സൗന്ദര്യവർദ്ധക വസ്തുക്കളിൽ അലർജി ഘടകങ്ങൾ പരസ്യപ്പെടുത്തണം; കർശന നിർദ്ദേശവുമായി ഒമാൻ

നിർദ്ദിഷ്ട നിയന്ത്രണങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ട് മാത്രമേ ഇനി മുതൽ ഈ ഉത്പ്പന്നങ്ങൾ വിപണിയിൽ ഇറക്കാൻ പാടുള്ളൂവെന്നും മന്ത്രാലയം വ്യക്തമാക്കി.

സൗന്ദര്യവർദ്ധക വസ്തുക്കളിൽ അലർജി ഘടകങ്ങൾ പരസ്യപ്പെടുത്തണം; കർശന നിർദ്ദേശവുമായി ഒമാൻ
dot image

സൗന്ദര്യവർദ്ധക വസ്തുക്കളിലും ബോഡി ക്രീമുകൾ ഉൾപ്പെടെയുള്ള വ്യക്തിഗത പരിചരണ ഉത്പ്പന്നങ്ങളിലും അലർജിയുണ്ടാക്കുന്ന ഘടകങ്ങൾ ലേബലിൽ കൃത്യമായി രേഖപ്പെടുത്തണമെന്ന് ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം കർശന നിർദ്ദേശം നൽകി. ഉത്പ്പന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഉപഭോക്താക്കൾക്ക് കൃത്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുമായാണ് പുതിയ ലേബലിം​ഗ് സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്.

പുതിയ നിർദ്ദേശങ്ങൾ പ്രകാരം, മന്ത്രാലയം പ്രത്യേകം തയ്യാറാക്കിയ 80 തരം അലർജികളുടെ പുതുക്കിയ പട്ടികയിലെ പദാർത്ഥങ്ങൾ അടങ്ങിയിട്ടുള്ള എല്ലാ സൗന്ദര്യവർദ്ധക വസ്തുക്കളുടെയും വിവരങ്ങൾ നിർമ്മാതാക്കളും ഇറക്കുമതിക്കാരും പാക്കറ്റിന് പുറത്ത് വ്യക്തമായി വെളിപ്പെടുത്തണം. നിർദ്ദിഷ്ട നിയന്ത്രണങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ട് മാത്രമേ ഇനി മുതൽ ഈ ഉത്പ്പന്നങ്ങൾ വിപണിയിൽ ഇറക്കാൻ പാടുള്ളൂവെന്നും മന്ത്രാലയം വ്യക്തമാക്കി.

സർക്കുലറിലെ നിർദ്ദേശങ്ങൾ പാലിക്കാത്ത ഉത്പ്പന്നങ്ങളുടെ ഇറക്കുമതിയോ നിർമ്മാണമോ 2026 ഡിസംബർ 31-ന് ശേഷം അനുവദിക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു. എന്നാൽ, നിലവിൽ ഒമാൻ വിപണിയിൽ ലഭ്യമായ ഉത്പ്പന്നങ്ങൾക്ക് പുതിയ ലേബലിംഗ് രീതിയിലേക്ക് മാറുന്നതിനായി 2028 ഡിസംബർ 31 വരെ ഇളവ് അനുവദിച്ചിട്ടുണ്ട്.

ഈ സമയപരിധി കഴിഞ്ഞിട്ടും നിർദ്ദിഷ്ട ചട്ടങ്ങൾ പാലിക്കാതെ, പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള അലർജി പദാർത്ഥങ്ങൾ അടങ്ങിയ ഉൽപ്പന്നങ്ങൾ വിപണിയിൽ വിൽക്കുകയോ വിതരണം ചെയ്യുകയോ ചെയ്താൽ അവ പൂർണ്ണമായും കണ്ടുകെട്ടും. കൂടാതെ ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Content Highlights: Oman has introduced stricter regulations requiring manufacturers and sellers to clearly label allergenic ingredients in cosmetic products. The move is intended to protect consumers, improve product transparency, and help people with allergies make informed purchasing decisions.

dot image
To advertise here,contact us
dot image