കോഴിക്കും മുട്ടയ്ക്കും ഡിമാന്റ്; പൗള്‍ട്രി മേഖല വളര്‍ച്ചാ പാതയില്‍; 10% വളര്‍ച്ചയെന്ന് പ്രതീക്ഷ

ക്രിസില്‍ വിലയിരുത്തിയ 34 പൗള്‍ട്രി കമ്പനികളുടെ ആകെ വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏകദേശം 12,410 കോടി രൂപ ആയിരുന്നു

കോഴിക്കും മുട്ടയ്ക്കും ഡിമാന്റ്; പൗള്‍ട്രി മേഖല വളര്‍ച്ചാ പാതയില്‍; 10% വളര്‍ച്ചയെന്ന് പ്രതീക്ഷ
dot image

ഇന്ത്യയുടെ പൗള്‍ട്രി വ്യവസായം ദീര്‍ഘകാല വളര്‍ച്ചാ നിരക്കായ 10 ശതമാനത്തിലേക്ക് തിരിച്ചെത്തുമെന്ന് ക്രിസില്‍ റേറ്റിങ്‌സ് റിപ്പോര്‍ട്ട്. മുട്ടയുടെയും ബ്രോയിലര്‍ കോഴിയുടെയും വിഭാഗങ്ങളില്‍ മെച്ചപ്പെട്ട വിലയും സ്ഥിരതയുള്ള ഉപഭോഗ ആവശ്യകതയുമാണ് മേഖലയ്ക്ക് കരുത്താകുന്നത്. വില്‍പ്പന വില ഉയരുന്നത് തീറ്റച്ചെലവ് വര്‍ധനയെ മറികടക്കുന്നതിനാല്‍, വ്യവസായത്തിന്റെ ലാഭ മാര്‍ജിന്‍ ഈ സാമ്പത്തിക വര്‍ഷം 50-70 ബേസിസ് പോയിന്റ് വരെ മെച്ചപ്പെടുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

മുട്ട വിഭാഗത്തിന്റെ വളര്‍ച്ച

ക്രിസില്‍ വിലയിരുത്തിയ 34 പൗള്‍ട്രി കമ്പനികളുടെ ആകെ വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏകദേശം 12,410 കോടി രൂപ ആയിരുന്നു. ഈ മേഖലയില്‍ കാലക്രമേണ വീണ്ടെടുപ്പ് ഉണ്ടാകുന്നതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പൗള്‍ട്രി വ്യവസായത്തിന്റെ മൂല്യത്തിന്റെ 58-60 ശതമാനം സംഭാവന ചെയ്യുന്ന മുട്ട വിഭാഗത്തില്‍ നിന്നാണ് ഏറ്റവുമധികം വളര്‍ച്ച ലഭിച്ചത്.

എല്ലാ വരുമാന വിഭാഗക്കാര്‍ക്കും ലഭ്യമായ കുറഞ്ഞ ചെലവിലുള്ള പ്രോട്ടീന്‍ ഉറവിടമാണ് മുട്ട. ഇന്ത്യയിലെ ഒരാള്‍ക്കുള്ള വാര്‍ഷിക മുട്ട ഉപഭോഗം 106 മുട്ടയായാണ് കണക്കാക്കുന്നത്. ആഗോള ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ വളര്‍ച്ചയ്ക്ക് വലിയ സാധ്യതയാണ് കാണാനാവുന്നത്. ഈ സാമ്പത്തിക വര്‍ഷം മുട്ട ഉപഭോഗം 4-6% ഉയരുമെന്നാണ് പ്രതീക്ഷ. ഒരു മുട്ടയുടെ വില 5.6-5.8 രൂപ വരെ ഉയര്‍ന്നേക്കുമെന്നും കണക്കാക്കുന്നു. മുട്ട വിഭാഗത്തിന്റെ വരുമാന വളര്‍ച്ച 9-11% ആയി ഉയരും

ബ്രോയിലര്‍ വിഭാഗത്തിലും തിരിച്ചുവരവ്

ബ്രോയിലര്‍ വിഭാഗത്തിന്റെ വരുമാന വളര്‍ച്ച കഴിഞ്ഞ വര്‍ഷത്തെ 5 ശതമാനത്തില്‍ നിന്ന് 8-10 ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷ. ഗ്രാമീണ ഡിമാന്‍ഡ് മെച്ചപ്പെടുന്നതും, ആളോഹരി ഇറച്ചി ഉപഭോഗം വര്‍ധിക്കുന്നതും, പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണത്തിലേക്കുള്ള താല്‍പര്യം കൂടുന്നതുമാണ് വളര്‍ച്ചയ്ക്ക് സഹായിക്കുന്നത്. കഴിഞ്ഞ വര്‍ഷം കുറഞ്ഞ വേനലും നേരത്തെയുള്ള മണ്‍സൂണും കാരണം അധിക ഉല്‍പ്പാദനം ഉണ്ടായതോടെ ബ്രോയിലര്‍ വിലയില്‍ ഏകദേശം 20 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ ഫലമായി കോഴി ഉല്‍പ്പാദനം കുറഞ്ഞത് നിലവിലെ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ വിതരണ ക്ഷാമത്തിനും വില വര്‍ധനയ്ക്കും കാരണമായി.

തീറ്റച്ചെലവ് പ്രധാന വെല്ലുവിളി

പൗള്‍ട്രി ഉല്‍പ്പാദന ചെലവിന്റെ 60-65 ശതമാനം വരെ തീറ്റയ്ക്കാണ് ചെലവാകുന്നത്. ചോളം, സോയാബീന്‍ ഡിഒസി എന്നിവയാണ് പ്രധാന ഘടകങ്ങള്‍.
കാലാവസ്ഥാ വ്യതിയാനങ്ങള്‍ കാരണം ചോളം വിലയില്‍ ചെറിയ വര്‍ധന ഉണ്ടാകാമെങ്കിലും, സോയാബീന്‍ ഡിഒസി ലഭ്യത സ്ഥിരതയോടെ തുടരുമെന്നാണ് പ്രതീക്ഷ.

പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ മൂലം ഗതാഗത ചെലവ് ഉയര്‍ന്നാല്‍ വിറ്റാമിനുകള്‍, ഹസ്‌ക് തുടങ്ങിയ ഇറക്കുമതി ചെയ്യുന്ന തീറ്റ ഘടകങ്ങളുടെ വില വര്‍ധിക്കാനുള്ള സാധ്യതയുമുണ്ട്. ശരാശരി തീറ്റച്ചെലവ് ഈ സാമ്പത്തിക വര്‍ഷം 3-5 ശതമാനം ഉയര്‍ന്ന് കിലോയ്ക്ക് ഏകദേശം 77 ആയി മാറാമെന്നും ക്രിസില്‍ അഭിപ്രായപ്പെടുന്നു. മെച്ചപ്പെട്ട വിലയും സ്ഥിരതയുള്ള ആവശ്യകതയും പൗള്‍ട്രി കമ്പനികളുടെ ലാഭവും പണമൊഴുക്കും മെച്ചപ്പെടുത്തും. വലിയ കടമെടുത്തുള്ള വിപുലീകരണ പദ്ധതികള്‍ സമീപകാലത്ത് ഉണ്ടാകില്ലെന്നും, നിലവിലെ ശേഷി മതിയായതാണെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

Content Highlights: India's poultry industry is projected to rebound with 10% growth this fiscal, supported by rising egg and broiler demand, stronger prices, and improved profitability despite higher feed costs

dot image
To advertise here,contact us
dot image