UAEയിലേക്ക് അവധിക്കാല യാത്ര പ്ലാനിലുണ്ടോ? അറിഞ്ഞിരിക്കണം കൊണ്ടുവരാന്‍ പറ്റുന്നതും അല്ലാത്തതുമായ വസ്തുക്കള്‍

മാനസികാവസ്ഥയെ ബാധിക്കുന്ന ചില നിയന്ത്രിത മരുന്നുകള്‍ക്ക് യുഎഇ ആരോഗ്യ മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്

UAEയിലേക്ക് അവധിക്കാല യാത്ര പ്ലാനിലുണ്ടോ? അറിഞ്ഞിരിക്കണം കൊണ്ടുവരാന്‍ പറ്റുന്നതും അല്ലാത്തതുമായ വസ്തുക്കള്‍
dot image

യുഎഇയില്‍ അവധിക്കാലം തുടങ്ങിയതോടെ വിനോദസഞ്ചാരികളുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഏകദേശം മൂന്ന് മില്യണ്‍ യാത്രക്കാരാണ് ജൂലൈ മാസത്തിന്റെ ആദ്യപകുതിയില്‍ ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്തിട്ടുള്ളത്. എന്നാല്‍ യുഎഇയിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് എന്തൊക്കെ കൊണ്ടുവരാന്‍ കഴിയും എന്നും കഴിയില്ല എന്നുമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശ പത്രിക അധികൃതർ പുറത്തിറക്കി.

3000 ദിര്‍ഹം വരെ വരുന്ന വിലപിടിപ്പുള്ള സമ്മാനങ്ങള്‍, 400 എണ്ണത്തില്‍ കവിയാതെ സിഗരറ്റ്, 50 സിഗാര്‍, 500 ഗ്രാം പുകയില അല്ലെങ്കില്‍ പുകയില ഉല്‍പന്നങ്ങള്‍, നാല് ലിറ്റര്‍ മദ്യം, 2 കാര്‍ട്ടൂണ്‍ ബിയറുകള്‍ എന്നിവ കസ്റ്റംസ് നികുതിയില്ലാതെ കൊണ്ട് വരാന്‍ കഴിയുന്ന സാധനങ്ങളാണ്. വ്യക്തിഗത സാധനങ്ങള്‍ കസ്റ്റംസ് നികുതിയില്ലാതെ യാത്രക്കാര്‍ക്ക് ബാഗില്‍ കൊണ്ട് വരാം. 60,000 ദിര്‍ഹത്തില്‍ കൂടുതല്‍ പണമോ അതിന് തുല്യമായ വിദേശ കറന്‍സിയോ യാത്രാ ചെക്കുകളോ കൈവശമുണ്ടെങ്കില്‍ നിര്‍ബന്ധമായും കസ്റ്റംസ് പ്രഖ്യാപന ഫോം പൂരിപ്പിക്കണം.

18 വയസിന് താഴെയുള്ളവരുടെ കൈവശമുള്ള തുകയും അവരുടെ രക്ഷിതാവിന്റെ പരിധിയിലേക്കാണ് കൂട്ടിച്ചേര്‍ക്കേണ്ടത്. റേഡിയോ, മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്, കമ്പ്യൂട്ടര്‍, സിഡി, ഡിവിഡി തുടങ്ങിയ ഉപകരണങ്ങള്‍ എന്നിവയും ബാഗില്‍ കൊണ്ടുപോകാം. ഇത് വ്യക്തിപരമായ ആവശ്യം, വാണിജ്യ ആവശ്യം എന്നിങ്ങനെയുള്ള നിബന്ധനകള്‍ പ്രകാരമാണെന്നും കസ്റ്റംസ് വ്യക്തമാക്കി.

മയക്കുമരുന്നുകള്‍, യുഎഇ വിലക്കിയ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി സാധനങ്ങള്‍, ആനക്കൊമ്പ്, കാണ്ടാമൃഗത്തിന്റെ കൊമ്പ്, ചൂതാട്ട ഉപകരണങ്ങള്‍, മൂന്ന് പാളികളുള്ള മത്സ്യബന്ധന വലകള്‍, വ്യാജ കറന്‍സി, റേഡിയേഷന്‍ മലിനീകരണമുള്ള വസ്തുക്കള്‍, ഇസ്ലാമിക മൂല്യങ്ങള്‍ക്കും, പൊതുമര്യാദകള്‍ക്കും വിരുദ്ധമായ പ്രസിദ്ധീകരണങ്ങള്‍, ചിത്രങ്ങള്‍, ശില്‍പ്പങ്ങള്‍, യുഎഇ നിയമപ്രകാരം നിരോധിച്ചിട്ടുള്ള മറ്റ് വസ്തുക്കള്‍ തുടങ്ങിയവ ദുബായിലേക്ക് കൊണ്ടുവരാന്‍ പാടില്ല.

യാത്രക്കാര്‍ക്ക് പരമാവധി മൂന്ന് മാസത്തേക്ക് മതിയാകുന്ന വ്യക്തിഗത മരുന്നുകള്‍ കൊണ്ടുവരാം. ഡോക്ടറുടെ യഥാര്‍ത്ഥ കുറിപ്പും ആവശ്യമായ രേഖകളും ഉണ്ടായിരിക്കണം. എല്ലാ മരുന്നുകളും ഒറിജിനല്‍ പാക്കിംഗിലായിരിക്കണം. മാനസികാവസ്ഥയെ ബാധിക്കുന്ന ചില നിയന്ത്രിത മരുന്നുകള്‍ക്ക് യുഎഇ ആരോഗ്യ മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്. നിയമം ലംഘിച്ചാല്‍ നടപടി നേരിടേണ്ടിവരും.

പൂച്ച, നായ തുടങ്ങിയ വളര്‍ത്തുമൃഗങ്ങളെ യുഎഇയിലേക്ക് കൊണ്ടുവരാന്‍ പരിസ്ഥിതി-ജല മന്ത്രാലയത്തിന്റെ മുന്‍കൂര്‍ ഇറക്കുമതി അനുമതി ആവശ്യമാണ്. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച ശേഷമേ അനുമതി ലഭിക്കുകയുള്ളൂ.

Content Highlight: Planning a summer trip to Dubai? Learn which items travellers can bring into the UAE and which are restricted or prohibited under customs regulations

dot image
To advertise here,contact us
dot image