

ഖത്തര്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആദ്യത്തെ ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. വിമാനത്താവളത്തിലെ ഈസ്റ്റ് കാര്‍ പാര്‍ക്കിംഗിന്റെ ഗ്രൗണ്ട് ലെവലിലാണ് ഇവി ചാര്‍ജിംഗ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കാന്‍ ലഭ്യമിട്ട് രാജ്യം നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് പുതിയ സംരഭം.
ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷനായ 'കഹ്‌റാമ' യുടെ സഹകരണത്തെടെയാണ് വിമാനത്താവളത്തില്‍ ഇലക്ടിക് ചാര്‍ജിംഗ് സ്റ്റേഷന്‍ സ്ഥാപിച്ചത്. ദേശീയ സംരക്ഷണ, ഊര്‍ജ്ജ കാര്യക്ഷമത പരിപാടിയായ 'തര്‍ഷീദിന്റെ ഭാഗമായാണ് പദ്ധതി. പുതിയ ചാര്‍ജിംഗ് സ്റ്റേഷന് ഒരേസമയം രണ്ട് വാഹനങ്ങള്‍ക്ക് സേവനം നല്‍കാന്‍ കഴിയും. വളരെ വേഗത്തില്‍ ചാര്‍ജിംഗ് പൂര്‍ത്തിയാക്കാന്‍ കഴിയും എന്നതും പ്രത്യേകതയാണ്.
വിമാനത്താളത്തിലെ പാര്‍ക്കിംഗ് മേഖലയിലാണ് ചാര്‍ജിംഗ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. തര്‍ഷീദ് സ്മാര്‍ട്ട് ഇവി മൊബൈല്‍ ആപ്പിലൂടെ വാഹന ഉടമകള്‍ക്ക് ചാര്‍ജിംഗ് പോയിന്റുകള്‍ കണ്ടെത്താനും തത്സമയ സ്റ്റാറ്റസ് പരിശോധിക്കാനും കഴിയും. കാര്‍ബണ്‍ ബഹിര്‍ഗമനം 25 ശതമാനം കുറയ്ക്കുന്നതിനായി രാജ്യം നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായികൂടിയാണ് പുതിയ ചാര്‍ജിംഗ് സ്റ്റേഷന്‍ സജ്ജമാക്കിയിരിക്കുന്നത്.
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സുസ്ഥിരതാ ലക്ഷ്യങ്ങളില്‍ ഊര്‍ജ്ജ സംരക്ഷണം ഒരു പ്രധാന ഘടകമാണെന്ന് ഫെസിലിറ്റീസ് മാനേജ്‌മെന്റ് സീനിയര്‍ വൈസ് പ്രസിഡന്റ് ഒമര്‍ നജാരി പറഞ്ഞു. പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തുന്നതിലൂടെ വൈദ്യുതി ഉപയോഗം വലിയ തോതില്‍ കുറക്കാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദീര്‍ഘകാല സുസ്ഥിരതാ പദ്ധതികളുടെ ഭാഗമായി വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ഇതിനകം നിരവധി പദ്ധതികളാണ് നടപ്പിലാക്കിയത്.
Content Highlights: