

ഖത്തറിന്റെ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ നിര്യാണത്തെ തുടർന്ന് കുവൈറ്റിൽ നാല് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബിർ അൽ സബാഹിന്റെ പ്രത്യേക ഉത്തരവ് പ്രകാരമാണ് രാജ്യത്ത് ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതനുസരിച്ച്, ജൂലൈ 12 ഞായറാഴ്ച മുതൽ നാല് ദിവസത്തേക്ക് കുവൈറ്റിലുടനീളവും വിദേശരാജ്യങ്ങളിലെ കുവൈറ്റ് എംബസികളിലും നയതന്ത്ര കാര്യാലയങ്ങളിലും ദേശീയ പതാക പകുതിയായി താഴ്ത്തിക്കെട്ടും. ഖത്തറുമായുള്ള കുവൈറ്റിന്റെ ആഴത്തിലുള്ള ബന്ധവും ആദരവും മുൻനിർത്തിയാണ് ഈ ഔദ്യോഗിക നടപടി.
ആധുനിക ഖത്തറിന്റെ ശിൽപ്പികളിൽ പ്രമുഖനായ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ വിയോഗത്തിൽ കുവൈറ്റ് ഭരണകൂടവും ജനങ്ങളും അഗാധമായ ദുഃഖം രേഖപ്പെടുത്തി. അയൽരാജ്യത്തിന്റെ ഈ വലിയ നഷ്ടത്തിൽ കുവൈറ്റ് പൂർണ്ണമായും പങ്കുചേരുന്നതായി ഭരണാധികാരികൾ അറിയിച്ചു.
ഷെയ്ഖ് ഹമദിന്റെ മയ്യത്ത് നമസ്കാരം ജൂലൈ 12 ഞായറാഴ്ച മഗ്രിബ് നമസ്കാരത്തിന് ശേഷം ഇമാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് മസ്ജിദിൽ നടക്കും. തുടർന്ന് ലുസൈൽ ശ്മശാനത്തിലാണ് മൃതദേഹം സംസ്കരിക്കുക. 74-ാം വയസിലാണ് ഷെയ്ഖ് ഹമീദിന്റെ മരണം സംഭവിച്ചത്.
ഒരു സാധാരണ ഗൾഫ് രാജ്യമായിരുന്ന ഖത്തറിനെ ലോകത്തെ ഏറ്റവും സമ്പന്നവും സ്വാധീനവുമുള്ള പ്രാദേശിക ശക്തിയായി മാറ്റിയെടുത്തത് ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയാണ്. ആധുനിക ഖത്തറിന്റെ ശിൽപ്പിയായാണ് അദ്ദേഹം അറിയപ്പെടുന്നത്. 1995 മുതൽ 2013ൽ തന്റെ നാലാമത്തെ മകനും നിലവിലെ അമീറുമായ ഷെയ്ഖ് തമീം ബിൻ ഹമദ് അൽഥാനിക്ക് ഭരണം കൈമാറുന്നത് വരെ അദ്ദേഹമാണ് ഖത്തറിനെ നയിച്ചത്.
Content Highlights: Former Qatar Emir Sheikh Hamad bin Khalifa Al Thani has passed away. Kuwait announced a four-day official mourning period in his honour, with leaders and people across the Gulf expressing condolences.