

ഒമാനിൽ 60 വയസ്സിനു മുകളിലുള്ള വിദേശ തൊഴിലാളികളുടെ വർക്ക് പെർമിറ്റുകൾ പുതുക്കി നൽകുന്നത് ഭരണകൂടം നിർത്തിവെച്ചതായി റിപ്പോർട്ടുകൾ. 60 വയസ്സ് പൂർത്തിയായ പ്രവാസികൾക്ക് ഇനി മുതൽ പുതിയ പെർമിറ്റുകളോ പുതുക്കലുകളോ അനുവദിക്കില്ലെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിന് പിന്നാലെ, സമീപ ആഴ്ചകളിൽ വിസ പുതുക്കാൻ അപേക്ഷിച്ച 60 വയസ്സ് കഴിഞ്ഞ നിരവധിയാളുകളുടെ അപേക്ഷകൾ നിരസിക്കപ്പെട്ടതായി പ്രവാസികളും സ്ഥിരീകരിക്കുന്നുണ്ട്.
60 വയസ്സിന് മുകളിലുള്ളവരുടെ തൊഴിൽ അനുമതിയുമായി ബന്ധപ്പെട്ട് 2022 ജനുവരിയിൽ തൊഴിൽ മന്ത്രാലയം നയം പുറപ്പെടുവിച്ചിരുന്നുവെങ്കിലും ഇതിൽ ചില ഇളവുകൾ നൽകിയിരുന്നു. പരിചയസമ്പന്നരായ മുതിർന്ന ജീവനക്കാരെ നിലനിർത്താൻ ആഗ്രഹിക്കുന്ന സ്വകാര്യ മേഖലയിലെ കമ്പനികളുടെ താൽപ്പര്യം മുൻനിർത്തി തീരുമാനം പുനഃപരിശോധനയ്ക്കായി മാറ്റിവെക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ അപേക്ഷകൾ വ്യാപകമായി നിരസിക്കപ്പെടാൻ തുടങ്ങിയതോടെ പഴയ നിലപാടിൽ മാറ്റം വന്നതായാണ് സൂചന.
പെർമിറ്റുകൾ തുടർന്നും പുതുക്കി ലഭിക്കുമെന്ന പ്രതീക്ഷയിൽ ഒമാനിൽ കഴിഞ്ഞിരുന്ന ദീർഘകാല പ്രവാസികൾക്ക് ഈ തീരുമാനം വലിയ തിരിച്ചടിയായിട്ടുണ്ട്. വർഷങ്ങളായി രാജ്യത്ത് സേവനമനുഷ്ഠിക്കുന്ന നിരവധി മുതിർന്ന തൊഴിലളികളുടെ ജോലിയെയും താമസാനുമതിയെയും ഇത് നേരിട്ട് ബാധിക്കും. പെട്ടെന്നുണ്ടായ ഈ മാറ്റം തങ്ങളുടെ ഭാവി പദ്ധതികളെയും കുടുംബ ജീവിതത്തെയും അനിശ്ചിതത്വത്തിലാക്കിയതായി പ്രവാസികൾ ആശങ്ക പങ്കുവെക്കുന്നു.
Content Highlights: A report that Oman is not renewing visas for expatriate workers aged above 60 has raised concerns among foreign workers. The reported development could affect work permits and employment prospects for older expatriates in the country.