സ്കൂൾ വിദ്യാർത്ഥികളുടെ ഹാജർ പരിശോധിക്കാൻ ഡിജിറ്റൽ സംവിധാനം; പദ്ധതിയുമായി കുവൈത്ത്

കുട്ടികള്‍ കൃത്യമായി ക്ലാസില്‍ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് അത്യാധുനിക ഡിജിറ്റല്‍ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്

സ്കൂൾ വിദ്യാർത്ഥികളുടെ ഹാജർ പരിശോധിക്കാൻ ഡിജിറ്റൽ സംവിധാനം; പദ്ധതിയുമായി കുവൈത്ത്
dot image

കുവൈത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഹാജര്‍ നില നിരീക്ഷിക്കുന്നതിനും അനാവശ്യ അവധികള്‍ നിയന്ത്രിക്കുന്നതിനും പുതിയ ഡിജിറ്റല്‍ സംവിധാനവുമായി വിദ്യാഭ്യാസ മന്ത്രാലയം. വരും ദിവസങ്ങളില്‍ രാജ്യത്തെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും നിരീക്ഷണ സംവിധാനം പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനസജ്ജമാക്കാനാണ് തീരുമാനം. കുവൈത്തിലെ വിദ്യാഭ്യാസ മേഖയില്‍ നടത്തിവരുന്ന പരിഷ്‌ക്കാരങ്ങളുടെ തുടര്‍ച്ചയായാണ് പുതിയ നടപടി.

കുട്ടികള്‍ കൃത്യമായി ക്ലാസില്‍ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് അത്യാധുനിക ഡിജിറ്റല്‍ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി കുട്ടികളുടെ ഹാജര്‍ കൃത്യമായി നിരീക്ഷിക്കും. ഹാജര്‍ വിവരങ്ങള്‍ മന്ത്രാലയത്തിന്റെ സെന്‍ട്രല്‍ സിസ്റ്റവുമായി നേരിട്ട് ബന്ധിപ്പിച്ചുകൊണ്ടാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. ഇതോടെ കുട്ടികള്‍ സ്‌കൂളില്‍ വരാതിരുന്നാല്‍ അത് ഉടനടി അധികൃതരുടെ ശ്രദ്ധയില്‍പ്പെടും. കൃത്യമായ കാരണങ്ങളില്ലാതെ വിട്ടുനില്‍ക്കുന്നവര്‍ക്കെതിരെയും നിയമങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം.

രക്ഷിതാക്കള്‍ക്ക് കുട്ടികളുടെ സ്‌കൂളിലെ സാന്നിധ്യം സംബന്ധിച്ച വിവരങ്ങള്‍ തത്സമയം ലഭ്യമാക്കാനുള്ള സംവിധാനങ്ങളും പദ്ധതിയുടെ ഭാഗമായി ഒരുക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടുള്ള താല്‍പര്യം വര്‍ദ്ധിപ്പിക്കാനും സ്‌കൂള്‍ സമയങ്ങളില്‍ പുറത്തിറങ്ങി നടക്കുന്നത് തടയാനും പുതിയ ഡിജിറ്റല്‍ ട്രാക്കിംഗ് സംവിധാനം സഹായിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിരീക്ഷണമുള്ളതിനാല്‍ അധ്യാപകര്‍ക്കും സ്‌കൂള്‍ മാനേജ്മെന്റിനും കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്തം ഉണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നു.

കുട്ടികള്‍ ക്ലാസുകളില്‍ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിലൂടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താനും അച്ചടക്കം കര്‍ശനമാക്കാനും കഴിയുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വിദ്യാഭ്യാസ മേഖലയില്‍ നടപ്പിലാക്കുന്ന വിവിധ പരിഷ്‌ക്കരണ നടപടികളുടെ ഭാഗമായി അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും സ്മാര്‍ട്ട്ഫോണുകള്‍ ഉപയോഗിച്ച് ഹാജര്‍ രേഖപ്പെടുത്താന്‍ കഴിയുന്ന മാബൈല്‍ ആപ്ലിക്കേഷനും കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയിരുന്നു.

Content Highlights: Kuwait's Ministry of Education has launched a digital system to check school students' attendance, aiming to enhance efficiency and accuracy. The system uses a smartphone-based fingerprint attendance system, allowing teachers to record attendance digitally.

dot image
To advertise here,contact us
dot image