ഇത്രയും വെറുപ്പോടെ സിനിമ ചെയ്യാമെങ്കിൽ ഭാവിയിൽ അവർക്ക് നമ്മളെ എന്തൊക്കെ ചെയ്യാൻ പറ്റും; വേടൻ

'പ്രകൃതി നമ്മളെ ഒരുപാട് തവണ പരീക്ഷിച്ചപ്പോഴും നമ്മൾ ഒരുമിച്ച് നിന്നു. അന്നൊന്നും നമ്മൾ ഇതൊന്നും കണ്ടില്ല. നമ്മൾ സമാധാനപരമായി ജീവിക്കാൻ നോക്കുമ്പോൾ ഇവന്മാർ ചെയ്യുന്ന പണികണ്ടോ'

ഇത്രയും വെറുപ്പോടെ സിനിമ ചെയ്യാമെങ്കിൽ ഭാവിയിൽ അവർക്ക് നമ്മളെ എന്തൊക്കെ ചെയ്യാൻ പറ്റും; വേടൻ
dot image

വസ്തുതാവിരുദ്ധമായ കണക്കുകളും വിദ്വേഷപ്രചരണവും നടത്തുന്നു എന്ന കുപ്രസിദ്ധി നേടിയ കേരള സ്റ്റോറി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനെതിരെ റാപ്പർ വേടൻ. ഇത്രയും വെറുപ്പോട് കൂടി ഒരു സിനിമ ചെയ്യാൻ പറ്റുന്നുണ്ടെങ്കിൽ അവർക്ക് നമ്മളെ എന്തൊക്കെ ചെയ്യാൻ പറ്റുമെന്ന് വേടൻ ചോദിച്ചു. ഒരുപാട് വർഷമായിട്ട് ഒന്നായിട്ട് എല്ലാ പ്രശ്നങ്ങളെയും മാറ്റി നിർത്തി രക്ഷപ്പട്ട് കൊണ്ടിരിക്കുകയാണ് നമ്മൾ എന്നും വേടൻ പറഞ്ഞു.

'ഇത്രയും വെറുപ്പോട് കൂടി ഒരു സിനിമ ചെയ്യാൻ പറ്റുന്നുണ്ടെങ്കിൽ, ഇത്രയും ദേഷ്യം നമ്മളോട് നമ്മളോട് കാണിക്കാൻ പറ്റുന്നുണ്ടെങ്കിൽ, ഭാവിയിൽ അവർക്ക് നമ്മുടെ ദേഹത്ത് എന്തൊക്കെ ചെയ്യാൻ പറ്റും. എനിക്കിത് പറയാതെ ഇരിക്കാം. വേണമെങ്കിൽ പാട്ടുംപാടി കാശുംവാങ്ങി വീട്ടിൽപോകാം. അപ്പോളെനിക്ക് കൂടുതൽ അപകടങ്ങളിൽ നിന്ന് രക്ഷപ്പെടാൻ പറ്റും. എന്നെകൊണ്ട് അത് ചെയ്യാൻ പറ്റാത്തത് നിങ്ങളെല്ലാവരും എൻ്റെ സഹമനുഷ്യരാണെന്ന് കാണാൻ പറ്റുന്നകൊണ്ടും നിങ്ങൾക്കത് കാണാൻ പറ്റുന്നകൊണ്ടുമാണ്. അത് കൊണ്ടാണ് ഞാൻ ഇവിടെ വന്ന് പെർഫോം ചെയ്യുന്നത്. നമ്മൾ ഒരുപാട് വർഷമായിട്ട് ഒന്നായിട്ട് എല്ലാ പ്രശ്നങ്ങളെയും മാറ്റി നിർത്തി രക്ഷപ്പട്ട് കൊണ്ടിരിക്കുകയാണ്. പ്രകൃതി നമ്മളെ ഒരുപാട് തവണ പരീക്ഷിച്ചപ്പോഴും നമ്മൾ ഒരുമിച്ച് നിന്നു. അന്നൊന്നും നമ്മൾ ഇതൊന്നും കണ്ടില്ല. നമ്മൾ സമാധാനപരമായി ജീവിക്കാൻ നോക്കുമ്പോൾ ഇവന്മാർ ചെയ്യുന്ന പണികണ്ടോ', വേടന്റെ വാക്കുകൾ.

അതേസമയം, കേരള സ്റ്റോറി 2വിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ ഹർജി നല്‍കിയിട്ടുണ്ട്. കണ്ണൂർ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹർജി നൽകിയിരിക്കുന്നത്. ഹർജിയിൽ സെൻസർ ബോർഡിന് ഹൈക്കോടതി നോട്ടീസ് നൽകി. നിർമാതാക്കളായ സൺഷൈൻ പിക്ചേഴ്സും മറുപടി നൽകണം. ഹർജി ഹൈക്കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

2023 ൽ പുറത്തിറങ്ങിയ കേരള സ്റ്റോറിയുടെ ഒന്നാം ഭാഗം വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ട്രെയ്ലർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ചിത്രത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരും വിമർശനവുമായി രംഗത്തുണ്ട്.

kerala story

കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും നമ്മുടെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ട് നിർമ്മിക്കപ്പെട്ട കേരളാ സ്റ്റോറി എന്ന ചിത്രത്തിന്റെ രണ്ടാംഭാഗം പുറത്തിറങ്ങുന്നു എന്ന വാർത്ത ഗൗരവത്തോടെ കാണേണ്ടതാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. 'ബീഫ്' എന്ന പേരിട്ടത് കൊണ്ട് ചലച്ചിത്ര മേളയിലെ ഒരു ചിത്രത്തിന് പ്രദർശനാനുമതി പോലും നിഷേധിച്ച കാലത്ത് സമൂഹത്തിൽ ഭിന്നതയും വിദ്വേഷവും പടർത്തുക എന്ന ലക്ഷ്യത്തിൽ ഉൽപ്പാദിപ്പിക്കുന്ന വിഷസൃഷ്ടികൾക്ക് പ്രദർശനാനുമതി ലഭിക്കുന്നത് ആശ്ചര്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlights: Rapper Vedan talks about the hate spread by kerala story 2

dot image
To advertise here,contact us
dot image