

ഇന്ത്യക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്തയുമായി ഇമിഗ്രേഷന്‍ ബ്യൂറോ. ഇന്ത്യയില്‍ നിന്നും വിദേശത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഇനിമുതല്‍ എമിഗ്രേഷന്‍ പാസ്സ് കയ്യില്‍ കരുതേണ്ട ആവശ്യമില്ല. സെപ്തംബര്‍ ഒന്നുമുതല്‍ പേപ്പര്‍ ബോര്‍ഡിങ് പാസ് നിര്‍ബന്ധമില്ലെന്ന് ഇമിഗ്രേഷന്‍ ബ്യൂറോ അറിയിച്ചു. ഇമിഗ്രേഷന്‍ കൗണ്ടറുകളില്‍ ബോര്‍ഡിങ് പാസില്‍ സീല്‍ പതിപ്പിക്കുന്ന രീതിയും ഇതോടൊപ്പം അവസാനിപ്പിക്കും. യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ രാതിയില്‍ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റം. അന്താരാഷ്ട്ര വിമാനത്താവള ഓപ്പറേറ്റര്‍മാര്‍ക്കും സിഐഎസ്എഫിനും ഇതുസംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ കൈമാറി.
നിലവില്‍ യാത്രക്കാര്‍ക്ക് വിമാനത്താവളങ്ങളില്‍ ഫിസിക്കല്‍ ബോര്‍ഡിങ് പാസ് ഹാജറാക്കുകയും ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അതില്‍ സ്റ്റാമ്പ് പതിപ്പിക്കുകയും ചെയ്യണം. എന്നാല്‍ ഇത് രീതി യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടടിക്കുന്നുണ്ടെന്നും സ്റ്റാമ്പ് പതിപ്പിക്കുന്നതിലെ പ്രശ്‌നങ്ങള്‍ കാരണം ബോര്‍ഡിങ് പാസുകള്‍ റീഡ് ചെയ്യുന്നതില്‍ പലപ്പോഴും തടസ്സങ്ങള്‍ ഉണ്ടാകാറുണ്ടെന്നും ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ വിലയിരുത്തി. ഈ കാര്യങ്ങള്‍ വിലയിരുത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതമാക്കിക്കൊണ്ടുള്ള പുതിയ തീരുമാനം അധികൃതര്‍ പുറത്തുവിട്ടത്.
പുതിയ ഉത്തരവ് പ്രകാരം യാത്രക്കാര്‍ക്ക് ഇമിഗ്രേഷന്‍ കൗണ്ടറുകളില്‍ ഫിസിക്കല്‍ ബോര്‍ഡിങ് പാസുകള്‍ക്ക് പകരം ഇ-ബോര്‍ഡിങ് പാസുകള്‍ ഉപയോഗിക്കാം. അതേസമയം ഫിസിക്കല്‍ ബോര്‍ഡിങ് പാസാണ് കയ്യില്‍ കരുതുന്നതെങ്കില്‍ അത് സ്വീകരിക്കുമെങ്കിലും ഇനിമുതല്‍ അതില്‍ സ്റ്റാമ്പ് പതിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
Content Highlight: International passengers departing from India will no longer need a physical boarding pass for immigration clearance from September 1, as digital boarding passes will be accepted.