ലോകവേദിയിലേക്ക് ഇറ്റലിയെ തിരിച്ചെത്തിക്കാന്‍ ഇനി മാള്‍ഡിനി; നിര്‍ണായക തീരുമാനമെടുത്ത് ഫെഡറേഷന്‍

ഇറ്റലിയുടെ പുതിയ ടെക്‌നിക്കല്‍ ഡയറക്ടറായി ഫുട്‌ബോള്‍ ഇതിഹാസം പൗലോ മാള്‍ഡീനിയെ നിയമിച്ചു

ലോകവേദിയിലേക്ക് ഇറ്റലിയെ തിരിച്ചെത്തിക്കാന്‍ ഇനി മാള്‍ഡിനി; നിര്‍ണായക തീരുമാനമെടുത്ത് ഫെഡറേഷന്‍
dot image

മുന്‍ ക്യാപ്റ്റനും ഇതിഹാസ പ്രതിരോധ താരവുമായ പൗലോ മാള്‍ഡീനിയെ ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ തങ്ങളുടെ പുതിയ ടെക്‌നിക്കല്‍ ഡയറക്ടറായി നിയമിച്ചു. അന്താരാഷ്ട്ര തലത്തില്‍ ഇറ്റാലിയന്‍ ഫുട്‌ബോളിന്റെ പ്രതാപം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇതിഹാസ ഫുട്‌ബോള്‍ താരത്തെ ദേശീയ ടീമിന്റെ ഭാഗമാക്കി തിരിച്ചെത്തിക്കുന്നത്. 'പൗലോ മാള്‍ഡീനി ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ ടെക്‌നിക്കല്‍ ഡയറക്ടര്‍ സ്ഥാനം സ്വീകരിച്ച വിവരം എഫ്‌ഐജിസി പ്രസിഡന്റ് ജിയോവന്നി മലാഗോ അറിയിക്കുന്നു. ഉപദേശകനായി പ്രവര്‍ത്തിക്കുന്ന ലിയോണാര്‍ഡോയ്‌ക്കൊപ്പം ചേര്‍ന്നാകും പൗലോ മാള്‍ഡീനി ഈ ചുമതല നിര്‍വഹിക്കുക,' -ഫെഡറേഷന്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

ഇറ്റാലിയന്‍ ഫുട്‌ബോളിനെ സംബന്ധിച്ച് വളരെ നിര്‍ണായകമായ ഘട്ടത്തിലാണ് മാള്‍ഡീനിയുടെ നിയമനം. റോബര്‍ട്ടോ മാന്‍സീനിക്ക് കീഴില്‍ യുവേഫ യൂറോ 2020 കിരീടം നേടിയെങ്കിലും, അവസാനത്തെ മൂന്ന് ഫിഫ ലോകകപ്പുകളിലേക്ക് യോഗ്യത നേടാനാകാതെ ഇറ്റാലിയന്‍ ദേശീയ ടീം അന്താരാഷ്ട്ര തലത്തില്‍ വലിയ തിരിച്ചടി നേരിട്ടിരുന്നു. 2018, 2022, 2026 ലോകകപ്പുകളിലാണ് ഇറ്റലിക്ക് പങ്കെടുക്കാന്‍ യോഗ്യത ലഭിക്കാതിരുന്നത്.

ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രതിരോധ നിരക്കാരില്‍ ഒരാളായ മാള്‍ഡീനി, ഒരു പതിറ്റാണ്ടിലേറെ നീണ്ട അന്താരാഷ്ട്ര കരിയറില്‍ ഇറ്റലിക്ക് വേണ്ടി 127 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 1993 മുതല്‍ 2002 വരെ അദ്ദേഹം ദേശീയ ടീമിനെ നയിച്ചു. 2002 ലോകകപ്പില്‍ ദക്ഷിണ കൊറിയക്കെതിരെയുള്ള പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തിലായിരുന്നു മാള്‍ഡീനി അവസാനമായി ഇറ്റാലിയന്‍ കുപ്പായമണിഞ്ഞത്. നേതൃപാടവം കൊണ്ടും കളിക്കളത്തിലെ സ്ഥിരത കൊണ്ടും ഇറ്റാലിയന്‍ ഫുട്‌ബോളിലെ ഏറ്റവും പ്രിയപ്പെട്ട താരങ്ങളിലൊരാളായി പൗലോ മാള്‍ഡീനി ഇന്നും തിളങ്ങിനില്‍ക്കുന്നു. കളി ജീവിതത്തിന് ശേഷവും ഫുട്‌ബോള്‍ അഡ്മിനിസ്‌ട്രേഷനില്‍ അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. എസി മിലാന്റെ സ്‌പോര്‍ട്ടിങ് ഡയറക്ടറായി സേവനമനുഷ്ഠിച്ച അദ്ദേഹം, ടീമിനെ പുനരുജ്ജീവിപ്പിക്കുന്നതിലും 2021-22 സീസണില്‍ നീണ്ട കാത്തിരിപ്പിന് ശേഷം മിലാനെ സീരി എ കിരീടത്തിലേക്ക് നയിക്കുന്നതിലും പ്രധാന പങ്കുവഹിച്ചിരുന്നു.

മാള്‍ഡീനിയുടെ സമ്പന്നമായ പരിചയസമ്പത്തും ഫുട്‌ബോള്‍ അറിവുകളും ഇറ്റാലിയന്‍ ഫുട്‌ബോളിന്റെ ഭാവി രൂപപ്പെടുത്താന്‍ സഹായിക്കുമെന്നും, അസൂറിപ്പടയെ അന്താരാഷ്ട്ര ഫുട്‌ബോളിന്റെ നെറുകയില്‍ തിരിച്ചെത്തിക്കാന്‍ ഇത് വഴിയൊരുക്കുമെന്നുമാണ് ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രതീക്ഷിക്കുന്നത്.

content highlights: Maldini to guide Italy back to the global stage; Football Federation takes a crucial decision

dot image
To advertise here,contact us
dot image