

കോഴിക്കോട്: ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി പൊലീസ്. കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസാണ് ദീപക്കിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തിയത്. ആരോപണം വ്യാജമാണെന്നും തനിക്ക് മനോവിഷമം ഉണ്ടായി എന്ന് മകൻ സൂചിപ്പിച്ചെന്നും മാതാപിതാക്കൾ പൊലീസിന് മൊഴി നൽകി. ഒപ്പം സുഹൃത്തിൻ്റെയും ദീപക്കിൻ്റെ സഹോദരൻ്റെയും മൊഴിയും പൊലീസ് രേഖപ്പെടുത്തി.
ദീപക്കിന്റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടിട്ടുണ്ട്. സംഭവം നോർത്ത് സോൺ ഡിഐജി അന്വേഷിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം സമർപ്പിക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഫെബ്രുവരി 19ന് കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.
സംഭവത്തില്‍ വീഡിയോ പങ്കുവെച്ച യുവതിക്കെതിരെ നിരവധി പരാതികളാണ് ഉയരുന്നത്. യുവതിക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും കോഴിക്കോട് സിറ്റി പൊലീസിനും പരാതികൾ ലഭിച്ചിട്ടുണ്ട്. ദീപക് ആത്മഹത്യ ചെയ്യാന്‍ കാരണം അപമാനവും മാനസിക സംഘര്‍ഷവുമെന്നാണ് പരാതിയില്‍ പറയുന്നത്.
ബസിനുള്ളില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവതി വീഡിയോ പങ്കുവെച്ചതിന് പിന്നാലെയായിരുന്നു മാങ്കാവ് സ്വദേശി ദീപക് ജീവനൊടുക്കിയത്. യുവതി വീഡിയോ ചിത്രീകരിക്കുകയും സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതില്‍ മനംനൊന്താണ് യുവാവ് ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരിലേക്കുള്ള യാത്രയിൽ ബസിൽവെച്ച് ദീപക് അപമര്യാദയായി പെരുമാറിയെന്നായിരുന്നു വീഡിയോ സഹിതം യുവതി സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ദീപക് മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞിരുന്നു. പിന്നാലെ ഞായറാഴ്ച രാവിലെ ഗോവിന്ദപുരത്തെ വീട്ടിൽ ദീപക്കിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
Content Highlights: Deepak Bus Issue; police records statement of deepaks parents, human rights commission steps in ino the case