

സർക്കാർ ആശുപത്രിയിൽ നിന്ന് വിലപിടിപ്പുള്ള മരുന്നുകൾ മോഷ്ടിച്ച് വിറ്റ ഈജിപ്ഷ്യൻ ഫാർമസിസ്റ്റിന് കുവൈത്ത് അപ്പീൽ കോടതി കഠിനശിക്ഷ വിധിച്ചു. പൊതുമുതൽ ദുരുപയോഗം ചെയ്തതിനും രേഖകളിൽ കൃത്രിമം കാണിച്ചതിനും ഏഴ് വർഷം തടവും കനത്ത പിഴയുമാണ് ശിക്ഷ.
വളർച്ചാ ഹോർമോണുകൾ, മാനസികരോഗത്തിനുള്ള മരുന്നുകൾ തുടങ്ങിയ വിലകൂടിയ മരുന്നുകളാണ് ഇയാൾ വ്യാജ കുറിപ്പടികൾ നിർമിച്ച് തട്ടിയെടുത്തിരുന്നത്. ഇങ്ങനെ കൈക്കലാക്കുന്ന മരുന്നുകൾ ഇയാൾ പുറത്ത് മറിച്ചുവിറ്റ് പണമുണ്ടാക്കുകയായിരുന്നു. ആശുപത്രിയിൽ നടത്തിയ ഓഡിറ്റിൽ 14,000 കുവൈത്തി ദിനാറിന്റെ (ഏകദേശം 38 ലക്ഷം രൂപ) മരുന്നുകളുടെ കുറവ് കണ്ടെത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്.
തടവ് ശിക്ഷയ്ക്ക് പുറമെ കടുത്ത സാമ്പത്തിക പ്രത്യാഘാതങ്ങളും ഇയാൾ നേരിടേണ്ടി വരും. ഏഴ് വർഷം കഠിന തടവാണ് ശിക്ഷയായി ലഭിച്ചിരിക്കുന്നത്. ഇതിന് പുറമെ തട്ടിയെടുത്ത തുകയുടെ ഇരട്ടിയായ 28,000 ദിനാർ (ഏകദേശം 76 ലക്ഷം രൂപ) പിഴയൊടുക്കണം. ഇയാളെ ജോലിയിൽ നിന്ന് ഉടനടി പിരിച്ചുവിട്ടു. ശിക്ഷാ കാലാവധി പൂർത്തിയായാൽ ഇയാളെ ഉടൻ തന്നെ കുവൈത്തിൽ നിന്ന് നാടുകടത്തും.
Content Highlights: A Kuwait court sentenced an expatriate pharmacist to 7 years in prison and a fine of 28,000 Kuwaiti Dinars for stealing and selling medicines from a government hospital. The court also ordered the pharmacist's dismissal from public service