

സാമ്പത്തിക ബാധ്യതകളും നിയമക്കുരുക്കുകളും കാരണം നാട്ടിലേക്ക് മടങ്ങാനാകാതെ ബഹ്‌റൈനിൽ പ്രതിസന്ധിയിലായ കണ്ണൂർ സ്വദേശിനിയും നാല് കുഞ്ഞുങ്ങളും ഒടുവിൽ നാട്ടിലെത്തി. അൽ ഹിലാൽ ഹോസ്പിറ്റൽ മാനേജ്‌മെന്റിന്റെ കനിവും ബികെഎസ്എഫിന്റെ (BKSF) നേതൃത്വത്തിൽ പ്രവാസി സംഘടനകളും സാമൂഹിക പ്രവർത്തകരും നടത്തിയ കൂട്ടായ ഇടപെടലുകളുമാണ് ഈ കുടുംബത്തിന് തുണയായത്. വലിയൊരു തുകയുടെ സാമ്പത്തിക ബാധ്യത ആശുപത്രി അധികൃതർ പൂർണ്ണമായി എഴുതിത്തള്ളിയതോടെയാണ് കുടുംബത്തിന് നാടണയാൻ വഴിയൊരുങ്ങിയത്.
കഴിഞ്ഞ നാല് വർഷമായി ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സാമ്പത്തിക പ്രശ്നങ്ങൾ കാരണം യാത്രാവിലക്ക് നേരിട്ട യുവാവ്, ഒരു വർഷം മുമ്പാണ് ഭാര്യയെയും മൂന്ന് മക്കളെയും സന്ദർശക വിസയിൽ ബഹ്‌റൈനിൽ എത്തിച്ചത്. എന്നാൽ പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തെ തുടർന്ന് വിമാന സർവീസുകൾ മുടങ്ങിയതോടെ വിസ കാലാവധി തീരുകയും കുടുംബം പ്രയാസത്തിലാവുകയും ചെയ്തു. ഇതിനിടെ നാലാമതൊരു കുഞ്ഞിന് കൂടി ജന്മം നൽകിയതോടെ കുടുംബത്തിന്റെ ജീവിതം പൂർണ്ണമായും ദുരിതത്തിലാവുകയായിരുന്നു. തുടർന്ന് സാമൂഹിക പ്രവർത്തകർ വഴി എംബസി മുഖേന നാട്ടിലേക്ക് അയക്കാൻ ശ്രമിച്ചപ്പോഴാണ് പ്രസവാനന്തര ചെലവുകൾ അടച്ചുതീർക്കാത്തതിനെ തുടർന്ന് സ്വകാര്യ ആശുപത്രി നൽകിയ കേസ് കാരണം ഭാര്യയ്ക്കും യാത്രാവിലക്കുണ്ടെന്ന വിവരം അറിയുന്നത്.
ഈ ഘട്ടത്തിലാണ് വിഷയം ബികെഎസ്എഫിന്റെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ അൽ ഹിലാൽ ഹോസ്പിറ്റൽ വൈസ് പ്രസിഡന്റ് ആസീഫുമായി കൂടിക്കാഴ്ച നടത്തുകയും കുടുംബത്തിന്റെ ദയനീയ അവസ്ഥ ബോധ്യപ്പെടുത്തുകയും ചെയ്തു. സാഹചര്യം മനസ്സിലാക്കിയ ഹോസ്പിറ്റൽ മാനേജ്‌മെന്റ് അടയ്ക്കാനുണ്ടായിരുന്ന വലിയ തുകയും കോടതി ഫീസും പൂർണ്ണമായും ഒഴിവാക്കി നൽകി. തുടർന്ന് യാത്രാവിലക്ക് നീക്കുകയും കുട്ടികളുടെ ഔട്ട് പാസ് പുതുക്കുകയും ചെയ്തതോടെയാണ് നിയമതടസ്സങ്ങൾ നീങ്ങിയത്.
പ്രതിസന്ധി ഘട്ടത്തിൽ ജെപി പ്രോപ്പർട്ടീസ് ടീമംഗങ്ങൾ കുടുംബത്തിന് താമസസൗകര്യം ഒരുക്കി നൽകുകയും 'ഹോപ്പ് ബഹ്‌റൈൻ' ഭക്ഷണസാധനങ്ങളും ടിക്കറ്റിനാവശ്യമായ സാമ്പത്തിക സഹായവും നൽകുകയും ചെയ്തു. മെഡ്‌ഹെൽപ്പ് ടീം വൈദ്യസഹായം ലഭ്യമാക്കിയപ്പോൾ എംബസി ഉദ്യോഗസ്ഥരും വേഗത്തിലുള്ള നടപടികൾക്ക് പിന്തുണ നൽകി. എല്ലാ നിയമനടപടികളും പൂർത്തിയാക്കി സെപ്റ്റംബർ 29-നാണ് കുടുംബം നാട്ടിലേക്ക് തിരികെ പോയത്. കടുത്ത സാമ്പത്തിക ബാധ്യത എഴുതിത്തള്ളി മനുഷ്യത്വപരമായ സമീപനം സ്വീകരിച്ച അൽ ഹിലാൽ ഹോസ്പിറ്റൽ മാനേജ്‌മെന്റിനും സഹായവുമായെത്തിയ എല്ലാ പ്രവാസി സംഘടനകൾക്കും പ്രവാസി സമൂഹം നന്ദി അറിയിച്ചു.
Content Highlights: With the support of an expatriate community, a Kannur native woman and her children have returned home after their legal hurdles were resolved