

മലപ്പുറം: ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ സിപിഐഎം ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ ടി ജലീല്‍ എംഎല്‍എ. ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ സിപിഐഎം ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍, പിന്തുണച്ചതിന് തെളിവുണ്ടെങ്കില്‍ അത് പുറത്തുവിടട്ടെ എന്നും കെ ടി ജലീല്‍ വെല്ലുവിളിച്ചു. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്റെ ലീഗ് വിരുദ്ധ പരാമര്‍ശങ്ങള്‍ മുസ്‌ലിം വിരുദ്ധമല്ലെന്നും മലപ്പുറം ജില്ലയെ ഒരു പ്രത്യേക സമുദായത്തിന്റേതായി ചിത്രീകരിക്കരുതെന്നും അദ്ദേഹം ലീഗിന് മുന്നറിയിപ്പ് നല്‍കി.
'വെല്‍ഫെയര്‍ പാര്‍ട്ടി രൂപീകരിച്ചതിന് ശേഷമാണ് സംഘടിതമായി ഒരു സഖ്യകക്ഷിക്ക് വോട്ട് കൊടുക്കുക എന്നത് വന്നത്. വെല്‍ഫെയര്‍ പാര്‍ട്ടി രൂപീകരിച്ചതിന് ശേഷം ഏതെങ്കിലും ഒരു തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണ കൊടുത്തിട്ടുണ്ടോ? ജമാഅത്തെ ഇസ്‌ലാമി മൂല്യം നോക്കി വോട്ട് ചെയ്ത കാലത്ത് സിപിഐഎമ്മിന് വോട്ട് ചെയ്തിട്ടുണ്ടാകും. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ എഴുത്തില്‍ അത് പ്രതിഫലിക്കണം. കത്ത് സിപിഐഎമ്മിന്റെ ജില്ലാ കമ്മിറ്റിയോ സംസ്ഥാന കമ്മിറ്റിയോ ജമാഅത്തെ ഇസ്‌ലാമിക്ക് നല്‍കണം. അങ്ങനെ ഇടതുപക്ഷത്തിന്റെ ഏതെങ്കിലും ഒരു സ്ഥാനാര്‍ത്ഥി ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ തെരഞ്ഞെടുപ്പില്‍ വേണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചിട്ടുണ്ടോ?'- കെ ടി ജലീല്‍ ചോദിച്ചു.
ജമാഅത്തെ ഇസ്‌ലാമിയുടെ പുസ്തകങ്ങളില്‍ ഇന്ത്യ പോലെ ഒരു ബഹുമത രാജ്യത്ത് പ്രചരിപ്പിക്കാന്‍ പറ്റാത്ത ആശയങ്ങള്‍ നിരവധിയുണ്ടെന്നും ഇല്ല എന്നാണ് ജമാഅത്തെ ഇസ്‌ലാമിയുടെ വാദമെങ്കില്‍ താന്‍ അവരെ പരസ്യമായ വാഗ്വാദത്തിന് വെല്ലുവിളിക്കുകയാണെന്നും ജലീല്‍ പറഞ്ഞു. 'അവര്‍ പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ അപകടകരമാണ്. ലീഗുകാരെല്ലാം ലീഗ് നേതാക്കന്മാരുടെ പ്രസ്താവനകളോ അഭിപ്രായങ്ങളോ അല്ല അവരുടെ കുടുംബ ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുന്നത്. ജമാഅത്തെ ഇസ്‌ലാമിയുടെ നേതാക്കന്മാരുടെ വീഡിയോ ക്ലിപ്പുകളും പത്ര കട്ടിംഗുകളുമൊക്കെയാണ് പ്രചരിപ്പിക്കുന്നത്.'- ജലീല്‍ പറഞ്ഞു.
വെളളാപ്പളളി നടേശന്റെ മലപ്പുറം പരാമര്‍ശങ്ങളിലും അദ്ദേഹം പ്രതികരിച്ചു. 'മലപ്പുറം ജില്ലയെക്കുറിച്ച് പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം മുസ്‌ലിം സമുദായത്തിന് എതിരായി പറഞ്ഞു എന്നാണോ? കോട്ടയം ജില്ലയെക്കുറിച്ച് ആരെങ്കിലും പറഞ്ഞാല്‍ അത് ക്രിസ്ത്യാനികളെക്കുറിച്ചാണ് എന്ന് പറയുമോ? കൊല്ലം ജില്ലയെക്കുറിച്ചും തിരുവനന്തപുരം ജില്ലയെക്കുറിച്ചും പറഞ്ഞാല്‍ അത് ഹിന്ദുക്കളെക്കുറിച്ചാണ് എന്ന് പറയുമോ? അങ്ങനെ ചിന്തിക്കേണ്ട കാര്യമില്ല. മലപ്പുറത്ത് 30 ശതമാനം നോണ്‍ മുസ്‌ലിംസല്ലേ. ഈ ജില്ല ഒരു പ്രത്യേക സമുദായത്തിന്റേതാണ് എന്ന് വരുത്തി തീര്‍ക്കുന്നത് എന്തിനാണ്? ലീഗ് അത് ചെയ്യാന്‍ പാടില്ല. ഇത് ഹിന്ദുക്കളും മുസ്‌ലിങ്ങളും ക്രൈസ്തവരും എല്ലാവരുമുളള ജില്ലയാണ്. ജില്ലക്കെതിരെ ഒരു പരാമര്‍ശം സാമുദായികമായി ദുര്‍വ്യാഖ്യാനം ചെയ്യരുത്', കെ ടി ജലീല്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: kt jaleel says cpim never asked jamaat e islami support, demands evidence