നവകേരള യാത്രയിലെ 'രക്ഷാപ്രവര്‍ത്തന'ക്കേസ് അട്ടിമറി; എം ആര്‍ അജിത് കുമാറിനോട് വിശദീകരണം തേടാന്‍ ഡിജിപി

ഡിജിപിയുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ അജിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യാനാണ് ആഭ്യന്തര വകുപ്പിന്റെ നീക്കം

നവകേരള യാത്രയിലെ 'രക്ഷാപ്രവര്‍ത്തന'ക്കേസ് അട്ടിമറി; എം ആര്‍ അജിത് കുമാറിനോട് വിശദീകരണം തേടാന്‍ ഡിജിപി
dot image

തിരുവനന്തപുരം: നവ കേരള യാത്രയിലെ ഗണ്‍മാന്‍മാരുടെ മര്‍ദ്ദന കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന എസ്‌ഐടി കണ്ടെത്തലില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനോട് വിശദീകരണം തേടാനൊരുങ്ങി ഡിജിപി. എസ്‌ഐടി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിശദീകരണം തേടുന്നത്. എം ആര്‍ അജിത് കുമാറിന്റെ വിശദീകരണം ലഭിച്ചതിനു ശേഷം റിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രിക്ക് കൈമാറും. എം ആര്‍ അജിത് കുമാറിന് എതിരെ നടപടിക്ക് ഡിജിപി ശുപാര്‍ശ ചെയ്യുമെന്നും വിവരമുണ്ട്. ഡിജിപിയുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ അജിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യാനാണ് ആഭ്യന്തര വകുപ്പിന്റെ നീക്കം.

ആലപ്പുഴയില്‍ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അടക്കമുള്ളവരുടെ മര്‍ദ്ദനക്കേസില്‍ അട്ടിമറി സ്ഥിരീകരിച്ച് പ്രത്യേക അന്വേഷണ സംഘം ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആദ്യ ഘട്ടത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് തിരുത്തിയെന്നാണ് എസ്ഐടി കണ്ടെത്തിയത്. തെളിവില്ലന്ന് വരുത്തി പ്രതികളെ രക്ഷിക്കാന്‍ ശ്രമം നടന്നെന്നും എസ്ഐടിയുടെ കണ്ടെത്തലില്‍ ഉണ്ടായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴിയടക്കം രേഖപ്പെടുത്തിയായിരുന്നു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്. എഡിജിപി അജിത് കുമാര്‍ പറഞ്ഞിട്ടാണ് തിരുത്തല്‍ നടത്തിയതെന്നാണ് എസ്ഐടി റിപ്പോര്‍ട്ടില്‍ പറയുന്നത്. അജിത് കുമാറിനെതിരെ മുന്‍ അന്വേഷണ സംഘത്തിന്റെ മൊഴി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അജിത് കുമാര്‍ തങ്ങളെ എഡിജിപി ഓഫീസിലേക്ക് വിളിച്ചു വരുത്തിയെന്നാണ് ഉദ്യോഗസ്ഥരുടെ മൊഴി. റിപ്പോര്‍ട്ട് തിരുത്താന്‍ നിര്‍ദേശിച്ചെന്നും മൊഴിയുണ്ട്.

ചൂരല്‍മല ഉരുള്‍പൊട്ടല്‍ കഴിഞ്ഞ് നില്‍ക്കുന്ന സമയത്താണ് അജിത് കുമാര്‍ വിളിപ്പിച്ചതെന്നും ഓഗസ്റ്റ് 12,13,14,15 തീയതികളിലായി പൊലീസ് ക്ലബില്‍ താമസിപ്പിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് തിരുത്താന്‍ ആവശ്യപ്പെട്ടതെന്നുമാണ് വിവരം. ദുരന്തം കഴിഞ്ഞ സമയമായതിനാല്‍ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ലഭിക്കില്ലെന്നും ആരും അറിയില്ലെന്നും അജിത് കുമാര്‍ പറഞ്ഞതായും മൊഴിയുണ്ട്. എം ആര്‍ അജിത് കുമാര്‍ മോശമായി പെരുമാറിയെന്നും ഒരു എസ്ഐ മൊഴി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് തനിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായെന്നും അദ്ദേഹം മൊഴി നല്‍കി. ഇത് തെളിയിക്കാനുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടും എസ്ഐ സമര്‍പ്പിച്ചിരുന്നു.

Content Highlights: The DGP is preparing to seek an explanation from ADGP M R Ajith Kumar following the SIT's findings in the Nava Kerala Yatra gunmen case. Based on his response, a report will be forwarded to the Home Minister, with further administrative action likely to be considered.

dot image
To advertise here,contact us
dot image