ഓൺലൈൻ ഡെലിവറി മേഖലയിൽ വലിയ മാറ്റങ്ങൾക്ക് കുവൈറ്റ്; മാർ​ഗനിർദ്ദേശങ്ങൾ പുറത്തിറക്കി

പുതിയ നിർദ്ദേശങ്ങൾ പ്രകാരം ഡെലിവറി കമ്മീഷൻ, വിവിധ സേവന നിരക്കുകൾ, കരാർ വ്യവസ്ഥകൾ എന്നിവ കമ്പനികൾ കൂടുതൽ വ്യക്തതയോടെ നിർവചിക്കേണ്ടതുണ്ട്

ഓൺലൈൻ ഡെലിവറി മേഖലയിൽ വലിയ മാറ്റങ്ങൾക്ക് കുവൈറ്റ്; മാർ​ഗനിർദ്ദേശങ്ങൾ പുറത്തിറക്കി
dot image

കുവൈറ്റിലെ അതിവേഗം വളരുന്ന ഇ-കൊമേഴ്‌സ്, ഡെലിവറി മേഖലകളിൽ സുതാര്യത ഉറപ്പാക്കുന്നതിനായി വാണിജ്യ-വ്യവസായ മന്ത്രാലയം പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. ഡെലിവറി പ്ലാറ്റ്‌ഫോമുകളുടെയും ഉപഭോക്താക്കളിലേക്ക് ഉത്പ്പന്നങ്ങൾ എത്തിക്കുന്ന ഇടനില ആപ്ലിക്കേഷനുകളുടെയും പ്രവർത്തനം പൂർണ്ണമായും ക്രമവത്കരിക്കുകയാണ് ലക്ഷ്യം. പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ ഡെലിവറി കമ്പനികൾ, വ്യാപാര സ്ഥാപനങ്ങൾ, ഉപഭോക്താക്കൾ എന്നിവർക്കിടയിലെ ഇടപാടുകൾക്ക് വ്യക്തമായ മാനദണ്ഡങ്ങൾ നിലവിൽ വരും.

പുതിയ നിർദ്ദേശങ്ങൾ പ്രകാരം ഡെലിവറി കമ്മീഷൻ, വിവിധ സേവന നിരക്കുകൾ, കരാർ വ്യവസ്ഥകൾ എന്നിവ കമ്പനികൾ കൂടുതൽ വ്യക്തതയോടെ നിർവചിക്കേണ്ടതുണ്ട്. കൂടാതെ, ഉപഭോക്താക്കളെ മുൻകൂട്ടി അറിയിക്കാതെ പണം വാങ്ങി നൽകുന്ന പരസ്യങ്ങൾ, പ്രമോഷൻ ഓഫറുകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ കൃത്യമായി വെളിപ്പെടുത്താനും പ്ലാറ്റ്‌ഫോമുകൾ ഇനി ബാധ്യസ്ഥരായിരിക്കും. ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകളുടെ വളർച്ച തടയുകയല്ല, മറിച്ച് വിപണിയിലെ എല്ലാ കക്ഷികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്ന നീതിയുക്തമായ ഒരു സംവിധാനം ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് വാണിജ്യ-വ്യവസായ മന്ത്രി ഉസാമ ബൂദി വ്യക്തമാക്കി.

എന്നാൽ, പുതിയ നിർദ്ദേശങ്ങൾ നിലവിലെ രൂപത്തിൽ നടപ്പാക്കിയാൽ ഡെലിവറി മേഖലയെ അത് പ്രതികൂലമായി ബാധിക്കുമെന്ന മുന്നറിയിപ്പുമായി കമ്പനികൾ രംഗത്തെത്തിയിട്ടുണ്ട്. പുതിയ പരിഷ്കാരങ്ങൾ വലിയ സാമ്പത്തിക നഷ്ടത്തിനും സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്ന സാഹചര്യത്തിനും വഴിതെളിക്കുമെന്നും ഇത് നിരവധി ജീവനക്കാരുടെ തൊഴിൽ നഷ്ടത്തിലേക്ക് നയിക്കുമെന്നും കമ്പനികൾ ആശങ്കപ്പെടുന്നു.

റെസ്റ്റോറന്റുകൾ, പൂക്കടകൾ, സുഗന്ധദ്രവ്യ-സമ്മാന വ്യാപാര മേഖലകൾ എന്നിവയുടെ പ്രവർത്തനച്ചെലവും ലാഭവിഹിതവും തികച്ചും വ്യത്യസ്തമാണ്. അതിനാൽ എല്ലാ മേഖലകൾക്കും ഒരേ മാനദണ്ഡം ബാധകമാക്കുന്നത് പ്രായോഗികമല്ലെന്നാണ് കമ്പനികളുടെ പ്രധാന വാദം. നിലവിൽ ഏകദേശം 900 ഡെലിവറി കമ്പനികളാണ് കുവൈറ്റിൽ പ്രവർത്തിക്കുന്നത്. പുതിയ തീരുമാനം താൽക്കാലികമായി നിർത്തിവെക്കണമെന്നും വിഷയത്തിൽ ചർച്ച നടത്തുന്നതിനായി മന്ത്രിയുമായി അടിയന്തര കൂടിക്കാഴ്ച അനുവദിക്കണമെന്നും ആവശ്യപ്പെട്ട് 250-ലധികം ഡെലിവറി കമ്പനികൾ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. ഈ പരിഷ്കാരങ്ങൾ രാജ്യത്തെ ഡിജിറ്റൽ വ്യാപാര മേഖലയിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Content Highlights: Kuwait has released new guidelines for the online delivery sector as part of efforts to regulate and improve delivery services. The changes are expected to impact delivery companies and workers.

dot image
To advertise here,contact us
dot image