

ഒമാനിലെ പണപ്പെരുപ്പ നിരക്ക് ഓഗസ്റ്റിൽ 3.4 ശതമാനമായി ഉയർന്നതായി നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫോർമേഷൻ സെന്റർ (NCSI) പുറത്തുവിട്ട ഉപഭോക്തൃ വിലസൂചികയിൽ വ്യക്തമാക്കുന്നു (CPI). ഈ വർഷം ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിലെ ശരാശരി പണപ്പെരുപ്പ നിരക്ക് 2.9 ശതമാനമായി.
വിവിധ വിഭാഗങ്ങളിലെ വിലവർധന പരിശോധിക്കുമ്പോൾ ഗതാഗത വിഭാഗത്തിലാണ് ഏറ്റവും വലിയ വർധന രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെ ഓഗസ്റ്റിനെ അപേക്ഷിച്ച് ഈ വിഭാഗത്തിൽ 8.5 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. ഭക്ഷ്യവസ്തുക്കളും മദ്യരഹിത പാനീയങ്ങളും ഉൾപ്പെടുന്ന വിഭാഗത്തിൽ 7 ശതമാനവും, വ്യക്തിഗത സേവനങ്ങളും മറ്റു ഉപഭോക്തൃ വസ്തുക്കളും ഉൾപ്പെടുന്ന വിഭാഗത്തിൽ 6.1 ശതമാനവും വിലവർധന രേഖപ്പെടുത്തി.
ഹോട്ടലുകളും റെസ്റ്റോറന്റുകളും ഉൾപ്പെടുന്ന വിഭാഗത്തിൽ 3.6 ശതമാനവും ഫർണിച്ചർ, ഗൃഹോപകരണങ്ങൾ, ഗാർഹിക പരിപാലന സേവനങ്ങൾ എന്നിവയിൽ 3.1 ശതമാനവും വർധനയുണ്ടായി. വിദ്യാഭ്യാസ മേഖലയിൽ 2.2 ശതമാനവും ആരോഗ്യ മേഖലയിലെ ചെലവിൽ 1.7 ശതമാനവും വിനോദ-സാംസ്കാരിക മേഖലയിലെ ചെലവിൽ 0.4 ശതമാനവും വസ്ത്ര-പാദരക്ഷാ വിഭാഗത്തിൽ 0.1 ശതമാനവും വർധന രേഖപ്പെടുത്തി. അതേസമയം, ആശയവിനിമയ സേവനങ്ങളും പുകയില ഉൽപ്പന്നങ്ങളും ഉൾപ്പെടുന്ന വിഭാഗങ്ങളിൽ വിലയിൽ മാറ്റമുണ്ടായില്ല. വീടുകൾ, വെള്ളം, വൈദ്യുതി, ഗ്യാസ്, മറ്റ് ഇന്ധനങ്ങൾ എന്നിവ ഉൾപ്പെടുന്ന വിഭാഗത്തിൽ 0.6 ശതമാനം വിലക്കുറവും രേഖപ്പെടുത്തി.
അല്‍ ദാഹിറ പ്രദേശങ്ങളിലാണ് ഭക്ഷ്യവസ്തുക്കളുടെ വിലയിൽ ഈ മാസത്തെ ഏറ്റവും വലിയ വർധനവ് രേഖപ്പെടുത്തിയത്. 2025 ഓഗസ്റ്റിനെ അപേക്ഷിച്ച് പച്ചക്കറി വില 19 ശതമാനം വർദ്ധിച്ചു. അതേസമയം പഴങ്ങളുടെ വില 16.3 ശതമാനവും മാംസത്തിന്റെ വില 9.8 ശതമാനവും മദ്യം ഒഴികെയുള്ള പാനീയങ്ങളുടെ വില 3.5 ശതമാനവും വർദ്ധിച്ചിട്ടുണ്ട്. അതേസമയം മറ്റെവിടെയും തരംതിരിക്കാത്ത മറ്റ് ഭക്ഷ്യ ഉൽപന്നങ്ങളുടെ വില 3.1 ശതമാനം വർദ്ധിച്ചിട്ടുണ്ട്. മത്സ്യം മാത്രമാണ് പ്രധാന ഭക്ഷ്യ ഉപവിഭാഗങ്ങളിൽ ഇടിവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിലയിൽ 0.1 ശതമാനം ഇടിവുണ്ടായി.
Content Highlight: Oman’s inflation rate rose to 3.4 percent in August 2026, with transport prices increasing 8.5 percent and food and non-alcoholic beverage prices rising 7 percent.