

റമദാന്‍ മാസത്തില്‍, സാമ്പത്തിക ബാധ്യതയില്‍പ്പെട്ട് തടവിലാക്കപ്പെട്ട 725 തടവുകാരെ ഒമാന്‍ ലോയേഴ്സ് അസോസിയേഷന്റെ ഫാക്-കുര്‍ബ സംരംഭത്തിലൂടെ മോചിപ്പിച്ചു. പൊതുജനങ്ങളില്‍ നിന്നും വിവിധ സംഘടനകളില്‍ നിന്നും ധനസമാഹരണം നടത്തിയാണ് തടവുകാരുടെ സാമ്പത്തിക ബാധ്യകളും പിഴകളും തീര്‍ത്തത്. ഈ റമദാന്‍ മാസത്തില്‍ കൂടുതല്‍ തടവുകാരുടെ മോചനം സാധ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലാണ് ലോയേഴ്‌സ് അസോസിയേഷന്‍.
റമദാന്‍ മാസം ആരംഭിച്ച് ആദ്യ രണ്ടാഴ്ചക്കുള്ളിലാണ് 725 തടവുകാരെ മോചിപ്പിക്കാന്‍ ഒമാന്‍ ലോയേഴ്സ് അസോസിയേഷന്റെ ഫാക്-കുര്‍ബ സംരംഭത്തിന് കഴിഞ്ഞത്. ആദ്യ ആഴ്ചയില്‍ 397 തടവുകാരെയും രണ്ടാമത്തെ ആഴ്ചയില്‍ 328 പേരെയും മോചിപ്പിക്കാനായതായി ഒമാന്‍ ലോയേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി. സാമ്പത്തിക, സിവില്‍ കേസുകളില്‍ തടവിലാക്കപ്പെട്ടവരാണ് മോചിതരായത്.
പൊതുജനങ്ങളില്‍ നിന്നും വിവിധ ചാരിറ്റി സംഘടനകളില്‍ നിന്നും ഫണ്ട് ശേഖരിച്ചാണ് ഇവരുടെ പിഴകളും മറ്റ് സാമ്പത്തിക ബാധ്യതകളും തീര്‍ത്തത്. തടവുകാര്‍ക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങാനും കുടുംബങ്ങളോടൊപ്പം കഴിയാനും ഇതിലൂടെ കഴിഞ്ഞതായും ഫാക്-കുര്‍ബ സംരംഭത്തിന് നേതൃത്വം നല്‍കുന്നവര്‍ ചൂണ്ടികാട്ടുന്നു. സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാന്‍ കഴിയാത്ത കൂടുതല്‍ തടവുകാരെ സഹായിക്കുന്നതിനായി മറമദാന്‍ മാസത്തില്‍ അവശേഷിക്കുന്ന ദിവസങ്ങളിലും സംരഭം തുടരാനാണ് തീരുമാനം. കേസുകള്‍ അവലോകനം ചെയ്യുന്നതിനും കടങ്ങള്‍ തീര്‍പ്പാക്കുന്നതിനും ബന്ധപ്പെട്ട അധികാരികളുമായി ഏകോപിച്ചാണ് ഫാക് കുര്‍ബ സംരംഭം പ്രവര്‍ത്തിക്കുന്നത്.
ജുഡീഷ്യല്‍ അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്സ് കൗണ്‍സില്‍ നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകള്‍ക്കനുസൃതമായാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നത്. മുന്‍ വര്‍ഷങ്ങളിലും വിവിധ കേസുകളില്‍പെട്ട് ജയിലിലായ നിരവധി ആളുകളെ മോചിപ്പിക്കാന്‍ ഈ സംരഭത്തിലൂടെ കഴിഞ്ഞിട്ടുണ്ട്. പല കാരണങ്ങളാല്‍ തടവിലാക്കപ്പെട്ടവരുടെ മോചനം സാധ്യമാകുന്നതിലൂടെ നിരവധി കുടുംബങ്ങള്‍ക്ക് കൂടിയാണ് അത് ആശ്വാസം പകരുന്നതെന്നും സംഘാടകര്‍ വ്യക്തമാക്കി.
Content Highlights: Oman releases several prisoners during Ramadan and waives their financial liabilities as part of a humanitarian gesture.