കുവൈറ്റിൽ ഗാർഹിക പീഡന നിരോധന നിയമം ഫലം കാണുന്നു; ആറുമാസത്തിനിടെ കേസുകളിൽ വൻ കുറവ്

ചില ഗാർഹിക, ലൈംഗിക പീഡന കേസുകളിൽ പരാതി പിൻവലിക്കാനോ, ഒത്തുതീർപ്പാക്കാനോ, മാപ്പ് നൽകാനോ വ്യവസ്ഥയില്ലാത്ത നിയമം പ്രാബല്യത്തിൽ വന്നതാണ് ഈ മാറ്റത്തിന് പ്രധാന കാരണമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി

കുവൈറ്റിൽ ഗാർഹിക പീഡന നിരോധന നിയമം ഫലം കാണുന്നു; ആറുമാസത്തിനിടെ കേസുകളിൽ വൻ കുറവ്
dot image

കുവൈറ്റിൽ പുതിയ ഗാർഹിക പീഡന നിരോധന നിയമം പ്രാബല്യത്തിൽ വന്നതോടെ രാജ്യത്ത് ഗാർഹിക പീഡന കേസുകളിൽ 36 ശതമാനത്തിന്റെ കുറവുണ്ടായതായി നീതിന്യായ മന്ത്രി കൗൺസിലർ നാസർ അൽ സുനൈത് അറിയിച്ചു. പുതിയ നിയമനിർമ്മാണം കുടുംബങ്ങളിലെ ദുർബലരായ അംഗങ്ങൾക്ക് ശക്തമായ സംരക്ഷണം ഉറപ്പാക്കാൻ സഹായിച്ചതിന്റെ പ്രതിഫലനമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി.

2026 മാർച്ച് 15 മുതൽ സെപ്റ്റംബർ 13 വരെയുള്ള ആദ്യ ആറുമാസത്തിനിടെ 646 കേസുകളാണ് പബ്ലിക് പ്രൊസിക്യൂഷനിൽ രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ വർഷം (2025) ഇതേ കാലയളവിൽ 1,011 കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്താണിത്. അതായത് മുൻവർഷത്തെ അപേക്ഷിച്ച് 365 കേസുകളുടെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ചില ഗാർഹിക, ലൈംഗിക പീഡന കേസുകളിൽ പരാതി പിൻവലിക്കാനോ, ഒത്തുതീർപ്പാക്കാനോ, മാപ്പ് നൽകാനോ വ്യവസ്ഥയില്ലാത്ത നിയമം പ്രാബല്യത്തിൽ വന്നതാണ് ഈ മാറ്റത്തിന് പ്രധാന കാരണമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കേസുകളുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും പ്രശ്നം പൂർണ്ണമായി പരിഹരിക്കപ്പെട്ടു എന്ന് കരുതാനാകില്ലെന്നും ഓരോ ഗാർഹിക പീഡന കേസും കുടുംബത്തിന്റെ സ്ഥിരതയെ ബാധിക്കുന്നതിനാൽ ഗൗരവമായി കാണേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read:

ഫെബ്രുവരി 10-ന് മന്ത്രിസഭ അംഗീകരിച്ച 31 വകുപ്പുകളുള്ള നിയമം മാർച്ച് പകുതിയോടെയാണ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചത്. കുടുംബ സുരക്ഷ, നീതി, വ്യക്തിഗത അന്തസ്സ്, സാമൂഹിക സ്ഥിരത എന്നിവ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയമം നടപ്പിലാക്കിയത്. വരും ദിവസങ്ങളിലും നിയമത്തിന്റെ കാര്യക്ഷമത നിരന്തരം വിലയിരുത്തുമെന്നും രാജ്യത്തെ കുടുംബങ്ങളുടെ സംരക്ഷണം എല്ലാവരുടെയും പങ്കാളിത്തമുള്ള ദേശീയ ഉത്തരവാദിത്തമാണെന്നും മന്ത്രി വ്യക്തമാക്കി.

Content Highlights: Cases registered with Kuwait’s Public Prosecution fell by 36% during the first six months of implementing the new family protection law. The number dropped from 1,011 during the same period in 2025 to 646 between March 15 and September 13, 2026.

dot image
To advertise here,contact us
dot image