

ഒമാനിൽ ഭക്ഷ്യസാധനങ്ങൾക്കും ഗതാഗതത്തിനും ചെലവേറിയതോടെ ജൂലൈ മാസത്തിലെ ഉപഭോക്തൃ വിലക്കയറ്റ നിരക്ക് (പണപ്പെരുപ്പം) 3.2 ശതമാനമായി ഉയർന്നു. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ (NCSI) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളിലാണ് ഇക്കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജന ജീവിതച്ചെലവിൽ വലിയ വർദ്ധനവ് ഉണ്ടായതായി വ്യക്തമാക്കുന്നത്.
ഭക്ഷ്യവസ്തുക്കളുടെയും ലഹരിരഹിത പാനീയങ്ങളുടെയും വിഭാഗത്തിലാണ് ഏറ്റവും ഉയർന്ന നിരക്കായ 7.3 ശതമാനം വാർഷിക വർദ്ധനവ് രേഖപ്പെടുത്തിയത്. പ്രധാനമായും പച്ചക്കറികളുടെ വിലയിൽ 19.9 ശതമാനവും പഴവർഗങ്ങളുടെ വിലയിൽ 15.8 ശതമാനവും കുത്തനെ ഉയർന്നതാണ് സാധാരണക്കാർക്ക് വലിയ തിരിച്ചടിയായത്. ഇതോടൊപ്പം മാംസത്തിന് 8.7 ശതമാനവും മത്സ്യത്തിന് 5.7 ശതമാനവും വില വർദ്ധിച്ചു. ഗതാഗത ചെലവുകളിൽ 6.5 ശതമാനവും വ്യക്തിഗത സാധനങ്ങൾക്കും സേവനങ്ങൾക്കും 5.3 ശതമാനവും നിരക്ക് ഉയർന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.
പാനീയ വിഭാഗത്തിൽ മദ്യമേതര പാനീയങ്ങൾക്ക് 3.3 ശതമാനവും പഞ്ചസാര, മധുരപലഹാരങ്ങൾ എന്നിവയ്ക്ക് 2.4 ശതമാനവും വില കൂടി. പാലുൽപ്പന്നങ്ങൾക്കും മുട്ടയ്ക്കും 2.2 ശതമാനവും മറ്റ് ഭക്ഷ്യോൽപ്പന്നങ്ങൾക്ക് 2.1 ശതമാനവും ധാന്യങ്ങൾക്കും ബ്രെഡിനും ഒരു ശതമാനവും എണ്ണകൾക്കും കൊഴുപ്പ് ഉത്പ്പന്നങ്ങൾക്കും 0.5 ശതമാനവും നിരക്ക് വർദ്ധിച്ചിട്ടുണ്ട്. എങ്കിലും വീട്ടുവാടക, വെള്ളം, വൈദ്യുതി, ഗ്യാസ് ഉൾപ്പെടെയുള്ള ഇന്ധനങ്ങൾ എന്നിവയുടെ നിരക്കിൽ 0.6 ശതമാനം കുറവ് രേഖപ്പെടുത്തിയത് ആശ്വാസമായി. ആശയവിനിമയം, വസ്ത്രങ്ങൾ, പാദരക്ഷകൾ എന്നിവയുടെ നിരക്കുകളിൽ മാറ്റമില്ലാതെ തുടർന്നു.
രാജ്യത്തെ ഗവർണറേറ്റുകൾ പരിശോധിക്കുമ്പോൾ പണപ്പെരുപ്പ നിരക്കിൽ വ്യത്യാസങ്ങൾ പ്രകടമാണ്. അൽ ദാഹിറയിലാണ് ഏറ്റവും ഉയർന്ന വാർഷിക പണപ്പെരുപ്പം രേഖപ്പെടുത്തിയത്. 4.4 ശതമാനമാണ് ഇവിടുത്തെ പണപ്പെരുപ്പ നിരക്ക്. തൊട്ടുപിന്നാലെ അൽ ദാഖിലിയയിൽ 3.7 ശതമാനവും മസ്‌കറ്റിലും അൽ വുസ്തയിലും 3.4 ശതമാനം വീതവും രേഖപ്പെടുത്തി. സൗത്ത് അൽ ഷർഖിയ, മുസന്ദം എന്നിവിടങ്ങളിൽ മൂന്ന് ശതമാനവും അൽ ബുറൈമിയിൽ 2.8 ശതമാനവുമാണ് നിരക്ക്. വടക്കൻ അൽ ബത്തിനയിലും വടക്കൻ അൽ ഷർഖിയയിലും 2.5 ശതമാനവും സൗത്ത് അൽ ബത്തിനയിൽ 2.4 ശതമാനവും വിലക്കയറ്റം കണ്ടപ്പോൾ, ഒമാനിൽ ഏറ്റവും കുറഞ്ഞ പണപ്പെരുപ്പ നിരക്ക് രേഖപ്പെടുത്തിയത് ദോഫാറിലാണ്. 2.1 ശതമാനമാണ് ഇവിടുത്തെ പണപ്പെരുപ്പ നിരക്ക്.
Content Highlights: Oman’s inflation rate increased to 3.2 percent in July, indicating rising living costs and consumer prices. The latest figures highlight continued pressure on household expenses in the Gulf country.