ്ങള്‍ അറിയിച്ചു. പിന്നാലെ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളും സിനിമാ താരം ഷൈൻ നിഗം തുടങ്ങിയവരും അല്‍ അമീനിനെ അനുമോദിച്ചു. മുഖ്യമന്ത്രി വി ഡി സതീശനാണ് കലാംസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് സര്‍ട്ടിഫിക്കറ്റ് കൈമാറിയത്. വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയാണ് ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് കൈമാറിയത്. കൂടാതെ മകന്‍ ഇതുവരെ വരച്ച പെയിന്റിങ്ങുകളെല്ലാം ചേര്‍ത്ത് ഡാനിഷ് ഒരു മനോഹരമായ പോര്‍ട്ട്‌ഫോളിയോ തയ്യാറാക്കിയിരുന്നു. ഇതിന്റെ പ്രകാശനം നിര്‍വ്വഹിച്ചത് ഷാഫി പറമ്പില്‍ എംപിയാണ്.

മാതാപിതാക്കളുടെ പിന്തുണയോടെ ചിത്രകലയുടെ ലോകത്ത് വലിയ നേട്ടങ്ങള്‍ സൃഷ്ടിക്കുകയാണ് അല്‍ അമീന്‍ ബിന്‍ അഹമ്മദ്. മുന്നോട്ടും മകന്റെ കഴിവുകള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും പിതാവ് അഹമ്മദ് ഡാനിഷ് പറഞ്ഞു.

Content Highlight: six-year-old expatriate Malayali has earned five prestigious world records in painting, showcasing exceptional artistic talent at a young age

dot image
To advertise here,contact us
dot image