ഹോർമുസ് കടലിടുക്കിൽ സമാധാന ശ്രമവുമായി ഒമാൻ; ഇറാനെതിരെ കടുപ്പിച്ച് അമേരിക്ക

മസ്‌കറ്റിൽ വെച്ച് ജാപ്പനീസ് വിദേശകാര്യ മന്ത്രിയുമായി നടത്തിയ ഉന്നതതല ചർച്ചയ്ക്ക് ശേഷമാണ് ഒമാൻ പ്രസ്താവനയിറക്കിയത്.

ഹോർമുസ് കടലിടുക്കിൽ സമാധാന ശ്രമവുമായി ഒമാൻ; ഇറാനെതിരെ കടുപ്പിച്ച് അമേരിക്ക
dot image

ഹോർമുസ് കടലിടുക്കിൽ ശാശ്വതമായ സുരക്ഷ ഉറപ്പാക്കാൻ പ്രാദേശിക സമാധാനവും നയതന്ത്ര ഇടപെടലുകളും അനിവാര്യമാണെന്ന് ഒമാൻ. മസ്‌കറ്റിൽ ജാപ്പനീസ് വിദേശകാര്യ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഒമാൻ നയതന്ത്ര നിലപാട് വ്യക്തമാക്കിയത്. അതേസമയം, മേഖലയിൽ സംഘർഷ സാധ്യത നിലനിൽക്കെ ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധങ്ങളുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി.

ആഗോള ഊർജ്ജ വിതരണ പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗത സ്വാതന്ത്ര്യവും സമുദ്ര സുരക്ഷയും പൂർണ്ണമായി സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് ഒമാൻ നിലപാടെടുത്തു. എണ്ണക്കപ്പലുകളുടെയും ചരക്ക് ഗതാഗതത്തിന്റെയും തടസ്സമില്ലാത്ത ഒഴുക്ക് ഉറപ്പാക്കാൻ ശക്തമായ അന്താരാഷ്ട്ര സഹകരണവും സംയുക്ത ശ്രമങ്ങളും അടിയന്തിരമായി ആവശ്യമാണെന്നും വ്യക്തമാക്കി.

മേഖലയിൽ സംഘർഷം കൂടുതൽ വഷളാകുന്നത് ഒഴിവാക്കാൻ സൈനിക നടപടികൾക്ക് പകരം ചർച്ചകൾക്കും നയതന്ത്ര ശ്രമങ്ങൾക്കും മുൻഗണന നൽകണം. മസ്‌കറ്റിൽ വെച്ച് ജാപ്പനീസ് വിദേശകാര്യ മന്ത്രിയുമായി നടത്തിയ ഉന്നതതല ചർച്ചയ്ക്ക് ശേഷമാണ് ഒമാൻ പ്രസ്താവനയിറക്കിയത്.

അതേസമയം, ഇറാനെ അമേരിക്കൻ നിബന്ധനകൾക്ക് വിധേയമാക്കാൻ സാമ്പത്തികമായി പൂർണ്ണമായി ഞെരുക്കുന്ന പുതിയ തന്ത്രമാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. ആറുമാസത്തെ യുദ്ധത്തിന് ശേഷം ഇറാന്റെ സാമ്പത്തിക അടിത്തറ തകർക്കുക എന്ന ലക്ഷ്യത്തോടെ ചരിത്രത്തിലെ തന്നെ ഏറ്റവും കടുത്ത സാമ്പത്തിക ഉപരോധങ്ങളിലൊന്നാണ് യുഎസ് ആവിഷ്കരിച്ചിരിക്കുന്നത്.

ഇറാനെ കൂടാതെ, ഇറാൻ സമ്പദ്‌വ്യവസ്ഥയെ നിലനിർത്താൻ സഹായിക്കുന്ന വിദേശ രാജ്യങ്ങൾ, ബാങ്കുകൾ, സ്വകാര്യ ബിസിനസ് സ്ഥാപനങ്ങൾ എന്നിവയ്ക്കെതിരെയും കർശനമായ നടപടികളുണ്ടാകുമെന്ന് അമേരിക്കൻ ഭരണകൂടം മുന്നറിയിപ്പ് നൽകി. നേരിട്ടുള്ള സൈനിക നടപടികൾക്ക് പകരം ഈ കടുത്ത സാമ്പത്തിക സമ്മർദ്ദം ഇറാന്റെ നിലപാടുകളിൽ മാറ്റം വരുത്തുമെന്നാണ് അമേരിക്ക പ്രതീക്ഷിക്കുന്നത്.

Content Highlights: Oman is pursuing diplomatic efforts to ease tensions around the Strait of Hormuz and facilitate an agreement on shipping routes, while the United States is taking a tougher stance against Iran as peace efforts remain stalled.

dot image
To advertise here,contact us
dot image