

ഭക്ഷണത്തിന്റെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കാൻ രാജ്യത്ത് പരിശോധനകളും നടപടികളും ശക്തമാക്കുന്നു. ഹോട്ടലുകൾ മുതൽ പാക്കറ്റ് ഭക്ഷ്യ ഉൽപ്പന്നങ്ങൾ വരെ കർശന പരിശോധനയ്ക്ക് വിധേയമാക്കുകയാണ് അധികൃതർ. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെയുള്ള നടപടികളും തുടരുകയാണ്.
റസ്റ്ററന്റുകളിലെയും കഫേകളിലെയും ശുചിത്വക്കുറവും ഭക്ഷ്യവസ്തുക്കളിലെ മായവും സംബന്ധിച്ച പരാതികൾ ഏറെക്കാലമായി ഉയരുന്നുണ്ട്. സോഷ്യൽ മീഡിയയിലൂടെ ഇത്തരം സംഭവങ്ങൾ വ്യാപകമായി ശ്രദ്ധ നേടുന്നതും അധികൃതരുടെ പരിശോധനകൾ ശക്തമാകാൻ കാരണമായി.
2020 മുതൽ ഭക്ഷ്യപരിശോധകർ പ്രതിവർഷം ഒരു ലക്ഷത്തിലധികം സാമ്പിളുകൾ പരിശോധിക്കുന്നുണ്ട്. സർക്കാർ കണക്കുകൾ പ്രകാരം പരിശോധിച്ച സാമ്പിളുകളിൽ ഏകദേശം അഞ്ചിലൊന്ന് സുരക്ഷിതമല്ലാത്തതോ നിലവാരമില്ലാത്തതോ ശരിയായ ലേബലിങ് ഇല്ലാത്തതോ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഏകദേശം 8,000 ഭക്ഷ്യ ബിസിനസ് ലൈസൻസുകൾ റദ്ദാക്കിയതായും റിപ്പോർട്ടുണ്ട്.
ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ FSSAIയും വിവിധ സംസ്ഥാനങ്ങളിലെ ഭക്ഷ്യസുരക്ഷാ വിഭാഗങ്ങളും പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. അടുത്തിടെ ഉത്തർപ്രദേശിൽ നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ കേന്ദ്രത്തിൽ നിന്ന് 1,300 കിലോഗ്രാം മായം കലർന്ന പനീർ പിടിച്ചെടുത്തിരുന്നു. റെയ്ഡുകളുടെ ചിത്രങ്ങളും വീഡിയോകളും അധികൃതർ പുറത്തുവിടുന്നതോടെ നടപടികൾ സമൂഹമാധ്യമങ്ങളിലും വലിയ ശ്രദ്ധ നേടുന്നുണ്ട്.
മഹാരാഷ്ട്രയിലെ ഭക്ഷ്യസുരക്ഷാ കമ്മീഷണർ തുകാറാം മുണ്ടെയുടെ നേതൃത്വത്തിലുള്ള അപ്രതീക്ഷിത പരിശോധനകളും വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. മുംബൈയിലും പരിസര പ്രദേശങ്ങളിലുമുള്ള ഡോമിനോസ്, പിസ്സ ഹട്ട്, മക്‌ഡൊണാൾഡ്‌സ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ ഔട്ട്‌ലെറ്റുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ പരിശോധനകൾ നടന്നിട്ടുണ്ട്. ചില സ്ഥാപനങ്ങളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
ഓഗസ്റ്റ് അവസാനത്തിൽ നടത്തിയ മറ്റൊരു പരിശോധനയിൽ പ്രമുഖ കമ്പനികളുടെ ഉൽപ്പന്നങ്ങളുടെ ലേബലുകളിൽ കാലാവധി തീയതിയും പോഷകവിവരങ്ങളും കൃത്രിമമായി മാറ്റിയതായി കണ്ടെത്തിയിരുന്നു. പെപ്‌സികോ, നെസ്‌ലെ, കൊക്കകോള, യൂണിലിവർ എന്നിവയുടെ കയറ്റുമതി ഉൽപ്പന്നങ്ങൾ ഉൾപ്പെട്ടിരുന്ന ഒരു ഗോഡൗണിലായിരുന്നു പരിശോധന.
ഭക്ഷ്യസുരക്ഷാ നടപടികളുടെ മറ്റൊരു പ്രധാന ഭാഗമാണ് പായ്ക്കിന്റെ മുൻവശത്തെ മുന്നറിയിപ്പ് ലേബലുകൾ കൊണ്ടുവരാനുള്ള നീക്കം. ഉയർന്ന അളവിലുള്ള പഞ്ചസാര, ഉപ്പ്, സാറ്റുറേറ്റഡ് ഫാറ്റ് എന്നിവ അടങ്ങിയ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ പാക്കറ്റിന്റെ മുൻവശത്ത് വ്യക്തമായ മുന്നറിയിപ്പ് നൽകാനാണ് നിർദേശം.
FSSAI മുന്നോട്ടുവച്ച നിർദേശത്തിൽ, ഈ പോഷകങ്ങളിൽ രണ്ടോ അതിലധികമോ നിർദിഷ്ട പരിധി കവിയുന്ന ഉൽപ്പന്നങ്ങളിൽ ചുവന്ന ഹെക്സഗൺ ആകൃതിയിലുള്ള മുന്നറിയിപ്പ് ചിഹ്നം നൽകുന്നതാണ് പരിഗണിക്കുന്നത്.
എന്നാൽ നിർദേശത്തെക്കുറിച്ച് ഭക്ഷ്യവ്യവസായത്തിനും ആരോഗ്യ പ്രവർത്തകർക്കും വ്യത്യസ്തമായ ആശങ്കകളുണ്ട്. വ്യവസായ മേഖലയുടെ വാദം, നിർദേശിച്ച പരിധികൾ വളരെ കർശനമാണെന്നും അതിനാൽ പാക്കറ്റ് ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ വലിയൊരു വിഭാഗത്തിനും ചുവന്ന മുന്നറിയിപ്പ് പതിക്കേണ്ടിവരുമെന്നുമാണ്.
അതേസമയം ആരോഗ്യ പ്രവർത്തകർ പറയുന്നത് മറിച്ചാണ്. രണ്ട് പോഷകങ്ങൾ പരിധി കവിയുമ്പോൾ മാത്രമേ മുന്നറിയിപ്പ് നൽകേണ്ടതുള്ളൂ എന്ന നിബന്ധന വ്യവസായത്തിന് അനുകൂലമായ ഇളവായി മാറുമെന്നും പൊതുജനാരോഗ്യ സംരക്ഷണത്തിന് ഇത് മതിയായതല്ലെന്നുമാണ് അവരുടെ വാദം.
മുന്നറിയിപ്പ് ലേബൽ സംബന്ധിച്ച നിർദേശത്തിൽ സെപ്റ്റംബർ 10ന് സുപ്രീം കോടതി വാദം കേൾക്കാനിരിക്കുകയാണ്. അതിനാൽ വരും ദിവസങ്ങളിൽ പാക്കറ്റ് ഭക്ഷണങ്ങളുടെ ലേബലിങ്ങിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമോ എന്നത് നിർണായകമാണ്. ഹോട്ടലുകളിലെ ശുചിത്വം മുതൽ പാക്കറ്റ് ഭക്ഷണത്തിലെ പോഷക വിവരങ്ങൾ വരെ ഭക്ഷ്യസുരക്ഷയുടെ വിവിധ തലങ്ങളിൽ ഇന്ത്യ കൂടുതൽ കർശനമായ സമീപനത്തിലേക്ക് നീങ്ങുകയാണ്. ഉപഭോക്താക്കളുടെ സുരക്ഷ ലക്ഷ്യമിടുന്ന ഈ നടപടികൾ രാജ്യത്തെ നൂറു ബില്യൺ ഡോളറിലധികം മൂല്യമുള്ള പാക്കേജ്ഡ് ഫുഡ് വ്യവസായത്തിലും വലിയ സ്വാധീനം ചെലുത്താനിടയുണ്ട്.
Content Highlights: Expired Food to Fake Labels: India Steps Up Food Safety Crackdown With Raids, Shutdowns and Stricter Warning Labels