ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തു; കര്‍ണാടകയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ആര്‍എസ്എസ് ശതാബ്ദി ആഘോഷങ്ങളില്‍ പങ്കെടുത്തതിനാണ് പ്രവീൺ കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തു; കര്‍ണാടകയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍
dot image

ബെംഗളൂരു: ആര്‍എസ്എസിന്റെ പരിപാടിയില്‍ പങ്കെടുത്തതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. കര്‍ണാടകയിലെ സിര്‍വാറിലാണ് സംഭവം. സിര്‍വാറിലെ താലൂക്ക് പഞ്ചായത്ത് ഡെവലപ്‌മെന്റ് ഓഫീസര്‍ പ്രവീണ്‍ കുമാറിനെയാണ് ആര്‍എസ്എസ് ശതാബ്ദി ആഘോഷങ്ങളില്‍ പങ്കെടുത്തതിന് സസ്‌പെന്‍ഡ് ചെയ്തത്. ഒക്ടോബര്‍ 12-ന് ലിംഗസുഗുറില്‍ നടന്ന ആര്‍എസ്എസ് ശതാബ്ദി ആഘോഷങ്ങളിലാണ് പ്രവീണ്‍ കുമാര്‍ പങ്കെടുത്തത്.

ലിംഗസുഗുര്‍ എംഎല്‍എ മനപ്പ വജ്ജലിന്റെ പിഎ കൂടിയാണ് സസ്‌പെന്‍ഷനിലായ പ്രവീണ്‍ കുമാര്‍. ഇയാള്‍ ആര്‍എസ്എസിന്റെ യൂണിഫോം ധരിച്ച് കയ്യില്‍ വടിയുമായി നില്‍ക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ പാലിക്കേണ്ട പൊതുചട്ടങ്ങള്‍ ലംഘിച്ചുവെന്ന് കണ്ടെത്തിയാണ് നടപടി. റായ്ച്ചൂര്‍ ജില്ലാ പഞ്ചായത്ത് സിഇഒ അന്വേഷണം നടത്തി. തുടര്‍ന്ന് പഞ്ചായത്ത് രാജ് വകുപ്പ് കമ്മീഷണര്‍ അരുന്ധതി ചന്ദ്രശേഖറാണ് പ്രവീണിനെതിരായ സസ്‌പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. 2021-ലെ കര്‍ണാടക സിവില്‍ സര്‍വീസസ് പെരുമാറ്റ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഷന്‍ ഉത്തരവ്. പ്രവീണ്‍ കുമാറിനെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

അതേസമയം, പ്രവീണ്‍ കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി യുവമോര്‍ച്ച പ്രസിഡന്റ് തേജസ്വി സൂര്യ രംഗത്തെത്തി. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥന് നടപടി ചോദ്യംചെയ്ത് ബന്ധപ്പെട്ട ട്രിബ്യൂണലിനെയും കോടതിയെയും സമീപിക്കാന്‍ ഒപ്പം താനും നേരിട്ട് ഹാജരാകാമെന്ന് തേജസ്വി സൂര്യ പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആര്‍എസ്എസ് പരിപാടികളില്‍ പങ്കെടുക്കാനുളള അവകാശം ശരിവെച്ച നിരവധി ഹൈക്കോടതി വിധികളുണ്ടായിട്ടുണ്ടെന്നും ഈ നിയമവിരുദ്ധമായ സസ്‌പെന്‍ഷന്‍ റദ്ദാക്കേണ്ടിവരുമെന്നതില്‍ തനിക്ക് സംശയമില്ലെന്നും തേജസ്വി സൂര്യ പറഞ്ഞു.

Content Highlights: Karnataka government official suspended for attending RSS event

dot image
To advertise here,contact us
dot image