പ്രതിപക്ഷം എന്നാൽ നശീകരണ പക്ഷമാണെന്ന് സ്വയം വിശ്വസിക്കുന്നതിന്‍റെ ദുരന്തമാണിത്; സതീശന് മുഖ്യമന്ത്രിയുടെ മറുപടി

ചോദിച്ചതിൽ ഒരു വിഷയത്തിന് പോലും കൃത്യമായ മറുപടി പറയാൻ കഴിയാത്തതിനെ പരിതാപകരം എന്നേ വിശേഷിപ്പിക്കാനാകൂവെന്ന് മുഖ്യമന്ത്രി

പ്രതിപക്ഷം എന്നാൽ നശീകരണ പക്ഷമാണെന്ന് സ്വയം വിശ്വസിക്കുന്നതിന്‍റെ ദുരന്തമാണിത്; സതീശന് മുഖ്യമന്ത്രിയുടെ മറുപടി
dot image

തിരുവനന്തപുരം: താൻ ചോദിച്ച ചോദ്യങ്ങളോട് പ്രതിപക്ഷ നേതാവ് വസ്തുതാ വിരുദ്ധവും അബദ്ധ ജഡിലവുമായ കുറെ കാര്യങ്ങൾ നിരത്തുകയാണുണ്ടായതെന്നും ഒരു വിഷയത്തിന് പോലും കൃത്യമായ മറുപടി പറയാൻ കഴിയാത്തതിനെ പരിതാപകരം എന്നേ വിശേഷിപ്പിക്കാനാകൂവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ പദ്ധതികളോടായി പ്രതിപക്ഷം സ്വീകരിച്ച സമീപനം ചോദ്യം ചെയ്ത് പിണറായി വിജയൻ പങ്കുവെച്ച പോസ്റ്റിനോട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ അടുത്ത ഫേസ്ബുക്ക് പോസ്റ്റ്.

ഇന്നലെ പ്രതിപക്ഷ നേതാവിനോട് ചില ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. അതിന് മറുപടി എന്ന മട്ടിൽ അദ്ദേഹം ചില കാര്യങ്ങൾ ഇന്ന് ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്. ഉന്നയിക്കപ്പെട്ട ഒരു ചോദ്യത്തിനുപോലും ദൗർഭാഗ്യവശാൽ അതിൽ ഉത്തരം കാണുന്നില്ല. പകരം വസ്തുതാ വിരുദ്ധവും അബദ്ധ ജഡിലവുമായ കുറെ കാര്യങ്ങൾ നിരത്തുകയാണ്. താൻ ഉന്നയിച്ച ഒരു വിഷയത്തിന് പോലും കൃത്യമായ മറുപടി പറയാൻ കഴിയാത്തതിനെ പരിതാപകരം എന്നേ വിശേഷിപ്പിക്കാനാകൂവെന്ന് മുഖ്യമന്ത്രി കുറിപ്പിൽ പറഞ്ഞു.

പ്രതിപക്ഷം എന്നാൽ നശീകരണ പക്ഷമാണ് എന്ന് സ്വയം വിശ്വസിക്കുന്നതിന്റെ ദുരന്തമാണ് ഇത്. എന്തിനെയും എതിർക്കുക എന്നത് നയമായി സ്വീകർച്ചവർക്ക് ഓരോ വിഷയത്തിലും സ്വീകരിച്ച നിലപാടുകളെ പിന്നീട് ന്യായീകരിക്കാൻ കഴിയില്ല. ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു. ലൈഫ് മിഷൻ, വിഴിഞ്ഞം തുറമുഖം, വയനാട് തുരങ്കപാത, തീരദേശ ഹൈവേ, ക്ഷേമ പെൻഷൻ, ദേശീയപാതാ വികസനം, ഗെയിൽ പൈപ്പ്‌ലൈൻ, കിഫ്ബി, അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി, കേരള ബാങ്ക്, കെ ഫോൺ, ചൂരൽമല-മുണ്ടക്കൈ, കെ-റെയിൽ എന്നീ വിഷയങ്ങളിൽ പ്രതിപക്ഷത്തിന്റെ ഇപ്പോഴത്തെ നിലപാട് എന്ത്, ഇതിനു മുൻപ് സ്വീകരിച്ചതിൽ ഉറച്ചു നിൽക്കുന്നുണ്ടോ എന്നതാണ് അക്കമിട്ടുള്ള ചോദ്യം. അവയ്ക്കുള്ള മറുപടി പ്രതീക്ഷിക്കുന്നു, മുഖ്യമന്ത്രി പറയുന്നു.

കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിവിധ പദ്ധതികളോടായി പ്രതിപക്ഷം സ്വീകരിച്ച സമീപനം ചോദ്യംചെയ്ത് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. കിഫ്‌ബി, ഗെയിൽ പൈപ്പ്ലൈൻ, വിഴിഞ്ഞം തുടങ്ങി നിരവധി പദ്ധതികളിൽ പ്രതിപക്ഷം സ്വീകരിച്ചിരുന്ന നിലപാടുകളെയാണ് മുഖ്യമന്ത്രി ചോദ്യം ചെയ്തത്, പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ സംവാദത്തിന് ക്ഷണിക്കുകയും ചെയ്തിരുന്നു. ഈ ക്ഷണം സ്വീകരിച്ചുകൊണ്ടാണ് സതീശൻ മുഖ്യമന്ത്രിയുടെ ചോദ്യങ്ങൾക്ക് ഇന്ന് മറുപടി നൽകിയത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ തുറന്ന സംവാദ ക്ഷണം സ്വീകരിച്ച വി ഡി സതീശൻ, സ്ഥലവും തീയതിയും മുഖ്യമന്ത്രിക്ക് തന്നെ തീരുമാനിക്കാമെന്നും പറഞ്ഞിരുന്നു. പി ആര്‍ ഏജന്‍സിയുടെ ഉപദേശ പ്രകാരമെങ്കിലും ഇത്തരമൊരു സംവാദത്തിന് ഇപ്പോഴെങ്കിലും തയ്യാറായതിന് അഭിനന്ദിക്കുന്നു എന്നും സതീശൻ വ്യക്തമാക്കിയിരുന്നു.

ലൈഫ് മിഷൻ അടക്കമുള്ള നാല് മിഷനുകളും പിരിച്ചുവിടുമെന്നുള്ള എം എം ഹസ്സന്റെ പരാമർശത്തിൽ വി ഡി സതീശന്റെ നിലപാട് എന്താണെന്ന് മുഖ്യമന്ത്രി ചോദിച്ചിരുന്നു. ഇതിനോട് ഹസ്സൻ എപ്പോഴാണ് അങ്ങനെ പറഞ്ഞതെന്നും ഇങ്ങനെ ക്യാപ്സൂളുകൾ വിതരണം ചെയ്യരുത് എന്നും അദ്ദേഹം പറഞ്ഞു. കിഫ്‌ബി വികസനപ്രവർത്തനങ്ങളെ തള്ളിപ്പറയുമോ എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് ധനകാര്യ മിസ് മാനേജ്‌മെന്റിന്റെ പേരാണ് കിഫ്ബി എന്നും ഉയര്‍ന്ന പലിശയ്ക്ക് കടം വാങ്ങാനുള്ള മറ്റൊരു മാര്‍ഗം മാത്രമാണ് കിഫ്ബി എന്നും സതീശൻ മറുപടി നൽകി. ചൂരൽമല ദുരന്തബാധിതർക്ക് യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ച വീടുകളുടെ കാര്യം മുഖ്യമന്ത്രി ഓർമിപ്പിച്ചപ്പോൾ വീട് നിര്‍മ്മാണത്തിനായി തങ്ങള്‍ മൂന്ന് സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും നിയമ പ്രശ്നങ്ങള്‍ ഇല്ലാത്ത സ്ഥലം ഏതെന്ന് തീരുമാനിച്ചാലുടന്‍ നിര്‍മ്മാണം ആരംഭിക്കുമെന്നുമായിരുന്നു സതീശൻ പറഞ്ഞത്.

Content Highlights: CM Pinarayi Vijayan again responded to the opposition leader V D Satheesan

dot image
To advertise here,contact us
dot image