'കുവൈറ്റും UAEയും തമ്മിലുള്ള സാഹോദര്യബന്ധം കൂടുതൽ ശക്തിപ്പെടുത്തും';കുവൈറ്റ് അമീറിനെ സന്ദർശിച്ച് UAEപ്രസിഡൻ്റ്

പശ്ചിമേഷ്യയിലെ ഏറ്റവും പുതിയ സാഹചര്യം ഉള്‍പ്പെടെയുള്ള പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി

'കുവൈറ്റും UAEയും തമ്മിലുള്ള സാഹോദര്യബന്ധം കൂടുതൽ ശക്തിപ്പെടുത്തും';കുവൈറ്റ് അമീറിനെ സന്ദർശിച്ച് UAEപ്രസിഡൻ്റ്
dot image

ഹ്രസ്വ സന്ദര്‍ശനത്തിനായി കുവൈറ്റിലെത്തിയ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ കുവൈറ്റ് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹ്‌മദ് അല്‍ ജാബര്‍ അല്‍ സബാഹുമായി കൂടിക്കാഴ്ച നടത്തി. പശ്ചിമേഷ്യയിലെ ഏറ്റവും പുതിയ സാഹചര്യം ഉള്‍പ്പെടെയുള്ള പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.

മേഖലയിലെ സമാധാനവും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള എല്ലാ സംരംഭങ്ങള്‍ക്കും പിന്തുണ തുടരുമെന്ന് ഇരുനേതാക്കളും വ്യക്തമാക്കി. ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ ഐക്യവും സംയുക്ത പ്രവര്‍ത്തനങ്ങളും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെയും അംഗരാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം വിപുലീകരിക്കുന്നതിന്റെയും ആവശ്യകതയും ഭരണാധികാരികള്‍ ചര്‍ച്ച ചെയ്തു.

കുവൈറ്റും യുഎഇയും തമ്മിലുള്ള ശക്തമായ സാഹോദര്യബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം വിപുലീകരിക്കുന്നതിനുമുള്ള പ്രതിബദ്ധതയും ഇരുരാജ്യങ്ങളും ആവര്‍ത്തിച്ചു. കുവൈറ്റ് കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹും പ്രധാനമന്ത്രി ഷെയ്ഖ് അഹ്‌മദ് അബ്ദുല്ല അല്‍ അഹ്‌മദ് അല്‍ സബാഹും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കൂടിക്കാഴ്ചയ്ക്ക് ശേഷം യുഎഇയിലേക്ക് മടങ്ങിയ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും പ്രതിനിധി സംഘത്തിനും കുവൈറ്റ് കിരീടാവകാശിയുടേയും പ്രധാനമന്ത്രിയുടേയും നേതൃത്വത്തില്‍ വിമാനത്താവളത്തിലെ യാത്രയയപ്പും നല്‍കി.

അതേസമയം കുവൈറ്റ്, ബഹ്‌റൈന്‍ രാജ്യങ്ങള്‍ക്കെതിരായ ഇറാന്റെ ആക്രമണത്തില്‍ അപലപിച്ച് യുഎഇ നേരത്തെ രംഗത്തെത്തിയിരുന്നു. ഇറാന്റെ ആക്രമണം ബഹ്‌റൈന്റെയും കുവൈറ്റിന്റെയും സ്ഥിരതയ്ക്കും സുരക്ഷയ്ക്കും മേലുള്ള ഭീഷണിയാണെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിറക്കി. ഈ ശത്രുതാപരമായ ആക്രമണങ്ങള്‍ ഇരുരാജ്യങ്ങളുടെയും പരമാധികാരത്തിന് മേലുള്ള ലംഘനമാണെന്നും മന്ത്രാലയം വ്യക്തമാക്കി. രണ്ട് രാജ്യങ്ങള്‍ക്കും യുഎഇയുടെ ഐക്യദാര്‍ഢ്യം അറിയിക്കുന്നുവെന്നും മന്ത്രാലയം അറിയിച്ചു. രാജ്യങ്ങളുടെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ നല്‍കുമെന്നും യുഎഇ വ്യക്തമാക്കി.

അതേസമയം വ്യോമാതിര്‍ത്തി ലക്ഷ്യമാക്കി എത്തിയ ആക്രമണശ്രമത്തെ പ്രതിരോധിച്ചതായി കുവൈറ്റ് സൈന്യം വ്യക്തമാക്കിയിരുന്നു. ഇന്ന് പുലര്‍ച്ചെ കുവൈറ്റ് വ്യോമാതിര്‍ത്തി ലക്ഷ്യമാക്കി എത്തിയ ഒരു ക്രൂയിസ് മിസൈല്‍, മൂന്ന് ബാലിസ്റ്റിക് മിസൈലുകള്‍, പത്ത് ഡ്രോണുകള്‍ എന്നിവ വിജയകരമായി പ്രതിരോധിച്ചതായി കുവൈറ്റ് പ്രതിരോധ മന്ത്രാലയ വക്താവും ബ്രിഗേഡിയര്‍ ജനറലുമായ സൗദ് അല്‍ ഒതൈബി അറിയിച്ചിരുന്നു.

Content Highlights: UAE President Sheikh Mohamed bin Zayed Al Nahyan arrived in Kuwait for a brief visit and held a meeting with Kuwait Emir Sheikh Meshal Al Ahmad Al Jaber Al Sabah

dot image
To advertise here,contact us
dot image