സ്കൂൾ ബസുകളുടെ സുരക്ഷ ഉറപ്പാക്കുക ലക്ഷ്യം; കർശന നിർദ്ദേശങ്ങളുമായി ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം

സുരക്ഷാ നടപടികള്‍ ശക്തിപ്പെടുത്തുന്നതിന് ബസ് ഡ്രൈവര്‍മാരുമായി പതിവായി മീറ്റിംഗുകള്‍ നടത്താനും സ്‌കൂള്‍ സുരക്ഷ, ആരോഗ്യ കമ്മിറ്റികള്‍ക്ക് മന്ത്രാലയം നിര്‍ദ്ദേശം നല്‍കി

സ്കൂൾ ബസുകളുടെ സുരക്ഷ ഉറപ്പാക്കുക ലക്ഷ്യം; കർശന നിർദ്ദേശങ്ങളുമായി ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം
dot image

ഒമാനില്‍ സ്‌കൂള്‍ ബസുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ മന്ത്രാലയം. ഗതാഗത സുരക്ഷ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനും വിദ്യാര്‍ത്ഥികളുടെ സുരക്ഷയും ലക്ഷ്യമിട്ടാണ് പുതിയ നടപടി. ഒമാനിലെ എല്ലാ പൊതു, സ്വകാര്യ സ്‌കൂളുകളും സ്‌കൂള്‍ ബസുകളില്‍ മെച്ചപ്പെട്ട സുരക്ഷ സംവിധാനങ്ങള്‍ നടപ്പിലാക്കണമെന്നാണ് പുതിയ ഉത്തരവിലൂടെ വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.

വിദ്യാഭ്യാസ നിയമത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് അവരുടെ വീടുകള്‍ക്കും സ്‌കൂളുകള്‍ക്കും ഇടയില്‍ സുരക്ഷിതമായ ഗതാഗതം ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. പുതിയ സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിക്കുന്നതിന് എല്ലാ സ്‌കൂള്‍ അഡ്മിനിസ്‌ട്രേഷനുകളും അടിയന്തര നടപടികള്‍ സ്വീകരിക്കണം. ബസ് ഓപ്പറേറ്റര്‍മാര്‍ ഓരോ വാഹനത്തിന്റെയും പിന്‍ഭാഗത്ത് ഒരു എഞ്ചിന്‍ സ്റ്റോപ്പ് ബട്ടണ്‍ സ്ഥാപിക്കുകയും രണ്ട് മാസത്തിനുള്ളില്‍ ബസിന്റെ ഇരുവശത്തും സുരക്ഷാ അവബോധ പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിക്കുകയും വേണം.

സ്‌കൂളുകള്‍ എല്ലാ ദിവസവും വിദ്യാര്‍ത്ഥികളുടെ ഹാജര്‍ രേഖപ്പെടുത്തുകയും വിദ്യാര്‍ത്ഥി എത്തിയിട്ടില്ലെങ്കില്‍ രക്ഷിതാക്കളെ ഉടന്‍ അറിയിക്കുകയും വേണം. സ്‌കൂള്‍ അഡ്മിനിസ്‌ട്രേഷനിലെ പ്രത്യക കമ്മിറ്റിക്ക് ഇതിന്റെ ചുമതല നല്‍കണം. സുരക്ഷാ നടപടികള്‍ ശക്തിപ്പെടുത്തുന്നതിന് ബസ് ഡ്രൈവര്‍മാരുമായി പതിവായി മീറ്റിംഗുകള്‍ നടത്താനും സ്‌കൂള്‍ സുരക്ഷ, ആരോഗ്യ കമ്മിറ്റികള്‍ക്ക് മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. കമ്മിറ്റികള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ബോധവല്‍ക്കരണ പരിപാടികളും നടത്തണം. സ്‌കൂള്‍ ബസുകളുടെ പതിവ് പരിശോധനകള്‍, ജനാലകള്‍ക്ക് നിറം നല്‍കിയിട്ടില്ലെന്നും കര്‍ട്ടനുകളോ ഇരുമ്പ് ബാറുകളോ സ്ഥാപിച്ചിട്ടില്ലെന്നും ഉറപ്പാക്കല്‍, എന്നിവയും കമ്മിറ്റികളുടെ ഉത്തരവാദിത്തമാണ്.

വിദ്യാര്‍ത്ഥികളെ ഇറക്കിയ ശേഷം വെന്റിലേഷന്‍ നിലനിര്‍ത്താന്‍ ജനാലകള്‍ തുറന്നിടാന്‍ ബസ് ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കണമെന്നും പുതിയ സര്‍ക്കുലറില്‍ പറയുന്നു. സ്‌കൂള്‍ ബസുകളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും വാഹനങ്ങള്‍ പരിശോധിക്കുന്നതിനും റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയോഗിക്കണമെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയത്തിന് ത്രൈമാസ റിപ്പോര്‍ട്ടുകളും സമര്‍പ്പിക്കണം.

Content Highlights: Oman imposes strict conditions on school buses

dot image
To advertise here,contact us
dot image