അമ്മയ്ക്ക് മുൻപിൽ പോലും ഞാൻ കരയാറില്ല, എല്ലാം ഉള്ളിലടക്കി വെക്കുന്ന മോശം ശീലമുണ്ട്: ഭാവന

'എന്തെങ്കിലും പ്രശ്‌നമുണ്ടായാലോ ബുദ്ധിമുട്ട് തോന്നിയാലോ ഒറ്റയ്ക്ക് ഇരുന്ന് അത് പ്രോസസ് ചെയ്ത് മനസിനെ ശാന്തമാക്കാനാണ് ഞാൻ ശ്രമിക്കുക'

അമ്മയ്ക്ക് മുൻപിൽ പോലും ഞാൻ കരയാറില്ല, എല്ലാം ഉള്ളിലടക്കി വെക്കുന്ന മോശം ശീലമുണ്ട്: ഭാവന
dot image

ജീവിതത്തിലെ പ്രശ്‌നങ്ങളെയും അസ്വസ്ഥതകളെയും എങ്ങനെയാണ് നേരിടാറുള്ളതെന്ന് തുറന്നുപറയുകയാണ് നടി ഭാവന. ഒന്നും ആരോടും തുറന്നു പറയാത്ത സ്വഭാവമാണ് തന്റേതെന്ന് ഭാവന പറയുന്നു. ഏറ്റവും അടുത്ത ആളുകൾക്ക് മുൻപിൽ പോലും കരയാറില്ലെന്നും താൻ നേരിടുന്ന പ്രശ്‌നങ്ങൾ കാരണം മറ്റൊരാളും ബുദ്ധിമുട്ടരുതെന്നാണ് എപ്പോഴും ചിന്തിക്കാറുള്ളതെന്നും നടി പറഞ്ഞു.

പുതിയ ചിത്രമായ അനോമിയുടെ പ്രമോഷന്റെ ഭാഗമായി ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് ഭാവന ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ കൂടി പങ്കുവെച്ചത്. പ്രശ്‌നങ്ങൾ വന്നാൽ എല്ലാം ഉള്ളിലൊതുക്കി വെച്ച് ആരോടും ഒന്നും പങ്കുവെക്കാതെ ഇരിക്കുന്നത് മോശം ശീലമാണെന്ന് അറിയാം. പക്ഷെ അത് മാറ്റാൻ കഴിയുന്നില്ലെന്നാണ് നടി പറയുന്നത്.

Bhavana

'ആളുകൾക്ക് മുൻപിൽ കരയാൻ ഇഷ്ടമേ അല്ലാത്ത ആളാണ് ഞാൻ. അമ്മയ്ക്ക് മുൻപിൽ പോലും ഞാൻ കരയാറില്ല. കാരണം അത് അമ്മയെ ഒരുപാട് വിഷമിപ്പിക്കുമെന്ന് എനിക്കറിയാം. എല്ലാവരുടെ കാര്യത്തിലും ഞാൻ അത് തന്നെയാണ് ചെയ്യുന്നത്. ഞാൻ സങ്കടപ്പെടുന്നത് കണ്ടാൽ അവർക്ക് വിഷമമാകും എന്നതുകൊണ്ട് എല്ലാം ഉള്ളിലൊതുക്കും. ഇങ്ങനെ അടക്കിപിടിച്ചിരിക്കുന്നത് വളരെ മോശമായ ഒരു ശീലമാണെന്നും എനിക്കറിയാം. പക്ഷെ ആ ശീലത്തെ എങ്ങനെ മാറ്റണമെന്ന് അറിയില്ല.

ചെറിയ മൂഡ് സ്വിങ്‌സോ മറ്റോ ഉണ്ടായാൽ പോലും, ഞാൻ വാട്‌സ്ആപ്പ് ഡീആക്ടിവേറ്റ് ചെയ്യും. അല്ലെങ്കിൽ സ്റ്റാറ്റസ് അർജന്റ് മെസേജസ് ഓൺലി ആക്കും. ഡിപി കളയും. അങ്ങനെ എന്തെങ്കിലുമാണ് ഞാൻ ചെയ്യുക. ഇങ്ങനെ ചെയ്യുന്നത് കാണുമ്പോൾ നേരത്തെ സുഹൃത്തുക്കൾ വന്ന് ഓകെ ആണോ എന്ന് ചോദിക്കാറുണ്ടായിരുന്നു. പക്ഷെ ഇപ്പോൾ അവർക്ക് അറിയാം, ഞാൻ ആ സമയത്ത് തനിച്ചിരിക്കാനാണ് ആഗ്രഹിക്കുന്നത് എന്ന്.

എന്തെങ്കിലും പ്രശ്‌നമുണ്ടായാലോ ബുദ്ധിമുട്ട് തോന്നിയാലോ ഒറ്റയ്ക്ക് ഇരുന്ന് അത് പ്രോസസ് ചെയ്ത് മനസിനെ ശാന്തമാക്കാനാണ് ഞാൻ ശ്രമിക്കുക. എന്റെ പ്രശ്‌നം കാരണം മറ്റാർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകരുത് എന്നാണ് എപ്പോഴും എന്റെ ചിന്ത പോവുക. മനസ് ശാന്തമായ ശേഷമേ മറ്റുള്ളവരോട് ഞാൻ നേരിടുന്നതിനെ കുറിച്ച് ഷെയർ ചെയ്യാറുള്ളു,' ഭാവന പറഞ്ഞു.

Bhavana

അതേസമയം, ഭാവന നായികയായി എത്തുന്ന അനോമി നടിയുടെ കരിയറിലെ 90ാം ചിത്രമാണ്. റീഇൻട്രൊഡ്യൂസിങ് ഭാവന എന്ന ക്യാപ്ഷനോടെയാണ് നടിയുടെ കഥാപാത്രമായ സാറ ഫിലിപ്പിനെ അണിയറ പ്രവർത്തകർ വീഡിയോയിലൂടെ അവതരിപ്പിച്ചത്. മികച്ച പ്രതികരണമായിരുന്നു ഈ വീഡിയോക്ക് ലഭിച്ചത്. ജനുവരി 30ന് തിയേറ്ററുകളിലെത്തുന്ന ചിത്രം സയൻസ് ഫിക്ഷൻ ഴോണറിൽ കൂടിയാണ് കഥ പറയുന്നത്. റഹ്‌മാൻ, ഷെബിൻ ബെൻസൺ, ദൃശ്യ രഘുനാഥ്, ബിനു പപ്പു,വിഷ്ണു അഗസ്ത്യ, അർജുൻ ലാൽ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. റിയാസ് മാരത്ത് ആണ് സിനിമയുടെ രചനയും സംവിധാനവും നിർവഹിക്കുന്നത്.

Content Highlights: Actress Bhavana opens about how she faces struggles in life. She says she always handle pain and difficulities alone and never cry in front of people.

dot image
To advertise here,contact us
dot image