

അമേരിക്കയും സൗദി അറേബ്യയും തമ്മില്‍ 30 വര്‍ഷത്തേക്കുള്ള സുപ്രധാന സിവിലിയന്‍ ആണവ സഹകരണ കരാറില്‍ ഒപ്പുവെച്ചു. രാജ്യത്തിന്റെ സമാധാനപരമായ ആണവോര്‍ജ പദ്ധതിക്ക് അമേരിക്കന്‍ സാങ്കേതികവിദ്യയും കമ്പനികളും പിന്തുണ നല്‍കുന്നതാണ് കരാര്‍. അമേരിക്കന്‍ ആണവോര്‍ജ നിയമത്തിലെ '123 Agreement' പ്രകാരമാണ് ഈ കരാര്‍. കരാറിന്റെ കാലാവധി 30 വര്‍ഷമാണ്.
കരാര്‍ പ്രകാരം ഇരു രാജ്യങ്ങള്‍ക്കും അവരുടെ സാങ്കേതിക വൈദഗ്ദ്ധ്യം, ശാസ്ത്രീയ അറിവ്, നൂതന സാങ്കേതികവിദ്യകള്‍ എന്നിവ കൈമാറാന്‍ സാധിക്കും. കൂടാതെ വരും കാല പദ്ധതികളിൽ യുഎസ് കമ്പനികള്‍ക്ക് ഇടപെടാനും കഴിയും. കരാറിലൂടെ സൗദി അറേബ്യ 'വിഷന്‍ 2030' പദ്ധതിയുടെ ഭാഗമായി ഊര്‍ജ സ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിക്കാന്‍ സഹായിക്കും. അമേരിക്കന്‍ കമ്പനികളുടെ സഹകരണത്തോടെ സൗദിക്ക് ആണവ നിലയങ്ങള്‍ സ്ഥാപിക്കാനുള്ള അവസരം ലഭിക്കും. ആഭ്യന്തര വൈദ്യുതി ആവശ്യത്തിനായി ഉപയോഗിക്കുന്ന എണ്ണയുടെ അളവ് കുറച്ച് കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യാന്‍ കഴിയും.
സൗദി അറേബ്യയുടെ ഭാവി സിവിലിയന്‍ ആണവ വ്യവസായത്തിന്റെ രൂപകല്‍പ്പന, നിര്‍മ്മാണം, പിന്തുണ എന്നിവയില്‍ അമേരിക്കന്‍ ആണവ സാങ്കേതിക കമ്പനികള്‍ ഒരു പ്രധാന പങ്ക് വഹിക്കാന്‍ കഴിയും. ഇതുവഴി കോടിക്കണക്കിന് ഡോളറുകള്‍ വരുന്ന ദീര്‍ഘകാല ബിസിനസുകള്‍ക്കുള്ള അവസരങ്ങള്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് ലഭിക്കും. ചൈനയും റഷ്യയും സൗദിയുടെ ആണവ പദ്ധതികളിൽ സ്വാധീനം വർധിപ്പിക്കുന്നത് തടയാം, പശ്ചിമേഷ്യയിലെ തന്ത്രപ്രധാന സഖ്യം കൂടുതൽ ശക്തിപ്പെടുത്താം എന്നിങ്ങനെ അമേരിക്കയ്ക്ക് വലിയ നേട്ടങ്ങൾ ലഭിക്കും.
കരാറിലെ ഏറ്റവും വിവാദമായ വിഷയം സൗദിയിൽ യുറേനിയം സമ്പുഷ്ടീകരണ സാധ്യത തുറന്നുവെച്ചിരിക്കുന്നതാണ്. വൈദ്യുതി ഉൽപാദനത്തിനായി ഉപയോഗിക്കുന്ന അതേ സാങ്കേതികവിദ്യ ആവശ്യമായാൽ ആണവായുധ നിർമ്മാണത്തിനും ഉപയോഗിക്കാനാകുമെന്നതാണ് വിദഗ്ധരുടെ ആശങ്ക. ഈ കരാർ പശ്ചിമേഷ്യയിൽ പുതിയ ആണവ മത്സരത്തിന് വഴിവെക്കുമെന്ന ആശങ്കയും ശക്തമാണ്. രാജ്യാന്തര ആണവോർജ ഏജൻസിയുടെ കർശന പരിശോധനകൾ ഉൾപ്പെടുന്ന അഡീഷണൽ പ്രോട്ടോക്കോൾ കരാറിൽ ഇല്ലെന്ന വിമർശനവും ഉയരുന്നുണ്ട്.
കരാർ അമേരിക്കൻ കോൺഗ്രസിന്റെ അവലോകനത്തിന് വിധേയമാകും. അതേസമയം, കരാർ പ്രാബല്യത്തിൽ വന്നാൽ സൗദിയുടെ സിവിലിയൻ ആണവ പദ്ധതി വേഗത്തിൽ മുന്നോട്ടുപോകുകയും പശ്ചിമേഷ്യയിലെ ഊർജ-സുരക്ഷാ സമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾക്ക് കാരണമാവുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ.
Content Highlight: The US and Saudi Arabia have entered into a 30-year civil nuclear cooperation agreement aimed at strengthening energy, technology, and strategic ties