

കുവൈറ്റില്‍ ചെറിയ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് വിലക്ക്. ആളുകള്‍ ഒത്തുചേരാനും ആഘോഷങ്ങള്‍ സംഘടിപ്പിക്കാനും പാടില്ലെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സംഗീത - സാംസ്‌കാരിക പരിപാടികള്‍ക്കും വിവാഹ പാര്‍ട്ടികള്‍ക്കും വിലക്ക് ബാധകമാണ്. ഇറാനില്‍ നിന്നുള്ള മിസൈല്‍ - ഡ്രോണ്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ണായക തീരുമാനം. ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ രാജ്യത്തെ ആഘോഷങ്ങള്‍ക്കും ഒത്തുചേരലിനുമാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.
ചെറിയപെരുന്നാള്‍ ആഘോഷങ്ങളെയും നിയന്ത്രണം ബാധിക്കും. രാജ്യത്തെ സംഗീത - സാംസ്‌കാരിക പരിപാടികള്‍ക്കും വിവാഹ പാര്‍ട്ടികള്‍ക്കും വിലക്ക് ബാധകമാണ്. പൊതുജനങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കുവൈറ്റ് ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശിച്ചു. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാന്‍ പൊതുജനങ്ങള്‍ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശിച്ചു. അതേസമയം ഇറാന്റെ ആക്രമണങ്ങള്‍ക്കെതിരെ അതിശക്തമായ പ്രതിരോധമാണ് കുവൈറ്റും സ്വീകരിക്കുന്നത്. കുവൈറ്റിന് നേരെ ഇന്നും ഇറാന്റെ ആക്രണമുണ്ടായി. ആക്രമണത്തില്‍ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി. മംഗഫ് മേഖലയില്‍ താമസ കെട്ടിടത്തില്‍ ഉണ്ടായ തീപിടിത്തം അണച്ചതായും ജനറല്‍ ഫയര്‍ ഫോഴ്‌സ് ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
Content Highlights: Kuwait authorities have banned public gatherings and celebrations for Eid al Fitr, urging residents to avoid crowds.