

ഗൾഫ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സ്വന്തം രാജ്യങ്ങളിലേക്കുള്ള യാത്രക്കായി മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തെ ആശ്രയിക്കുന്നതോടെ യാത്രക്കാരുടെ തിരക്ക് വലിയ തോതില്‍ വര്‍ദ്ധിച്ചു. ഗള്‍ഫ് മേഖലയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി കൂടുതല്‍ വിമാന സര്‍വീസുകള്‍ ലഭ്യമാക്കുന്നതിന് വിവിധ സര്‍ക്കാരുകളുമായും അന്താരാഷ്ട്ര വിമാനക്കമ്പനികളുമായും ഒമാൻ ഭരണകൂടം ആശയം വിനിമയം നടത്തുന്നതിന്റെ പിന്നാലെയാണ് അവിശ്വസനീയ തിരക്ക്.
പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ യാത്ര ചെയ്യാനാകാതെ നിരവധി ആളുകള്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പശ്ചാത്തലത്തിലാണ് ഒമാന്‍ ഭരണകൂടത്തിന്റെ ഇടപെടല്‍. നാഷണാലിറ്റിയോ പാസ്പോര്‍ട്ട് നിലയോ പരിഗണിക്കാതെ, യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും സുരക്ഷിതമായി യാത്ര ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി വ്യക്തമാക്കി. ഇതോടെ വ്യോമാതിര്‍ത്തി തടസ്സങ്ങള്‍ക്കിടയില്‍ മസ്‌കറ്റ് വിമാനത്താവളം ജിസിസി യാത്രക്കാരുടെ
ഒരു പ്രധാന കേന്ദ്രമായി മാറുകയാണ്.
നിരവധി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ സ്വന്തം രാജ്യങ്ങളിലേക്കുള്ള യാത്രക്കായി മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തെ ഒരു ട്രാന്‍സിറ്റ് ഹബ്ബായാണ് ഉപയോഗിക്കുന്നത്. ഇതോടെ യാത്രക്കാരുടെ തിരക്കും വലിയ തോതില്‍ വര്‍ദ്ധിച്ചു. പ്രത്യേക വിമാനങ്ങള്‍ ഉള്‍പ്പെടെ നിരവധി ലക്ഷ്യ സ്ഥാനങ്ങളിലേക്ക് മസ്‌ക്കറ്റ് അന്താരാഷ്ട്ര വിമാനത്തനവാളത്തില്‍ നിന്ന് സര്‍വീസുകള്‍ നടത്തുന്നുണ്ട്. യുഎഇയില്‍ നിന്ന് റോഡ് മാര്‍ഗം എത്തുന്നവരാണ് ഇതില്‍ ഏറെയും. തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ക്രമീകണരവും വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പൊതുജനങ്ങള്‍ക്ക് അവരുടെ യാത്രാ നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും തടസമില്ലാതെ യാത്ര തുടരാനും കഴിയുമെന്ന് ഓപ്പറേഷന്‍ ടീം വ്യക്തമാക്കി. വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് ഫ്‌ലൈറ്റ് ഷെഡ്യൂളുകള്‍ സ്ഥിരീകരിക്കുന്നതിന് അതത് എയര്‍ലൈനുകളുമായി ബന്ധപ്പെടണം. സുരക്ഷാ കാരണങ്ങളാൽ വിമാനത്താവള സൗകര്യങ്ങളുടെയോ യാത്രക്കാരുടെയോ ഫോട്ടോയും വീഡിയോയും എടുക്കുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ യാത്രക്കാരോട് അഭ്യര്‍ത്ഥിച്ചു. യാത്രക്കാര്‍ വിമാനം പുറപ്പെടുന്നതിന് 12 മണിക്കൂര്‍ മുമ്പെങ്കിലും അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ എത്തണമെന്ന് ഒമാന്‍ എയര്‍ നിര്‍ദ്ദേശിച്ചു.അതിര്‍ത്തി ക്രോസിംഗുകളിലെ ഉയര്‍ന്ന ഗതാഗതക്കുരുക്കിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം.
Content Highlights: After Oman announced support for expatriates wishing to return home from the Gulf, a large crowd gathered in Muscat as many rushed to take advantage of the opportunity.