

ഡിറ്റ്‌വ ചുഴലിക്കാറ്റും പ്രളയവും ദുരന്തം വിതച്ച ശ്രീലങ്കയിൽ സഹായ ഹസ്തവുമായി മസ്കത്ത് കെഎംസിസി. കെഎംസിസിയുടെ നാഷണൽ കമ്മിറ്റിയാണ് ഇന്ത്യയുടെ അയൽരാജ്യമായ ഈ ദ്വീപ് രാഷ്ട്രത്തിന് സഹായവുമായി എത്തിയത്. കെഎംസിസിയുടെ മസ്കത്ത് നാഷണൽ കമ്മിറ്റി സെക്രട്ടറി ഖലീൽ നാട്ടിക, അബ്ദുൽ കരീം പേരാമ്പ്ര എന്നിവരാണ് കെഎംസിസിയെ പ്രതിനിധീകരിച്ച് ശ്രീലങ്കയിലെത്തിയത്. ദുരിതാശ്വാസ സാമഗ്രികൾ സംഘം ശ്രീലങ്കൻ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടർ ജനറൽ ഓഫ് ഡിസാസ്റ്റർ മാനേജ്‌മെന്റ് സെന്റർ പ്രതിനിധി ക്യാപ്റ്റൻ റുവാന് കൈമാറി.
ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും വീട്ടുപകരണങ്ങളും കുട്ടികളുടെ അവശ്യസാധനങ്ങളും അടക്കം 10 ടണ്ണോളം സാമഗ്രികളാണ് കെഎംസിസി ശ്രീലങ്കയിൽ എത്തിക്കുന്നത്. ഇതിന്റെ ഒന്നാം ഘട്ടത്തിൽ, ആറ് ടണ്ണോളം സാധനങ്ങൾ സലാം എയർ, ഫിറ്റ്സ് എയർ ശ്രീലങ്ക എന്നിവയുടെ സഹായത്തോടെ എത്തിച്ചു കഴിഞ്ഞു.
ഒരാഴ്ച മുമ്പാണ് 607 ഓളം പേരുടെ മരണവും 214 പേരെ കാണാതാകുകയും ചെയ്ത ഡിറ്റ്‍വ ചുഴലിക്കാറ്റ് ശ്രീലങ്കയിൽ നാശം വിതച്ചത്. ദശലക്ഷത്തിലധികം ജനങ്ങളുടെ ജീവിതമാണ് ചുഴലിക്കാറ്റ് ദുരന്തത്തിൽ ആക്കിയതെന്നാണ് സേനയുടെ കണക്കുകൾ.
Content Highlights: Muscat KMCC extends helping hand to Sri Lanka hit by Cyclone Ditva and floods