ലൈസൻസില്ലാത നിയമ സേവനങ്ങൾ നൽകരുത്; സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കർശന മുന്നറിയിപ്പുമായി ഒമാൻ

നിയമ ലംഘകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ലൈസൻസില്ലാത നിയമ സേവനങ്ങൾ നൽകരുത്; സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കർശന മുന്നറിയിപ്പുമായി ഒമാൻ
dot image

ഒമാനില്‍ ലൈസന്‍സില്ലാതെ നിയമ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ മുന്നറിയിപ്പുമായി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. ഇത്തരക്കാര്‍ നിയമ സേവനങ്ങള്‍ നല്‍കുന്നതില്‍ നിന്ന് ഉടനടി വിട്ടുനില്‍ക്കണമെന്ന് മന്ത്രാലയം നിര്‍ദ്ദേശിച്ചു. നിയമ ലംഘകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഒമാനില്‍ ഔദ്യോഗികമായ ലൈസന്‍സില്ലാതെ നിരവധി സ്ഥാപനങ്ങളും വ്യക്തികളും നിയമ സേവനങ്ങള്‍ നല്‍കുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്. ലൈബ്രറികള്‍, ഡോക്യുമെന്റ് കോപ്പി ഓഫീസുകള്‍, സനദ് സര്‍വീസ് സെന്ററുകള്‍, ട്രാന്‍സാക്ഷന്‍ ഫോളോ-അപ്പ് ഓഫീസുകള്‍ എന്നിവക്ക് പുറമെ മറ്റ് വിവിധ സ്ഥാപനങ്ങളും ഇത്തരത്തിലുളള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായണ് അന്വേഷണത്തില്‍ വ്യക്തമായത്.

ക്ലെയിം പ്രസ്താവനകളും നിയമപരമായ മെമ്മോറാണ്ടകളും തയ്യാറാക്കല്‍, നിയമോപദേശം നല്‍കല്‍, കരാറുകളുടെ കരട് തയ്യാറാക്കല്‍, നോട്ടറി സാക്ഷ്യപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കല്‍, കമ്പനി സംയോജന നടപടിക്രമങ്ങള്‍ സ്വീകരിക്കല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നതായി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം വ്യക്തമാക്കി. ലൈസന്‍സില്ലാതെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് നിയമ വിരുദ്ധമാണെന്ന് അധികൃതര്‍ അറിയിച്ചു. അഭിഭാഷക, നിയമ കണ്‍സള്‍ട്ടന്‍സി നിയമത്തിന്റെ ഗുരുതരമായ ലംഘനമാണ് ഇതെന്നും മന്ത്രാലയം വ്യക്തമാക്കി.

നീതിന്യായ, നിയമകാര്യ മന്ത്രാലയം ലൈസന്‍സ് ചെയ്തിട്ടുള്ള നിയമ സ്ഥാപനങ്ങള്‍ക്കും കണ്‍സള്‍ട്ടന്‍സി ഓഫീസുകള്‍ക്കും മാത്രമാണ് ഇത്തരം സേവനങ്ങള്‍ നല്‍കാന്‍ അധികാരമുള്ളത്. നിയമ ലംഘകര്‍കര്‍ ശക്തമായ നടപടി നേരിടേണ്ടി വരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുന്നതിനായി വരും ദിവസങ്ങളില്‍ രാജ്യവ്യാപകമായി പരിശോധനയും ശക്തമാക്കാനാണ് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന്റെ തീരുമാനം.

Content Highlights: Oman has issued a strict warning to companies and individuals against providing legal services without a valid license. Authorities said strong action will be taken against violations.

dot image
To advertise here,contact us
dot image