ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനിക്ക് ഇന്ത്യയുമായി എക്കാലവും മികച്ച ബന്ധം; പ്രവാസികളെ വിലമതിച്ച ഭരണാധികാരി

തന്റെ ഭരണകാലത്ത് മൂന്ന് തവണയാണ് അദ്ദേഹം ഇന്ത്യ സന്ദര്‍ശിച്ചത്

ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനിക്ക് ഇന്ത്യയുമായി എക്കാലവും മികച്ച ബന്ധം; പ്രവാസികളെ വിലമതിച്ച ഭരണാധികാരി
dot image

ഇന്ത്യയുമായി എന്നും സുദൃഢവും സവിശേഷവുമായ ബന്ധം കാത്തുസൂക്ഷിച്ച ഭരണാധികാരിയായിരുന്നു അന്തരിച്ച ഖത്തര്‍ മുന്‍ അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി-നയതന്ത്ര ബന്ധങ്ങളെ ചരിത്രത്തിലെ ഏറ്റവും മികച്ച നിലയിലേക്ക് ഉയര്‍ത്തുന്നതില്‍ ദീര്‍ഘവീക്ഷണമുള്ള അദ്ദേഹത്തിന്റെ ഭരണാധികാരം നിര്‍ണായക പങ്കുവഹിച്ചു. നയതന്ത്ര-സാമ്പത്തിക രംഗങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹത്തിന്റെ ഭരണകാലം ഏറെ സവിശേഷമായിരുന്നു.

തന്റെ ഭരണകാലത്ത് മൂന്ന് തവണയാണ് അദ്ദേഹം ഇന്ത്യ സന്ദര്‍ശിച്ചത്. 1999-ലെ സന്ദര്‍ശന വേളയിലാണ് ഇന്ത്യയും ഖത്തറും തമ്മിലുള്ള ചരിത്രപ്രധാനമായ പ്രകൃതിവാതക വ്യാപാരത്തിന് അടിത്തറയിട്ടത്. അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുമായി അദ്ദേഹം നടത്തിയ ചര്‍ച്ചകള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ ഒരു പുതിയ യുഗത്തിന് തുടക്കം കുറിച്ചു. ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതിവാതകം (LNG) ഇറക്കുമതി ചെയ്യുന്നതിനുള്ള ആദ്യകാല തന്ത്രപ്രധാന ചര്‍ച്ചകള്‍ക്കും ധാരണകള്‍ക്കും സന്ദര്‍ശനം വഴിയൊരുക്കി.

1999-ൽ തുടങ്ങിയ ഊർജ്ജ ബന്ധം കൂടുതൽ ശക്തമാക്കുക എന്നതായിരുന്നു 2005ൽ ഷെയ്ഖ് ഹമദിന്റെ രണ്ടാം തവണത്തെ ഇന്ത്യൻ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ആഭ്യന്തര ഊർജ്ജ ആവശ്യങ്ങൾക്ക് ഖത്തറിനെ ഒരു വിശ്വസ്ത പങ്കാളിയായി ഉറപ്പിച്ചുനിർത്താൻ ഇത് സഹായിച്ചു. ഊർജ്ജ മേഖലയ്ക്ക് പുറമെ അടിസ്ഥാന സൗകര്യ വികസനം, ടെലികോം, ഐടി തുടങ്ങിയ മേഖലകളിൽ ഇന്ത്യയിൽ വലിയ തോതിലുള്ള ഖത്തരി നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായുള്ള ചർച്ചകൾ നടന്നു. ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനും തൊഴിൽ മേഖലയിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനുമുള്ള ചർച്ചകളും ഈ സന്ദർശനത്തിന്റെ ഭാഗമായിരുന്നു.

2012-ലാണ് ഷെയ്ഖ് ഹമദ് അവസാനം ഇന്ത്യ സന്ദർശിച്ചത്. ഊര്‍ജ്ജം, നിക്ഷേപം, വ്യാപാരം തുടങ്ങിയ തന്ത്രപ്രധാന മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കാന്‍ ഈ സന്ദര്‍ശനം വഴിയൊരുക്കി. ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുന്നതിനും, മാറിയ സാഹചര്യങ്ങൾക്ക് അനുസൃതമായി തൊഴിൽ നിയമങ്ങളിൽ പ്രവാസികൾക്ക് അനുകൂലമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിനും ഈ സന്ദർശനത്തിൽ ചർച്ചകൾ നടന്നു. ഖത്തറിന്റെ വികസനത്തില്‍ ഇന്ത്യന്‍ പ്രവാസികള്‍ നല്‍കിയ സംഭാവനകളെ എപ്പോഴും വിലമതിച്ചിരുന്ന ഷെയ്ഖ് ഹമദ്, പ്രവാസി സമൂഹത്തിന് എന്നും ശക്തമായ തണലായിരുന്നു.

Content Highlights: Sheikh Hamad bin Khalifa Al Thani has been remembered as a leader who maintained strong ties with India and appreciated the role of expatriates in Qatar’s development. His contributions to bilateral relations were widely recognised.

dot image
To advertise here,contact us
dot image