

കുവൈറ്റില്‍ തുറസ്സായ സ്ഥലങ്ങളിലെ ജോലി സമയത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ജൂണ്‍ ഒന്ന് മുതല്‍ ഓഗസ്റ്റ് 31 വരെ മൂന്ന് മാസത്തേക്കാണ് നിയന്ത്രണം. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. രാവിലെ 11 മണി മുതല്‍ വൈകിട്ട് 4 മണി വരെയാണ് തുറസ്സായ സ്ഥലങ്ങളിലെ ജോലികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
കടുത്ത ചൂടില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കാനും ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കാനുമാണ് നിയന്ത്രണമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ വ്യക്തമാക്കി. കാലാവസ്ഥാ സാഹചര്യങ്ങള്‍ അനുസരിച്ച് ഈ നിയന്ത്രണത്തിന്റെ സമയക്രമത്തില്‍ മാറ്റം വരുത്തുമെന്നും അതോറിറ്റി ഡയറക്ടര്‍ ജനറല്‍ റബാബ് അല്‍ ഒസൈമി പറഞ്ഞു. പൊടിക്കാറ്റ്, അതിശക്തമായ ചൂട്, ഉയര്‍ന്ന ഈര്‍പ്പം, പ്രകൃതിദുരന്തങ്ങള്‍ തുടങ്ങിയ അപകടകരമായ സാഹചര്യങ്ങളിലും നിയന്ത്രണം നടപ്പാക്കാവുന്നതാണെന്നും അതോറിറ്റി വ്യക്തമാക്കി.
എന്നാല്‍ അടിയന്തരമായി മാറ്റിവെക്കാനാകാത്ത ജോലികള്‍ക്ക് പ്രത്യേക അനുമതിയോടെ ഇളവ് നൽകും. ഇതിനായി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ലേബര്‍ ഇന്‍സ്‌പെക്ഷന്‍ വകുപ്പിന്റെ മുന്‍കൂര്‍ അനുമതി നേടണം. എന്നാല്‍ ഈ സമയങ്ങളില്‍ തൊഴിലുടമകള്‍ തൊഴിലാളികള്‍ക്ക് തണുത്ത കുടിവെള്ളം, തണലുള്ള വിശ്രമസ്ഥലം, പ്രാഥമിക ശുശ്രൂഷാ സൗകര്യം, ആവശ്യമായ വിശ്രമസമയം എന്നിവ ഒരുക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Content Highlights: Kuwait has announced revised working hours for employees engaged in outdoor jobs to protect workers from extreme summer temperatures. The regulation, which limits work during peak daytime heat, will be implemented for a three-month period.