

വേനലവധിക്കാലത്ത് ദീര്‍ഘയാത്രയ്ക്ക് പോകുന്നവര്‍ക്ക് മുന്നറിയിപ്പുമായി ദുബായ് മുനിസിപ്പാലിറ്റി. വാഹനങ്ങള്‍ പൊതു സ്ഥലങ്ങളില്‍ അശ്രദ്ധമായി പാര്‍ക്ക് ചെയ്ത് ഉപേക്ഷിക്കരുതെന്ന് ദുബായ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നല്‍കി. ദീര്‍ഘ നാളുകളായി പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെടുന്ന വാഹനങ്ങള്‍ക്ക് 500 ദിര്‍ഹം പിഴ ചുമത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
യാത്രകള്‍ പോകുന്നതിന് മുന്‍പ് വാഹനങ്ങള്‍ സംരക്ഷിക്കുന്നതിന് അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് മുനിസിപ്പാലിറ്റി പറഞ്ഞു. വാഹനം വൃത്തിയാക്കി അനുയോജ്യമായ പാര്‍ക്കിങ് സ്ഥലത്ത് തന്നെ പാര്‍ക്ക് ചെയ്യുക, വിജനമായ സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യാതിരിക്കുക, വാഹനത്തിന്റെ സ്ഥിരമായ അറ്റകുറ്റ പണികള്‍ ചെയ്യുക, വാര്‍ഷിക ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക, സംരക്ഷണ കവറുകള്‍ ഉപയോഗിക്കുകയും പാര്‍ക്കിങ് ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുള്ള സ്ഥലങ്ങളില്‍ മാത്രം വാഹനം പാര്‍ക്കുചെയ്യുക എന്നുമാണ് മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചത്.
വൃത്തിയാക്കാതെ വാഹനങ്ങള്‍ ഉപേക്ഷിക്കുന്നത് ദുബായിലെ നഗര ഭംഗിയെയും ശുചിത്വത്തെയും പ്രതികൂലമായി ബാധിക്കുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. അതിനാല്‍ ഇത് സംരക്ഷിക്കുന്നതിനായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു. റോഡുകള്‍, പൊതു കാര്‍ പാര്‍ക്കുകള്‍, തുറന്ന മണല്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ കണ്ടെത്തി നീക്കം ചെയ്യുന്നതിനായി വര്‍ഷം മുഴുവനും പരിശോധനാ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.
ഇത്തരത്തില്‍ ലഭിക്കുന്ന വാഹനങ്ങള്‍, അതിന്റെ സ്ഥിതിയും സ്ഥലവും അനുസരിച്ച് ആദ്യം രേഖപ്പെടുത്തുകയും പിന്നീട് മൂന്ന് മുതല്‍ പതിനഞ്ച് ദിവസം വരെ മുന്നറിയിപ്പ് നല്‍കുകയും ചെയ്യും. റോഡ് ഗതാഗത അതോറിറ്റിയുടെ സഹായത്തോടെ വാഹനങ്ങളുടെ ഉടമയെ കണ്ടെത്തുകയും അവര്‍ക്ക് സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്യുമെന്നും അറിയിച്ചു. മുന്നറിയിപ്പ് നല്‍കിയിട്ടും ആരും വരാത്ത സാഹചര്യത്തില്‍ വാഹനങ്ങള്‍ അല്‍ അവിറിലെ വാഹനങ്ങള്‍ കണ്ടുകെട്ടിവെയ്ക്കുന്ന ഇടങ്ങളില്‍ കൊണ്ട് പോകുകയും ചെയ്യും.
500 ദിര്‍ഹം വാഹന ഉടമയ്ക്ക് പിഴയായി ചുമത്തുമെന്നും അധികൃതര്‍ അറിയിച്ചു. മറ്റ് അധികമായി വരുന്ന ചാര്‍ജുകളും പിഴയായി ചുമത്തുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
വാഹനങ്ങള്‍ സംരക്ഷിക്കുന്നതിനും പിഴ ഒഴിവാക്കുന്നതിനും നഗര ശുചിത്വവും സൗന്ദര്യവും നിലനിര്‍ത്താനും മുനിസിപ്പാലിറ്റികള്‍ പുറപ്പെടുവിച്ച കാര്യങ്ങള്‍ പാലിക്കണമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.
കൂടാതെ അവധിക്കാലത്ത് വീടുകളിലെ നീന്തല്‍ക്കുളങ്ങള്‍ ഉപയോഗിക്കുന്നതിലും മുനിസിപ്പാലിറ്റി സുരക്ഷാ അറിയിപ്പ് നല്‍കി. നീന്തല്‍ക്കുളങ്ങളില്‍ നീന്തുമ്പോള്‍ കുട്ടികളുടെ ശ്രദ്ധ തിരിക്കുന്ന തരത്തില്‍ മൊബൈല്‍ ഫോണുകള്‍ നല്‍കരുതെന്നും കുട്ടികളെ എല്ലായിപ്പോഴും നിരീക്ഷിക്കണമെന്നും അറിയിച്ചു. ഇത് കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ആണെന്നും വ്യക്തമാക്കി.
Content Highlight: Dubai authorities have warned motorists against abandoning vehicles, with violators facing a fine of AED 500 under municipal regulations