

ഒമാനിൽ ഈ വർഷത്തെ ലോബ്സ്റ്റർ മത്സ്യബന്ധന സീസൺ അവസാനിച്ചു. ഡിസംബർ ഒന്ന് മുതൽ മത്സ്യബന്ധനത്തിനും വിൽപനയ്ക്കും നിരോധനം ഏർപ്പെടുത്തി. 2027 സെപ്റ്റംബർ 30 വരെയാണ് നിരോധനം. ലോബ്സ്റ്റർ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായി കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
സീസണിൽ പിടിച്ച ലോബ്സ്റ്ററുകൾ ശേഷിക്കുന്ന വ്യക്തികളും കമ്പനികളും സീസൺ അവസാനിച്ച് അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളിൽ മന്ത്രാലയത്തിലെ ബന്ധപ്പെട്ട വിഭാഗങ്ങളിൽ സ്റ്റോക്ക് രജിസ്റ്റർ ചെയ്യണം. അധികൃതരിൽ നിന്ന് ലഭിക്കുന്ന അനുമതിയുടെ അടിസ്ഥാനത്തിൽ മാത്രമേ രജിസ്റ്റർ ചെയ്ത സ്റ്റോക്ക് കൈകാര്യം ചെയ്യാൻ പാടുള്ളൂ എന്നും അധികൃതർ പറഞ്ഞു.
അതേസമയം ഈ വർഷത്തെ ചെമ്മീൻ മത്സ്യബന്ധന സീസണും അവസാനിച്ചതായി മന്ത്രാലയം അറിയിച്ചു. ഡിസംബർ ഒന്ന് മുതൽ 2027 ഓഗസ്റ്റ് 31 വരെ ചെമ്മീൻ പിടിക്കുന്നതിനും വിൽക്കുന്നതിനും നിരോധനമുണ്ടാകും. സീസണിൽ പിടിച്ച ചെമ്മീൻ സ്റ്റോക്കുള്ള വ്യക്തികളും കമ്പനികളും 15 ദിവസത്തിനുള്ളിൽ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യണം. ഇതിനും അധികൃതരുടെ അനുമതി ആവശ്യമാണ്. നിർദേശം ലംഘിക്കുന്നവർക്ക് നിയമപ്രകാരം പിഴ, തടവ് അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ ശിക്ഷയായി ലഭിക്കാം. പിടിച്ചെടുക്കുന്ന ഉൽപന്നങ്ങളോ അവയുടെ മൂല്യമോ കണ്ടുകെട്ടാനും വ്യവസ്ഥയുണ്ട്.
പ്രകൃതിദത്തമായ ലോബ്സ്റ്റർ, ചെമ്മീൻ സമ്പത്ത് സംരക്ഷിക്കുന്നതിനും അവയുടെ നിലനിൽപ്പ് ഉറപ്പാക്കുന്നതിനും മത്സ്യത്തൊഴിലാളികളും മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ടവരും നിയമങ്ങൾ കൃത്യമായി പാലിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു.
Content Highlights: Oman will enforce a ban on lobster and shrimp fishing from December 1 as part of its marine resource conservation measures.