

മുൻ കുവെെറ്റ് പൗരന്മാർക്കും പൗരത്വം പിൻവലിക്കപ്പെട്ട ചില വിഭാഗങ്ങൾക്കും റെസിഡൻസി സ്റ്റാറ്റസ് ഭേദഗതി ചെയ്യുന്നതിനായി പുതിയ ഓൺലൈൻ സേവനം ആരംഭിച്ചു. സർക്കാർ സേവന ആപ്പായ സഹൽ (Sahel) മുഖേന അപേക്ഷ സമർപ്പിക്കാനാകുന്ന ഈ സംവിധാനം, അടുത്തിടെ അവതരിപ്പിച്ച ദീർഘകാല റെസിഡൻസി പദ്ധതിയിലേക്കുള്ള ഡിജിറ്റൽ പ്രവേശനം കൂടുതൽ വിപുലപ്പെടുത്തുന്നതാണ്.
ഇന്നലെയാണ് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) പുതിയ സേവനം ആരംഭിച്ചത്. ഇതോടെ അർഹരായ അപേക്ഷകർക്ക് ഓഫീസുകളിൽ നേരിട്ട് എത്താതെ തന്നെ റെസിഡൻസി സ്റ്റാറ്റസ് ഭേദഗതിക്കായുള്ള നടപടികൾ ഓൺലൈനായി പൂർത്തിയാക്കാൻ സാധിക്കും. പുതിയ സേവനം ആർട്ടിക്കിൾ 7 ബിസ് (Article 7 bis) പ്രകാരമുള്ള വ്യക്തിഗത സ്പോൺസർഷിപ്പ് റെസിഡൻസി വിഭാഗത്തിന് അർഹരായവർക്കാണ് ലഭിക്കുക.
കുവൈറ്റ് പൗരത്വം പിൻവലിക്കപ്പെട്ടവർ, യഥാർത്ഥ വിദേശ പൗരത്വം വീണ്ടെടുക്കുകയോ മറ്റൊരു പൗരത്വം നേടുകയോ ചെയ്തിട്ടുള്ളവർ, ആശ്രിതത്വത്തിലൂടെ (dependency) പൗരത്വം നേടിയവർ തുടങ്ങിയവർക്ക് ഇതിൽ അപേക്ഷിക്കാൻ സാധിക്കും. ഡിജിറ്റൽ സേവനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെയും സർക്കാർ നടപടിക്രമങ്ങൾ കൂടുതൽ എളുപ്പമാക്കുന്നതിന്റെയും ഭാഗമായാണ് പുതിയ സംവിധാനം നടപ്പിലാക്കിയതെന്ന് അധികൃതർ അറിയിച്ചു.
Content Highlights: Kuwait has launched a new Sahel app service allowing eligible former citizens to apply online to amend their residency status under Article 7 bis.