

കുവൈറ്റിലെ ക്യാപിറ്റൽ ഗവർണറേറ്റിൽ ഫുഡ് ആൻഡ് ന്യൂട്രീഷൻ ജനറൽ അതോറിറ്റി നടത്തിയ കർശന പരിശോധനയിൽ വൻതോതിൽ പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു. വിപണിയിൽ വിൽപനയ്‌ക്കുവെച്ച 144 കിലോഗ്രാമിലധികം വരുന്ന കേടായ ഭക്ഷണസാധനങ്ങളാണ് ഇൻസ്പെക്ഷൻ വിഭാഗം ഉദ്യോഗസ്ഥർ കണ്ടെത്തി നശിപ്പിച്ചത്. ഉപഭോക്താക്കളുടെ ആരോഗ്യ സുരക്ഷ മുൻനിർത്തിയാണ് വിവിധ സ്ഥാപനങ്ങളിൽ അതോറിറ്റി മിന്നൽ പരിശോധന നടത്തിയത്.
പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന രീതിയിൽ വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുക, കാലാവധി കഴിഞ്ഞ ലൈസൻസുകൾ ഉപയോഗിച്ച് സ്ഥാപനങ്ങൾ നടത്തുക, ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കൾ വിൽപനയ്ക്ക് വെക്കുക തുടങ്ങി ഗുരുതരമായ നിയമലംഘനങ്ങളാണ് പരിശോധനയിൽ തെളിഞ്ഞത്. നിയമം ലംഘിച്ച സ്ഥാപനങ്ങൾക്കെതിരെ അധികൃതർ നിയമനടപടികൾ സ്വീകരിച്ചു.
വരും ദിവസങ്ങളിലും രാജ്യത്തെമ്പാടും പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്ന് ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ മുന്നറിയിപ്പ് നൽകി. ജനങ്ങളുടെ ആരോഗ്യ കാര്യത്തിൽ യാതൊരുവിധ വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടികൾ തുടരുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Content Highlights: Kuwait has intensified food safety inspections, with authorities seizing and destroying 144 kilograms of spoiled food products. The inspections are part of efforts to ensure compliance with food safety standards and protect consumers.