

ഇന്ത്യൻ പ്രീമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന ഗുജറാത്ത് ടൈറ്റൻസ് - മുംബൈ ഇന്ത്യൻസ് പോരാട്ടത്തിൽ ഗില്ലും സംഘവും മുംബൈയോട് കൂറ്റൻ റൺസിന് തോല്‍വി വഴങ്ങിയിരുന്നു. ഇപ്പോൾ അതിൽ പിന്നാലെ ഗുജറാത്ത് ടൈറ്റൻസിനെ ആകെ കഴപ്പത്തിലാക്കിയിരിക്കുകയാണ് അവരുടെ സ്റ്റാർ പേസർ കഗിസോ റബാഡയുടെ വിവാദ വീഡിയോ. ടീം ഹോട്ടലിൽ എത്തിയതിന് ശേഷം അവിടെ ഇരുന്ന് താരം പുകവലിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം. വീഡിയോയുടെ ആധികാരികത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ആരാധകർക്കിടയിൽ ഇത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സംഭവത്തെ അനുകൂലിച്ചും എതിർത്തും ആരാധകർ വീഡിയോയ്ക്ക് താഴെ കമെന്റുകളും ഇടുന്നുണ്ട്.
ടീം ഹോട്ടലിൽ എത്തിയതിന് ശേഷം നിലത്തിരുന്ന് പുകവലിക്കുന്ന റബാഡയെ വിഡിയോയിൽ വ്യക്തമാണ്. മാത്രവുമല്ല, താരത്തിനൊപ്പം ഗുജറാത്ത് ടൈറ്റൻസ് മാനേജ്‌മെന്‍റുമായി ബന്ധപ്പെട്ടതെന്ന് കരുതുന്ന മറ്റ് ചില വ്യക്തികളെയും കാണാൻ സാധിക്കും. എന്നാൽ ഇത് എപ്പോഴുള്ള വീഡിയോ ആണ് എന്നതിലൊന്നും ഇതുവരെ വ്യക്തതയില്ല. സംഭവത്തില്‍ റാബഡയുടെയോ ഗുജറാത്ത് ടൈറ്റൻസ് ടീമിന്‍റെയോ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക വിശദീകരണവും വന്നിട്ടില്ല. നേരത്തെ ഇതിന് സമാനമായി യുസ്‌വേന്ദ്ര ചഹലിന്‍റേതെന്ന പേരിൽ പുകവലിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഇത്തരത്തിൽ റബാഡയുടെ വീഡിയോയും എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നതാണെന്ന വാദവും ഉയരുന്നു വരുന്നുണ്ട്.
ഇതിനൊപ്പം കഴിഞ്ഞ വര്ഷം താരം നേരിട്ട വിലക്കും വീണ്ടും വാർത്തകളിൽ നിറയുകയാണ്. മുൻ സീസണിൽ ഡോപ്പിംഗ് നിയമങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ട് സൗത്ത് ആഫ്രിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡ്രഗ് ഫ്രീ സ്പോർട്സ് റബാഡയ്ക്ക് ഒരു മാസത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന് സീസണിനിടയിൽ താരം നാട്ടിലേക്കും മടങ്ങിയിരുന്നു. ഇതുകൂടി കണക്കിലെടുത്ത് കടുത്ത നടപടി ഉണ്ടാകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
ഈ സീസണിൽ ഗുജറാത്തിന്‍റെ വിക്കറ്റ് വേട്ടക്കാരിൽ മുന്നിലാണ് കാഗിസോ റബാഡ. 6 മത്സരങ്ങളിൽ നിന്ന് 10 വിക്കറ്റുകൾ വീഴ്ത്തി പർപ്പിൾ ക്യാപ് പോരാട്ടത്തിലും താരം മുന്നിലുണ്ട്. മുംബൈക്കെതിരായ മത്സരത്തില്‍ 3 മുന്‍നിര ബാറ്റർമാരുടെ വിക്കറ്റുകള്‍ വീഴ്ത്തി റബാഡ മിന്നും പ്രകടനം കാഴ്ച്ചവെച്ചിരുന്നു. നിലവിൽ പോയിന്‍റ് പട്ടികയിൽ ആറാം സ്ഥാനത്തുള്ള ഗുജറാത്തിന് പ്ലേ ഓഫ് ഉറപ്പിക്കണമെങ്കിൽ വരും മത്സരങ്ങൾ ജയിക്കേണ്ടതുണ്ട്. ഏപ്രിൽ 24-ന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടാനിരിക്കെ ഇത്തരം വിവാദങ്ങൾ ടീമിന്‍റെ ആത്മവീര്യം തകര്‍ക്കുമോ എന്നതാണ് ആരാധകരുടെ ആശങ്ക.
Content highlight: Gujarat Titans player smoking in hotel viral video