കുവൈറ്റിൽ കള്ളപ്പണം വെളുപ്പിക്കലിനെതിരെ നടപടി ശക്തം; സ്വർണ്ണ, വസ്തു വ്യാപാരികൾക്ക് പുതിയ നിർദ്ദേശങ്ങൾ

പുതിയ നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകും.

കുവൈറ്റിൽ കള്ളപ്പണം വെളുപ്പിക്കലിനെതിരെ നടപടി ശക്തം; സ്വർണ്ണ, വസ്തു വ്യാപാരികൾക്ക് പുതിയ നിർദ്ദേശങ്ങൾ
dot image

രാജ്യത്തെ സ്വർണ്ണ, ലോഹ വ്യാപാര മേഖലയിലും റിയൽ എസ്റ്റേറ്റ് രംഗത്തും കള്ളപ്പണം വെളുപ്പിക്കലും ഭീകരവാദ സാമ്പത്തിക സഹായങ്ങളും തടയുന്നതിനായി കർശനമായ നിയമങ്ങൾ പ്രഖ്യാപിച്ച് കുവൈറ്റ്. ഉപഭോക്താക്കളുടെ വിവരങ്ങൾ കൃത്യമായി പരിശോധിക്കാനും സംശയാസ്പദമായ പണമിടപാടുകൾ നിരീക്ഷിക്കാനും പുതിയ ഉത്തരവിൽ വ്യാപാര സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി. നിയമവിരുദ്ധമായി ഇടപാടുകൾ നടന്നാൽ അക്കാര്യം ഉടനടി അധികൃതരെ അറിയിക്കാനും വ്യാപാര സ്ഥാപനങ്ങൾക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്.

കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രി ഒസാമ ഖാലിദ് ബുദായ് ആണ് ഇതുസംബന്ധിച്ച രണ്ട് നിർണ്ണായക ഉത്തരവുകൾ പുറപ്പെടുവിച്ചത്. ഉത്തരവ് പ്രകാരം സ്വർണ്ണം, രത്നങ്ങൾ, അപൂർവ്വ ലോഹങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്ന എല്ലാ കമ്പനികളും കള്ളപ്പണം വെളുപ്പിക്കൽ സാധ്യതകൾ മുൻകൂട്ടി കണ്ട് ആഭ്യന്തര പരിശോധനാ സംവിധാനങ്ങൾ ശക്തമാക്കണം. ഉപഭോക്താക്കളുടെയും സ്ഥാപന ഉടമകളുടെയും വിവരങ്ങൾ ശേഖരിക്കൽ, കൃത്യമായ രേഖകൾ സൂക്ഷിക്കൽ, ജീവനക്കാർക്ക് ആവശ്യമായ പരിശീലനം നൽകൽ എന്നിവ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമായിരിക്കും.

റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർക്കും ഇടനിലക്കാർക്കും ബാധകമാകുന്ന മറ്റൊരു നിയമം കൂടി കുവൈറ്റ് ​സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതനുസരിച്ച് പ്രോപ്പർട്ടി ഇടപാടുകൾ നടത്തുമ്പോൾ ഉപഭോക്താക്കളുടെയും യഥാർത്ഥ ഉടമസ്ഥരുടെയും വിവരങ്ങൾ കൃത്യമായി സ്ഥിരീകരിക്കേണ്ടതുണ്ട്. കൂടാതെ, റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങൾ ഇടപാടുകളുടെ രേഖകൾ കുറഞ്ഞത് അഞ്ച് വർഷത്തേക്കെങ്കിലും സൂക്ഷിച്ചുവെക്കുകയും സംശയാസ്പദമായ ഇടപാടുകൾ കണ്ടെത്തിയാൽ അത് 'കുവൈറ്റ് ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റിന്' റിപ്പോർട്ട് ചെയ്യുകയും വേണം.

Also Read:

മേഖലയിൽ സുതാര്യത ഉറപ്പുവരുത്തുന്നതിനും അനധികൃത പണമിടപാടുകൾ വഴി ബിസിനസ്സ് രംഗത്തിനുണ്ടാകുന്ന അപകടസാധ്യതകൾ ഒഴിവാക്കുന്നതിനുമാണ് കുവൈറ്റ് സർക്കാർ ഈ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. പുതിയ നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകും.

Content Highlights: Kuwait has intensified action against money laundering by introducing new guidelines for gold and property traders. The measures aim to strengthen financial monitoring, ensure compliance and prevent illegal transactions in business sectors.

dot image
To advertise here,contact us
dot image