

കുവൈറ്റില്‍ ബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. മെയ് 26 ചൊവ്വാഴ്ച മുതല്‍ മെയ് 31വരെ 6 ദിവസങ്ങളില്‍ ആയിരിക്കും അവധി. അവധിക്ക് ശേഷം ജൂണ്‍ ഒന്ന് മുതല്‍ രാജ്യത്തെ എല്ലാ സര്‍ക്കാര്‍ കാര്യാലയങ്ങളും പൊതു മേഖല സ്ഥാപനങ്ങളും പ്രവര്‍ത്തനം പുനരാരംഭിക്കും. ഇന്ന് ചേര്‍ന്ന മന്ത്രി സഭാ യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്.
നേരത്തെ ബഹ്റൈനിലും യുഎഇയിലും ബലിപെരുന്നാൾ അവധി ദിവസങ്ങൾ പ്രഖ്യാപിച്ചിരുന്നു. ബഹ്‌റൈനില്‍ ബലിപെരുന്നാള്‍ അവധികള്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ആണ് പ്രഖ്യാപിച്ചത്. അറഫ ദിനം, ബലിപെരുന്നാള്‍ ദിവസം, അതിന് പിന്നാലെയുള്ള രണ്ട് ദിവസങ്ങള്‍ ഉള്‍പ്പെടെ മേയ് 26 മുതല്‍ 29 വരെ, ചൊവ്വ മുതല്‍ വെള്ളി വരെ രാജ്യത്തെ മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധിയായിരിക്കും. അവധി ദിവസങ്ങളില്‍ വെള്ളിയാഴ്ച ഉള്‍പ്പെടുന്നതിനാല്‍ അതിന് പകരമായി മേയ് 31 ഞായറാഴ്ച അധിക അവധി നല്‍കുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം യുഎഇയില്‍ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കുള്ള ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചിരുന്നു. നാല് ദിവസമാണ് ഔദ്യോഗിക അവധിയെങ്കിലും വാരാന്ത്യങ്ങള്‍ കൂടി ഉള്‍പ്പെടുമ്പോള്‍ ആറ് ദിവസത്തെ അവധി ലഭിക്കും. ബലി പെരുന്നാള്‍ ആഘോഷങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകളും പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആരംഭിച്ചുകഴിഞ്ഞു.
അറഫാ ദിനത്തോടും ബലിപെരുന്നാളിനോടും അനുബന്ധിച്ച് നാല് ദിവസത്തെ അവധിയാണ് സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് മാനവശേഷി സ്വദേശിവത്കരണ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം 26 ചൊവ്വാഴ്ച മുതല്‍ 29 വെള്ളിയാഴ്ച വരെയാണ് ശമ്പളത്തോടുകൂടിയ അവധി. ശനി, ഞായര്‍ ദിവസങ്ങളിലെ വാരാന്ത്യങ്ങള്‍ കൂടി ചേരുമ്പോള്‍ നാല് ദിവസത്തെ അവധി ലഭിച്ചു. അവധിക്ക് ശേഷം തിങ്കളാഴ്ച മുതല്‍ ഓഫീസുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുമെന്ന് മാനവ വിഭവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു.
ഫെഡറല്‍ സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ക്കുള്ള അവധി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജൂണ്‍ ഒന്നിനായിരിക്കും സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുക. പൊതു അവധി ദിവസങ്ങളില്‍ ജോലി ചെയ്യേണ്ടി വരുന്ന ജീവനക്കാര്‍ക്ക് നിയമപ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്കും നഷ്ടപരിഹാരത്തിനും അര്‍ഹതയുണ്ടായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസം 27നാണ് ബലി പെരുന്നാള്‍ തലേ ദിവസമായ 26ന് അറഫാ സംഗമവും നടക്കും.
വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നലെ മാസപ്പിറവി കണ്ടതിനെ പിന്നാലെയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. പെരുന്നാള്‍ അവധി പ്രഖ്യാപിച്ചതിന് പിന്നാലെ നാട്ടിലേക്ക് പോകാന്‍ തയ്യാറെടുക്കുകയാണ് വലിയൊരു വിഭാഗം പ്രവാസികള്‍. കുടുംബവുമൊത്ത് മറ്റ് വിദേശരാജ്യങ്ങളിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവരും നിരവധിയാണ്. സന്ദര്‍ശകരെ സ്വീകരിക്കാന്‍ യുഎഇയിലെ ഹോട്ടലുകളും ഒരുങ്ങിക്കഴിഞ്ഞു. സ്‌റ്റേക്കേഷന് ഉള്‍പ്പെടെ ആകര്‍ഷകമായ ഉള്‍പ്പെടെ ആകര്‍ഷകമായ ഓഫറുകളാണ് വിവിധ ഹോട്ടലുകളും റിസോര്‍ട്ടുകളും ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്.
Content Highlights: Kuwait authorities have declared a six-day public holiday for Eid al-Adha. Government departments and public sector institutions will remain closed during the festive break.