1.30 ലക്ഷം സെക്യൂരിറ്റി ഡെപ്പോസിറ്റ്; തിരികെ കിട്ടിയത് വെറും 19,000 രൂപ ,വാടകക്കാരന്റെ കുറിപ്പ് വൈറൽ

സാധാരണ ഇത്തരം സംഭവങ്ങളുടെ മുഴുവൻ ചെലവും സ്വാഭാവികമായി വാടകക്കാരന്റെ മേൽ ചുമത്താനാകില്ല

1.30 ലക്ഷം സെക്യൂരിറ്റി ഡെപ്പോസിറ്റ്; തിരികെ കിട്ടിയത് വെറും 19,000 രൂപ ,വാടകക്കാരന്റെ കുറിപ്പ് വൈറൽ
dot image

വാടകക്കാരും വീട്ടുടമയായും തമ്മിലുള്ള തർക്കങ്ങളുടെയും അഭിപ്രായ വ്യത്യസങ്ങളുടെയും പേരിൽ പല പ്രശ്നങ്ങളും ഉണ്ടാകുന്നത് നമ്മൾ നിരന്തരം കേൾക്കുന്നതാണ്. എന്നാൽ ഇപ്പോൾ ബംഗളുരുവിലെ ഒരു വടക്കാരാണ് നേരിട്ട അനുഭവം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുകയാണ്.വീട് ഒഴിഞ്ഞപ്പോൾ കൈയിൽ കിട്ടേണ്ടിയിരുന്നത് 1.30 ലക്ഷം. പക്ഷേ വാടകക്കാരന് തിരികെ ലഭിച്ചത് ആകട്ടെ വെറും 19,000 രൂപ മാത്രം. പെയിന്റിങ്, തൊഴിലാളി ചെലവ്, അവസാന മാസത്തെ വാടക തുടങ്ങിയവയുടെ പേരിൽ ഏകദേശം 1.11 ലക്ഷം രൂപ കുറച്ചെന്നാണ് പരാതി. സമൂഹമാധ്യമമായ റെഡ്‌ഡിറ്റിൽ പങ്കുവെച്ച കുറിപ്പിലാണ് വിവരങ്ങൾ ഉള്ളത്.

ബെംഗളൂരുവിലെ ബിഡദിയിൽ മൂന്ന് ബെഡ്റൂമുകളുള്ള വില്ലയിൽ ഏകദേശം രണ്ട് വർഷം താമസിച്ച വാടകക്കാരൻ 1.30 ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായി നൽകിയിരുന്നു. 2026 ജൂൺ 15ന് വീട് ഒഴിഞ്ഞു. പെയിന്റിങ്, തൊഴിലാളി ചെലവ് തുടങ്ങിയവയാണ് പ്രധാനമായും ചൂണ്ടിക്കാട്ടിയതെന്ന് വാടകക്കാരൻ പറയുന്നു. പെയിന്റിങ് ചെയ്യേണ്ട ബാധ്യത വാടകക്കരാറിൽ ഉണ്ടായിരുന്നുവെന്ന് വാടകക്കാരൻ സമ്മതിക്കുന്നുണ്ട്. എന്നാൽ അതിന്റെ പേരിൽ ഇത്രയും വലിയ തുക ഈടാക്കിയതിലാണ് എതിർപ്പ്.

എത്ര തുകയാണ് ചെലവായത് എന്ന് തെളിയിക്കുന്ന ബില്ലുകളോ രസീതുകളോ വ്യക്തമായ കണക്കുകളോ നൽകാതെയാണ് വലിയ തുക കുറച്ചതെന്നും വാടകക്കാരൻ ആരോപിച്ചു. അതേസമയം വാടകക്കാരൻ ജൂൺ 15ന് വീട് ഒഴിഞ്ഞെങ്കിലും അവസാനമാസത്തെ വാടക എന്ന പേരിൽ 16,000 രൂപയും വീട്ടുടമ ഈടാക്കി. അതായത്, മാസം പകുതിയിൽ വീട് കൈമാറിയ സാഹചര്യത്തിൽ മുഴുവൻ മാസത്തെ വാടക പിടിച്ചുവയ്ക്കാൻ ഉടമയ്ക്ക് അവകാശമുണ്ടോ എന്നതാണ് ചോദ്യം.

നിയമവിദഗ്ധരുടെ അഭിപ്രായത്തിൽ ഇതിന്റെ ഉത്തരം കരാറിലെ വ്യവസ്ഥകളെയും സാഹചര്യങ്ങളെയും ആശ്രയിച്ചിരിക്കും. സാധുവായ നോട്ടീസ് നൽകി ജൂൺ 15ന് കൈമാറ്റം പൂർത്തിയാക്കിയിട്ടുണ്ടെങ്കിൽ, മുഴുവൻ മാസത്തേക്കുള്ള വാടക ഈടാക്കുന്നതിന് വ്യക്തമായ കരാർ വ്യവസ്ഥയുണ്ടോ എന്നത് നിർണായകമാണ്.

വാടകക്കാരൻ നൽകുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ് വാടകക്കാലയളവിൽ ഉടമയ്ക്ക് സുരക്ഷയായി കൈവശം വയ്ക്കുന്ന തുകയാണ്. അത് ഉടമയ്ക്ക് ഇഷ്ടമുള്ള രീതിയിൽ ചെലവഴിക്കാനുള്ള പണമല്ല എന്നാണ് വിദഗ്‌ദ്ധർ വിഷയത്തിൽ അഭിപ്രായപ്പെടുന്നത്. വാടക കുടിശ്ശിക, അടയ്ക്കാത്ത മറ്റ് ബാധ്യതകൾ, അല്ലെങ്കിൽ സാധാരണ ഉപയോഗത്തിൽ സംഭവിക്കുന്നതിനെക്കാൾ കൂടുതലായ യഥാർത്ഥ നാശനഷ്ടങ്ങൾ എന്നിവയ്ക്കായി ന്യായമായ തുക കുറയ്ക്കാൻ സാഹചര്യമുണ്ടാകാം.

വീട്ടിൽ സാധാരണയായി താമസിക്കുന്നതിന്റെ ഭാഗമായി പെയിന്റ് മങ്ങുക, ചെറിയ കേടുപാടുകൾ ഉണ്ടാകുക, ഫിറ്റിങ്സുകൾക്ക് കാലപ്പഴക്കം വരിക, കാർപ്പെറ്റുകൾ ഉപയോഗത്തിൽ പഴകുക തുടങ്ങിയവയെല്ലാം സാധാരണ 'വിയർ ആൻഡ് ടിയർ' എന്ന ഗണത്തിൽ കണക്കാക്കപ്പെടാം.

ട്രാൻസ്ഫർ ഓഫ് പ്രോപ്പർട്ടി ആക്ട് , 1882-ലെ സെക്ഷൻ 108(m) സംബന്ധിച്ച നിയമപ്രകാരം, സാധാരണ ഇത്തരം സംഭവങ്ങളുടെ മുഴുവൻ ചെലവും സ്വാഭാവികമായി വാടകക്കാരന്റെ മേൽ ചുമത്താനാകില്ല. അതേസമയം, വാടകക്കാരൻ സാധാരണ ഉപയോഗത്തിന് അതീതമായി യഥാർത്ഥ നാശനഷ്ടം വരുത്തിയിട്ടുണ്ടെങ്കിൽ, അത് ശരിയാക്കുന്നതിനുള്ള ന്യായമായ ചെലവ് കരാറിന്റെയും ബാധകമായ നിയമത്തിന്റെയും അടിസ്ഥാനത്തിൽ ഈടാക്കാൻ സാധിക്കും.

നിയമവിദഗ്ധരുടെ അഭിപ്രായത്തിൽ, കരാറിൽ ഒരു വ്യവസ്ഥയുണ്ടെന്ന പേരിൽ ഉടമയ്ക്ക് തോന്നിയ തുക സെക്യൂരിറ്റി ഡെപ്പോസിറ്റിൽ നിന്ന് കുറയ്ക്കാൻ കഴിയില്ല. യഥാർത്ഥ ചെലവ് തെളിയിക്കുന്ന രേഖകൾ, മെറ്റീരിയൽ-ലേബർ ബില്ലുകൾ തുടങ്ങിയവ ഉണ്ടായിരിക്കണം.

ഇന്ത്യൻ കോൺട്രാക്ട് ആക്ട് , 1872-ലെ സെക്ഷൻ 74 പ്രകാരം, കരാറിൽ ലംഘനം സംഭവിച്ചാൽ ലിക്വിഡേറ്റഡ് ഡാമേജസ് സംബന്ധിച്ച വ്യവസ്ഥയുണ്ടെങ്കിലും, ആവശ്യപ്പെടുന്ന തുക ന്യായമായ നഷ്ടപരിഹാരർത്തിന്റെ പരിധിയിലായിരിക്കണം. സെക്യൂരിറ്റി ഡെപ്പോസിറ്റിൽ നിന്ന് വലിയ തുക കുറച്ചാൽ ആദ്യം ചെയ്യേണ്ടത് രേഘാമൂലം കണക്കു ചോദിക്കുകയാണ്.

വാടകക്കാരൻ ആവശ്യപ്പെടേണ്ടത്

  • ഓരോ കുറയ്ക്കലിന്റെയും വിശദമായ കണക്കുവിവരം
  • റിപ്പയർ/പെയിന്റിങ് ചെലവുകളുടെ ബില്ലുകളും രസീതുകളും.
  • അടയ്ക്കാത്ത വാടകയുണ്ടെങ്കിൽ അതിന്റെ കണക്കുകൾ.
  • വീട് കൈമാറിയ തീയതി വ്യക്തമാക്കുന്ന രേഖ.
  • വാടകക്കരാറിലെ ബന്ധപ്പെട്ട വ്യവസ്ഥയുടെ പകർപ്പ്/റഫറൻസ്.

ഉടമയിൽ നിന്ന് തൃപ്തികരമായ മറുപടി ലഭിച്ചില്ലെങ്കിൽ, അഭിഭാഷകന്റെ സഹായത്തോടെ ലീഗൽ നോട്ടീസ് അയച്ച് തുക തിരികെ ആവശ്യപ്പെടാം. തുടർന്ന് ബാധകമായ സംസ്ഥാന നിയമം, കരാറിലെ ആർബിട്രേഷൻ ക്ലോസ് തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ച് റിക്കവറി നടപടികളിലേക്ക് പോകാനും സാധിക്കും. വീട് ഒഴിയുന്നതിന് മുമ്പും ശേഷവും എടുത്ത ഫോട്ടോകളും വീഡിയോകളും വാടകക്കാരന് വലിയ സഹായമാകും.

സൂക്ഷിക്കേണ്ട പ്രധാന രേഖകൾ

  • വാടകക്കരാർ
  • സെക്യൂരിറ്റി ഡെപ്പോസിറ്റ് അടച്ചതിന്റെ തെളിവ്
  • ഓരോ മാസത്തെയും വാടക പേയ്മെന്റ് രസീത്
  • വൈദ്യുതി/മെയിന്റനൻസ് ബില്ലുകൾ
  • വീട് കൈമാറിയതിന്റെ തെളിവ്
    വീട്ടുടമയുമായുള്ള വാട്സാപ്പ് /ഇമെയിൽ സംഭാഷണങ്ങൾ

ബെംഗളൂരുവിലെ ഈ സംഭവം നൽകുന്ന ഏറ്റവും വലിയ പാഠം വീട് എടുക്കുമ്പോൾ വാടകകരാർ ശ്രദ്ധിച്ച് വായിക്കുന്നതുപോലെ തന്നെ, വീട് ഒഴിയുമ്പോഴുള്ള പെയിന്റിംഗ്, അറ്റകുറ്റപ്പണി, നോട്ടീസ് കാലയളവ്, സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ ലഭിക്കൽ എന്നിവയുടെ വ്യവസ്ഥകളും വ്യക്തമായി രേഖപ്പെടുത്തണം എന്നതാണ്.സംഭവത്തെ പല തരത്തിൽ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങളും റെഡ്‌ഡിറ്റിൽ വരുന്നുണ്ട്.

Content Highlights: Bengaluru tenant gets only ₹19,000 of ₹1.3 lakh security deposit: What does the law say on arbitrary deductions

dot image
To advertise here,contact us
dot image