ഒമാനിൽ നിന്ന് 440 പ്രവാസികൾക്ക് ഹജ്ജിന് അവസരം; തിരഞ്ഞെടുക്കപ്പെട്ടവർക്ക് ഉടൻ സന്ദേശം ലഭിക്കും

നിരവധി മലയാളികൾ ഇത്തവണയും ഹജ്ജിന് അപേക്ഷിച്ച് കാത്തിരിക്കുന്നുണ്ട്

ഒമാനിൽ നിന്ന് 440 പ്രവാസികൾക്ക് ഹജ്ജിന് അവസരം; തിരഞ്ഞെടുക്കപ്പെട്ടവർക്ക് ഉടൻ സന്ദേശം ലഭിക്കും
dot image

ഒമാനിൽ നിന്ന് ഇത്തവണ 440 പ്രവാസികൾക്ക് ഹജ്ജിന് അവസരം ലഭിക്കും. 42,264 പേരാണ് ഇത്തവണ ഹജ്ജിന് രജിസ്റ്റർ ചെയ്തത്. 14,000 പേർക്കാണ് ആകെ ഒമാനിൽ നിന്ന് ഹ‍ജ്ജിന് അവസരമൊരുങ്ങുന്നത്. 12,318 ഒമാൻ സ്വദേശികൾക്ക് ഹജ്ജിന് അവസരം ലഭിക്കും. ബാക്കി സീറ്റ് ഒമാൻ ഹജ്ജ് മിഷൻ അംഗങ്ങൾക്കായിരിക്കും.

അറബ് പൗരന്മാരായ 220 പേർക്കും ഇതര രാഷ്ട്രങ്ങളിൽ നിന്നുള്ള 220 പേർക്കുമായിരിക്കും പ്രവാസി ക്വാട്ടയിൽ നിന്നും ഹജ്ജിനുള്ള അവസരം ലഭിക്കുക. നിരവധി മലയാളികൾ ഇത്തവണയും ഹജ്ജിന് അപേക്ഷിച്ച് കാത്തിരിക്കുന്നുണ്ട്. കുറഞ്ഞ ചെലവും യാത്രാ സമയവുമെല്ലാം പ്രവാസികളെ ഒമാനിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടനത്തിന് പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. മുൻകാലങ്ങളിൽ 500 പ്രവാസികൾക്ക് അവസരം ലഭിച്ചിരുന്നുവെങ്കിലും 2024ൽ ഇത് 270 ആയു ഇത്തവണ വീണ്ടും കുറഞ്ഞ് പ്രവാസി ക്വാട്ട 440ൽ എത്തുകയുമായിരുന്നു.

മൂന്ന് ഘട്ടങ്ങളിലായാണ് അർഹത നേടുന്നവരെ തിരഞ്ഞെടുക്കുക. ഒക്ടോബർ 14ന് ആരംഭിച്ച ഒന്നാം ഘട്ടം 30 വരെയും രണ്ടാം ഘട്ടം നവംബർ രണ്ട് മുതൽ ആറ് വരെയും മൂന്നാം ഘട്ടം നവംബർ ഒമ്പത് മതൽ 11 വരെയുമായിരിക്കും. ഹജ്ജ് തീർത്ഥാടനത്തിനുള്ള യോഗ്യതയുടെ മുൻഗണന പാലിച്ചുകൊണ്ട് നീതി ഉറപ്പാക്കുന്നതിനാണ് ഇലക്ട്രോണിക് സംവിധാനം വഴി നറക്കെടുപ്പിലൂടെയാണ് അർഹരായവരെ കണ്ടെത്തുന്നത്.

നറുക്കെടുപ്പിലൂടെ ഹജ്ജിന് അവസരം ലഭിക്കുന്നവർക്ക് സന്ദേശം ലഭിക്കും. സന്ദേശം ലഭിക്കുന്നവർ മന്ത്രാലയം നിർദേശ പ്രകാരം തുടർ നടപടികൾ സ്വീകരിക്കണം. ഈ ദിസങ്ങളിൽ ലൈസൻസുള്ള ഹജ്ജ് കമ്പനികളിൽ രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതുണ്ട്. കൂടാതെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി കരാർ തുകയുടെ നിശ്ചിത ശതമാനം ഈ കാലയളവിൽ കൈമാറണമെന്നും നിബന്ധനയുണ്ട്.

ഹജ്ജിന് അപേക്ഷിച്ചവരിൽ നിന്ന് മുതിർന്നവർ, അർബുദ രോഗികൾ, ഭിന്നശേഷിക്കാർ, ആദ്യമായി ഹജ്ജിന് പോകുന്നവർ തുടങ്ങിയവർക്ക് മുൻഗണന ലഭിക്കും. കാഴ്‌ചവൈകല്യമോ ശാരിരിക വൈകല്യമോ ഉള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും കൂടെ ആളുകളെ അനുവദിക്കും. ഹജ്ജിന് അവസരം ലഭിക്കുന്നവർക്കുള്ള വാക്‌സിനേഷൻ ഉൾപ്പെടെ വരുന്ന മാസങ്ങളിൽ ആരോഗ്യ കേന്ദ്രങ്ങൾ വഴി നൽകും.

Content Highlights: 440 expatriates from Oman will have the opportunity to perform Hajj

dot image
To advertise here,contact us
dot image